
കാസർകോട്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
മലപ്പുറത്ത് സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം വണ്ടൂര്‍ അമ്പലപടി പുല്ലൂര്‍ വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. മമ്പാട് ഭാഗത്തുനിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കല്‍ എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.40-ഓടെ ആയിരുന്നു അപകടം.
വടപുറം പട്ടിക്കാട് സംസ്ഥാന പാതയിലെ പൂല്ലൂര്‍ വളവിലായിരുന്നു അപകടം. റോഡിനോട് ചേര്‍ന്ന കെട്ടുങ്ങള്‍ ബാലകൃഷ്ണന്റെ വീടിന്റെ മതില്, ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. വീടിനോട് തൊട്ട് ചേര്‍ന്നാണ് ബസ് ഇടിച്ചുനിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
ബസിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ചില്ലുതകര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. കഴിഞ്ഞയാഴ്ച തടിയുമായി പോയ ഒരു ലോറി ഇവിടെ അപകടത്തില്‍ പെട്ടിരുന്നു. അപകടങ്ങള്‍ തുടര്‍ കഥയായിട്ടും കാര്യമായ പരിഹാര നടപടികള്‍ ഇവിടെ ഇല്ലാത്തതാണ് അപകടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാവുന്നത്.