
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി യുടെ വരുമാനം കവരുന്ന സമാന്തര സർവീസുകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേരളം ഹൈക്കോടതി. ഇത് സംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഈ മാസം 31 ന് കോടതിയെ അറിയിക്കണമെന്നും ഹെക്കോടതി ഉത്തരവിട്ടിട്ടു. പൊതുപ്രവർത്തകനായ N. രവീന്ദ്രൻ നൽകിയ പൊതു താൽപര്യ ഹർജിയിലാണ് ഹെക്കോടതി ജഡ്ജി മാരായ ദേവൻ രാമചന്ദ്രനും സോഫി തോമസും ഉത്തരവിട്ടത്.
തിരുവനന്തപുരം ജില്ലയിലാണ് സമാന്തര സർവീസുകൾ എറ്റവും കൂടുതലായുള്ളത്. വെള്ളറട,കാട്ടക്കട, നെയ്യാറ്റിൻകര,വിഴിഞ്ഞം, പോത്തൻകോട്, വെഞ്ഞാറുമൂട്, ആറ്റിങ്ങൾ, ചിറയിൻകീഴ്, വെമ്പായം, നെടുമങ്ങാട്, വിതുര, പാലോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയുടെ പ്രവർത്തനം കൂടുതലായുള്ളത്. മുൻപ് ഇവയെ നിയന്ത്രിക്കുന്നതിനായി കെഎസ്ആർടിസിയും മോട്ടോർ വാഹന വകുപ്പും കേരള പോലീസും സംയുക്തമായി 7 പരിശോധന സ്ക്വാഡ് രൂപികരിച്ചിരുന്നുവെങ്കിലും അവ കോവിഡിന്റെ മറവിൽ പിരിച്ച് വിട്ടിരുന്നു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ സർവീസുകൾക്കെതിരെ ഈ സ്ക്വാഡ് കർശനമായ നടപടികൾ സ്വീകരിച്ചിരുന്നത്. മുൻ ട്രാൻസ്പോർട്ട് സെക്രട്ടറി ഈ സ്ക്വാഡ് പുനരാരംഭിക്കാൻ ട്രാൻസ് പോർട്ട് കമ്മീഷണർക്ക് കത്ത് നൽകിയെങ്കിലും ഉന്നതതലത്തിലുളള രാഷ്ട്രീയ സമ്മർദ്ധം കാരണം സ്ക്വാഡ് ആരംഭിച്ചില്ല.
ദിവസവും സമാന്തര സർവീസുകൾ കെഎസ്ആർടിസി ബസുകൾക്ക് മുന്നിലായി ഓടുന്നത് മൂലം 45 ലക്ഷം രൂപയാണ് നഷ്ടപ്പെടുന്നത് എന്നാണ് കെഎസ്ആർടിസി യുടെ കണക്ക്. കെഎസ്ആർടിസി യൂണിറ്റ് അധികാരികൾ ജില്ലയിൽ നിയമ വിരുദ്ധമായി ഓടുന്ന സമാന്തര സർവീസുകൾക്കെതിരെയും സിറ്റിയിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് അധികാരികൾക്കും ട്രാൻസ് പോർട്ട് കമ്മീഷണർ മുതൽ ആർടിഒ മാർക്കും എൻഫോഴ്സ്മെന്റ് ഓഫീസർമാർക്കും നിരവധി തവണ കത്ത് നൽകിയെങ്കിലും ഇവരെ തൊടാൻ ആരും തയ്യാറാകില്ല എന്നതാണ് വാസ്തവം.
ഈ വാഹനങ്ങൾ പരിശോധിച്ചാൽ ഇവയ്ക്ക് പെർമിറ്റ്, ടാക്സ്, ഇൻഷ്വറൻസ് എന്നിവ കാണാറില്ല എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. നിയമ വിരുദ്ധ സർവീസുകൾ ആയതിനാൽ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷ്വറൻസ് പോലും ലഭിക്കാറില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും സാമുഹ്യ വിരുദ്ധൻമാരുമാണ് ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത്. ഇപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ട്രാൻസ് പോർട്ട് കമ്മീഷണർ എല്ലാ എൻഫോഴ്സ്മെന്റ് അധികാരികൾക്കും ആർടിഒ മാർക്കും നടപടികൾ സ്വീകരിക്കാൻ കത്ത് നൽകിയിട്ടുണ്ട്.
Ithu bus samarathinu alu ketti poya pic anu annu bus illathe nammale engane yathra cheyyum