KERALANEWSTop News

`പമ്പയിൽ ഞങ്ങൾ ഒന്നിച്ച് ഇതേ വേഷത്തിൽ അയ്യപ്പൻമാരെ കൊണ്ടുപോയിട്ടുണ്ട്; എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തിൽ`; വിദ്വേഷ പോസ്റ്റുകൾക്കിടെ അഷ്റഫിൻ്റെ മുൻ സഹപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ ജോലി ചെയ്തുവെന്ന വ്യാജ പ്രചരണത്തിനെതിരെ ഡ്രെെവറുടെ മുൻ സഹപ്രവർത്തകൻ. ‘ഇതേ വേഷത്തിൽ വിവിധ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും തങ്ങൾ ഒരുമിച്ച് സർവീസ് നടത്തിയിട്ടുണ്ട്. മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങൾ താങ്കളെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു പരത്തുന്നു’ ഡ്രെെവർ പി എച്ച് അഷ്‌റഫിന്റെ മുൻ സഹപ്രവർത്തകൻ സൈജു ആദിനാട് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

”ഇത് എന്റെ കൂടെ ജോലി ചെയ്ത പി എച്ച് അഷ്‌റഫ്..ഒര് സാധു മനുഷ്യൻ….പമ്പയിൽ ഞങ്ങൾ ഒന്നിച്ചു ഇതേ വേഷത്തിൽ അയ്യപ്പൻ മാരെ കൊണ്ടുപോയിട്ടുണ്ട്… ചെട്ടികുളങ്ങര ഉത്സവ സ്പെഷ്യൽ സർവീസ് പോയിട്ടുണ്ട് ഇതേ വേഷത്തിൽ.. എടത്വ പള്ളി പെരുന്നാളിന് ഭക്തരെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തിൽ ബീമാ പള്ളിയിലേക്ക് വിശ്വാസികളെ കൊണ്ടുപോയിട്ടുണ്ട് ഇതേ വേഷത്തിൽ… അങ്ങയെ കുറിച്ച് മനുഷ്യനോട് സാമ്യമുള്ള ചില മൃഗങ്ങൾ എന്തൊക്കെയോ പറഞ്ഞു പരത്തുന്നു.. പ്രിയപ്പെട്ട അഷറഫ്… മാപ്പ്.”

മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ പി എച്ച് അഷറഫിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ കെഎസ്ആർടിസി അധികൃതർ തന്നെ മറുപടി നൽകിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണുണ്ടായതെന്ന് കെഎസ്ആർടിസി അധികൃതർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ഡ്രൈവർ മതവേഷം ധരിച്ച് ബസ് ഓടിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ, കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി എച്ച് അഷറഫ് മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കെഎസ്ആർടിസി കണ്ടെത്തി.

ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്ന് വ്യക്തമായതായി കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായതായി കെഎസ്ആർടിസി അധികൃതർ പ്രതികരിച്ചു. താടിയും തൊപ്പിയും കൂടി കണ്ടാണ് മതവേഷമെന്ന് തെറ്റിദ്ധരിച്ചത്. താടിയും തൊപ്പിയും വയ്ക്കുന്നതിൽ വിലക്കില്ലെന്ന് ഡ്രൈവർ പി എച്ച് അഷറഫും പറ‍‍‍ഞ്ഞു.

‘പുത്തൻ യൂണിഫോമിൽ അൽ ഖേരള കെഎസ്ആർടിസി’

പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള കെഎസ്ആർടിസി പുതിയ ലെവലിലേക്ക്! ഇനി വെച്ചടി കയറ്റം. സ്വിഫ്റ്റിലും വേണം ഈ സം​ഗതി.’ യൂണിഫോമില്ലാതെ മുസ്ലീമായ കെഎസ്ആർടിസി ഡ്രൈവർ താടിയും തൊപ്പിയും വെച്ച് ജൂബ്ബ ധരിച്ച് ബസ് ഓടിക്കുന്നു എന്ന നിലയിലായിരുന്നു ചിത്രം സഹിതം കഴിഞ്ഞ ദിവസം രാത്രി മുതൽ ചിത്രം പ്രചരിപ്പിച്ചത്. കേരളത്തിലെ മുസ്ലീങ്ങൾക്ക് യൂണിഫോം നിയമങ്ങൾ ബാധകമല്ലെന്ന നിലയിലാണ് സംഘപരിവാർ ​ഗ്രൂപ്പുകളിൽ ഈ ചിത്രത്തെ കുറിച്ച് ചർച്ചകൾ സജീവമാകുന്നതും.

ഫുൾക്കൈ ഷർട്ട് മടക്കി വെക്കാതെ മടിയിൽ ഒരു തോർത്ത് ഇട്ട് ഇരുന്ന ഡ്രൈവറെ കണ്ടാൽ ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്രവാദിയായി ചിത്രീകരിച്ച് പ്രചരണം നടന്നു എന്ന് മാത്രം!

അഷ്റഫ് തീവ്ര ചിന്തകളുള്ള ആളല്ലെന്ന് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കെഎസ്ആർടിസി ജീവനക്കാരായ സംഘപരിവാർ അനുകൂലികൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വാസ്തവ വിരുദ്ധമായ നിലയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് അവരും ആവശ്യപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close