
കൊച്ചി: ഭൂമി പോക്ക് വരവ് നടത്തുന്നതിൽ കാലതാമസം ഉണ്ടായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃപ്പൂണിത്തുറ ഇടമ്പാട് സ്വദേശി വിനീത് ഇ വിയാണ് ജീവനൊടുക്കിയത്. കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. രണ്ടു ദിവസം മുമ്പ് ഭൂമി പോക്ക് വരവ് നടത്തുന്നതിന്റെ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസിലേയ്ക്ക് പോയ വിനീതിനെ കാണാതാകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുളവുകാട് നിന്നും മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ വിനീത് യുവമോർച്ച തൃപ്പുണിത്തുറ ഏരിയ മുൻ വൈസ് പ്രസിഡന്റായിരുന്നു. വിനീതിന്റെ വീട് ഉൾപ്പെടുന്ന നഗരസഭ 35-ാം ഡിവിഷൻ ഇടമ്പാട് ഭാഗത്ത് കൊച്ചി-മധുര ദേശീയപാതയ്ക്കായി ആദ്യം സ്ഥലം അടയാളപ്പെടുത്തിയിരുന്നു.
രണ്ട് മാസം മുൻപ് സമാനമായ രീതിയിൽ ഭൂമി തരം മാറ്റി ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. ഒരു വർഷം സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയിട്ടും നാല് സെന്റ് ഭൂമി തരം മാറ്റി ലഭിക്കാത്തതിനെ തുടർന്ന് സജീവൻ എന്ന മത്സ്യത്തൊഴിലാളിയാണ് അന്ന് ജീവനൊടുക്കിയത്. സജീവന്റെ മരണത്തിന് പിന്നാലെ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ഭൂമി തരം മാറ്റി നൽകാൻ റവന്യൂ മന്ത്രി ഉത്തരവിടുകയായിരുന്നു. ഒരു വർഷം കൊണ്ട് നടക്കാതിരുന്ന തരം മാറ്റൽ നടപടി സജിവന്റെ മരണത്തിന് പിന്നാലെ ഒറ്റ ദിവസം കൊണ്ടാണ് സാധ്യമായത്.
ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്ന് പൊതുജനങ്ങൾ നിരന്തരം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമെടുക്കാതെ മുന്നോട്ട് പോവുകയാണ് റവന്യൂ വകുപ്പ്. തുണ്ടു ഭൂമി പോക്കുവരവ് ചെയ്ത് കിട്ടാൻ ഓഫീസുകൾ നിരന്തരം കയറി ഇറങ്ങുകയാണെന്ന് പരാതിപ്പെട്ടിട്ടും സർക്കാർ സാധാരണക്കാർക്ക് നേരെ കണ്ണടയ്ക്കുകയാണ്.