KERALANEWSTop News

വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയ്ക്കും കുടുംബത്തിനും ഒളിവിൽ കഴിയാനുള്ള സഹായം കിട്ടിയത് ഈരാറ്റുപേട്ടയിൽ നിന്നെന്ന് സംശയം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു; കുട്ടിക്കും കുടുംബത്തിനുമായി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു വീട്. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള് ലക്ഷ്യമിട്ടതായി പൊലീസ് കോടതിയില്‍ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാൻഡ് റിപ്പോര‍്‍ട്ടില്‍ പറയുന്നു.

ബാബരി മസ്ജിദ്, ഗ്യാന്‍ വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. നിലവില്‍ മൂന്ന് പേരെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതി ചേർത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് കേസില്‍ രണ്ടാം പ്രതിയാണ്. ഇതിനിടെ പ്രതികൾക്കെതിരെ ബാലനീതിനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തെ കുട്ടിയെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി എന്നതാണ് കുറ്റം.

‘മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യം’

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ​ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാൻറ് റിപ്പോർട്ട് പറയുന്നു.

മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടു എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു. പ്രായപൂർത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും റിമാൻഡ് ചെയ്തു. അതിനിടെ പോപ്പുലർഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. കുട്ടി എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി.

കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിയ നിലയിലാ.ിരുന്നു. അതുകൊണ്ട് കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാൽ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായത്. പ്രകോപന മുദ്രാവാക്യം വിളിയിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബം വീട്ടിൽ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന. ഇതിനൊപ്പം സംഭവത്തിൽ പ്രതിചേർത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ നിന്നാണ് അൻസാർ നജീബിനെ കസ്റ്റഡിയിൽ എടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് നവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വൈദ്യപരിശോധന നടത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സംഭവത്തിൽ 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച നടന്ന റാലിയിൽ ആണ് കുട്ടി വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയത്. രാഷ്ട്രീയ ശത്രുക്കളോട് മരണാനന്തര ക്രിയകൾക്കായി അവിലും മലരും, കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയിൽ പങ്കെടുത്ത മറ്റുള്ളവർ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് ആയിരുന്നു കുട്ടിയെ ചുമലിൽ ഏറ്റിയിരുന്നത്.

പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയെന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളും കുട്ടിയെ അറിയില്ലെന്നാണ് മൊഴി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ നടന്ന റാലിയിലാണ് കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അഭിഭാഷക പരിഷത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close