INDIANEWSTop News

മോദി സർക്കാർ അധികാരത്തിൽ കയറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും നികുതി; എട്ട് വർഷത്തിനുള്ളിൽ വർധിച്ചത് പെട്രോളിന് 27.90 രൂപയും ഡീസലിന് 21.80 രൂപയും; കൂട്ടിയ നികുതിയുടെ അളവ് വെച്ച് നോക്കുമ്പോൾ കുറയ്ക്കുന്നത് വലിയ കുറവല്ല; വീണ്ടും സര്‍ക്കാര്‍ സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടുമ്പോള്‍

കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതോടെ ഇന്ധനവില കുറഞ്ഞിരിക്കുകയാണ്. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മോദി സർക്കാർ തട്ടിക്കൂട്ടുന്ന കാര്യമാണെന്നാണ് വലിയ ഒരു വിഭാഗത്തിന്റെ ശബ്ദം. അതിനെ ശെരിവെയ്ക്കുന്ന വസ്തുതകളും അവർ നിരത്തുന്നുണ്ട്.

2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9 രൂപ 48 പൈസയും ഡീസലിന് 3 രൂപ 56 പൈസയുമായിരുന്നു നികുതി. അത് എട്ട് വർഷത്തിനുള്ളിൽ പെട്രോളിന് 27 രൂപ 90 പൈസയും ഡീസലിന് 21.80 പൈസയുമായിട്ട് വർധിച്ചു. അതിൽ നിന്നും പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന് കിട്ടുന്ന വലിയ വരുമാനത്തിലെ ചെറിയ ഒരു കുറവ് മാത്രമേ ഇപ്പോഴത്തെ തീരുമാനത്തിൽ ഉണ്ടാകുന്നുള്ളു. പെട്രോളിന് ഇപ്പോൾ 120 രൂപയ്ക്ക് അടുത്താണ് വില. ഡീസലിന് 105 ന് അടുത്തുമാണ്. ഇത് ഇനിയും കൂടും എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ മറികടക്കാൻ നികുതി കുറയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

അപ്പോഴും നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ 8 വർഷത്തിനിടയിൽ കൂട്ടിയ നികുതിയുടെ അളവ് വെച്ച് പരിശോധിക്കുമ്പോൾ ഇത് വലിയ കുറവല്ല. 27 രൂപയായി വർദ്ധിച്ച നികുതിയിൽ 8 രൂപ മാത്രമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. സർക്കാരിന് കിട്ടുന്ന വരുമാനത്തിൽ ചെറിയ കുറവ് മാത്രമേ ഉണ്ടാകുന്നുള്ളു.

പാചക വാതക സിലിണ്ടറിന് 2020 മുതൽ സബ്സിഡി നൽകുന്നില്ല. ഇതിൽ നിന്ന് ഭീമമായ ലാഭമാണ് സർക്കാരിന് ലഭിക്കുന്നത്. ഏകദേശം എല്ലാ ജനങ്ങളും മുഴുവൻ പൈസയും നൽകി സിലിണ്ടർ വാങ്ങണം. ഇപ്പോൾ ഉജ്ജ്വല യോജന പദ്ധതി വഴി നൽകുന്ന സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത്തരമൊരു പ്രതിസന്ധി കട്ടത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേന്ദ്ര സർക്കാർ നടപടി ക്കപ്പുറത്ത് വലിയൊരു ആശ്വാസം എന്ന രീതിയിൽ ഈ നടപടിയെ വിലയിരുത്താനാവില്ല. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്.

വിലക്കയറ്റം ഇതേ രീതിയിൽ തുടരുമെന്നാണ് ആർ ബി ഐ യുടെ സമീപകാല റിപ്പോർട്ട്. ഇതേ തുടർന്ന് റിപ്പോ നിരക്ക് RBI കൂടിയിരുന്നു. രാജ്യം പ്രതീക്ഷിച്ച സാമ്പത്തിക വളർച്ചയിൽ എത്തില്ലെന്നാണ് IMS ന്റെ അടക്കം വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ ഈ തീരുമാനത്തിലൂടെ കേന്ദ്ര സർക്കാരിന് കഴിയുമോ എന്നത് സംശയമാണ്.

അതേസമയം കേന്ദ്ര സർക്കാർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് സംസ്ഥാന സർക്കാർ കുറച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ‘കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്’- മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളും കുറയ്ക്കാൻ തയ്യാറാകണമെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. ഇന്ധനത്തിന്‍റെ എക്സൈസ് തീരുവ കുറച്ച തീരുമാനം അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.

‘എല്ലാ സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ചും നേരത്തെ തീരുവ കുറയക്കാതിരുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ നികുതി കുറച്ച് സാധാരണക്കാർക്ക് ആശ്വാസമേകണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുന്നതായും മന്ത്രി അറിയിച്ചു. ഈ വർഷം ഒരു സിലിണ്ടറിന് 200 രൂപ വരെ സബ്സിഡി ലഭ്യമാക്കും. ഒരു വർഷം 12 സിലിണ്ടറുകൾക്ക് സബ്സിഡി ലഭ്യമാകും. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ അംഗങ്ങളായ ഒമ്പത് കോടി ഉപയോക്താക്കൾക്ക് ഈ സബ്സിഡി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്‍റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്രസർക്കാർ. ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 9 കോടിയിലധികം ഗുണഭോക്താക്കൾക്ക് ഈ വർഷം ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി നിർമല സീതാരാമൻ അറിയച്ചു. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ഞങ്ങൾ പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് ലിറ്ററിന് 6 രൂപയും കുറയ്ക്കുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും,” നിർമല സീതാരാമൻ ട്വിറ്ററിൽ പറഞ്ഞു. ഇത് കേന്ദ്ര സർക്കാരിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയോളം വരുമാനമുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതുമുതൽ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഉക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം കരകയറുന്നതും കണക്കിലെടുത്താണ് സീതാരാമൻ പ്രഖ്യാപനം നടത്തിയത്. ഈ രണ്ട് സംഭവങ്ങളും പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായെന്ന് അവർ പറഞ്ഞു.

അതിനാൽ, വെല്ലുവിളി നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ നിലനിർത്താൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ പറഞ്ഞു.

“ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, ഞങ്ങളുടെ ഭരണകാലത്തെ ശരാശരി പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് കുറവായിരുന്നു, ”സീതാരാമൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close