NEWSTop NewsWORLD

അന്ന് തരുണിയെ നഷ്ടമായതും ഇതേ ആകാശത്ത്; നേപ്പാളിന്റെ ആകാശത്ത് ആരും കാണാത്ത `മരണച്ചുഴിയോ?`; അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന നേപ്പാള്‍ വ്യോമപാത വീണ്ടും ചർച്ചയാകുന്നു

വിമാനാപകടങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. കാലാവസ്ഥ കൊണ്ടോ യാത്ര തകരാറുകൾ കൊണ്ടോ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നേപ്പാളിലെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. നേപ്പാളിലെ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന വിമാനമാണു മേയ് 29നു രാവിലെ മലനിരകൾക്കു മേൽ തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹാവശിഷ്ടങ്ങളും പിന്നാലെ കണ്ടെത്തി. അപകടത്തിന്റെ യഥാർഥ കാരണം ഇനിയും വ്യക്തമല്ലെങ്കിലും നേപ്പാളിൽ വിനോദസഞ്ചാരികൾക്കായി പറക്കുന്ന ചെറുവിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ശക്തമാക്കുന്ന അപകടമാണിത്.

10 വർഷം മുൻപ് ഇതുപോലൊരു അപകടത്തിലാണ് ബാലതാരം തരുണി സച്ച്ദേവ് ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടത്. പൃഥ്വിരാജ് നായകനായ ‘വെള്ളിനക്ഷത്രം’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന തരുണി തന്റെ പതിനാലാം പിറന്നാൾ ദിനത്തിലാണ് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് അമ്മയ്ക്കൊപ്പം പറന്നത്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വിമാനം പറന്ന അതേ പാത. ജോംസോമിനു സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. എന്താണ് നേപ്പാളിലെ ചെറുവിമാനങ്ങൾക്കു സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്?

19 യാത്രക്കാര്‍ക്കും, പൈലറ്റ്, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളുടെ അടിസ്ഥാന സുരക്ഷാ സംവിധാനമില്ലായ്മയും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണ് നേപ്പാളില്‍ ഉണ്ടായിരിക്കുന്നത്. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എട്ട് പര്‍വ്വതമുള്ള നേപ്പാളില്‍ കൂടുതല്‍ വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ്. 2016ല്‍ ഇതേ റൂട്ടില്‍ പറന്ന താര എയര്‍ലൈനിന്റെ വിമാനം പറന്നുയര്‍ന്നതിന് ശേഷം തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 23 പേരും മരിച്ചിരുന്നു. 2018 മാര്‍ച്ചില്‍ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യുഎസ്ബംഗ്ലാ വിമാന അപകടത്തില്‍ 51 പേര്‍ മരിച്ചു.

എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? പല കാരണങ്ങളുണ്ട്. നേപ്പാളിലെ ഭൂപ്രകൃതിയാണ് അതിൽ പ്രധാനം. ഹിമാലയൻ മലനിരകൾ നിറഞ്ഞ പ്രദേശമാണു നേപ്പാൾ. തലസ്ഥാനമായ കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ ഭൂരിഭാഗം വിമാനത്താവളങ്ങളും മലനിരകൾക്കിടയിലാണു സ്ഥിതി ചെയ്യുന്നത്. ലാൻഡ് ചെയ്യാൻ പൈലറ്റുമാർക്ക് ദുഷ്കരമായ ‘ബൗൾ ഷേപ്പ്ഡ്’ വിമാനത്താവളങ്ങളാണിവ. ഒരു കോപ്പ പോലെ എന്ന അർഥത്തിലാണു ബൗൾ ഷേപ്പ്ഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതായത് മലനിരകളാൽ ചുറ്റപ്പെട്ട, അതിനിടയിലായുള്ള താഴ്‍വരയിലാണ് വിമാനത്താവളവും റൺവേയും സ്ഥിതി ചെയ്യുന്നത്.

മലനിരകൾക്കിടയിലൂടെ ചാഞ്ഞു പറന്നാണു വിമാനങ്ങൾ റൺവേയിലേക്കിറങ്ങേണ്ടത്. മഴ, മഞ്ഞ്, മേഘപടലം എന്നിവ നിറഞ്ഞ കാലാവസ്ഥയിൽ ഇത്തരം ലാൻഡിങ് എളുപ്പമല്ല. പൈലറ്റിന്റെ കാഴ്ച മറഞ്ഞ് വിമാനം മലനിരകളിലേക്കിടിച്ചു കയറാനുള്ള സാധ്യത നിലനിൽക്കുന്നു. ഇത്തരം അപകടങ്ങളെ ‘സി ഫിറ്റ്’ അപകടം എന്നാണു വിശേഷിപ്പിക്കുന്നത്. ‘കൺട്രോൾഡ് ഫ്ലൈറ്റ് ഇൻടു ടെറൈൻ’ എന്നാണ് ഇതിന്റെ പൂർണ രൂപം; പൂർണ നിയന്ത്രണത്തിൽ പറക്കുന്നതിനിടെ പൈലറ്റിന്റെ കാഴ്ച മറയുകയും അതുവഴി വിമാനമോ ഹെലികോപ്റ്ററോ ഏതെങ്കിലും വസ്തുവിലേക്ക് ചെന്നിടിക്കുകയും ചെയ്യുന്നതിനെയാണു സി ഫിറ്റ് അപകടമായി വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയുമുൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റർ കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരിൽ തകർന്നത് സി ഫിറ്റ് അപകടം മൂലമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിനോദസഞ്ചാരികളെയും കൊണ്ട് പറക്കുന്ന ചെറുവിമാനങ്ങൾ സീറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളും അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വിമാനങ്ങളുടെ പ്രധാന ആകർഷണം എവറസ്റ്റ് ഉൾപ്പെടെയുള്ളവയെ അടുത്തു കാണാമെന്നതാണ്. കാഴ്ച പരമാവധി മനോഹരമാക്കാൻ ജനലുകൾക്കരികിൽ പരമാവധി ഇരിപ്പിടങ്ങൾ ചില വിമാനങ്ങളിൽ ഒരുക്കും. പറക്കുന്നതിനിടെ ഏതു വശത്താണോ മലനിരകൾ വരിക, ആ കാഴ്ച മനോഹരമാക്കാൻ ആ വശത്തുള്ള ജനലുകൾക്കരികിലേക്ക് ഇരിപ്പിടങ്ങൾ മാറ്റും. ഒരു വശത്തേക്ക് കൂടുതൽ ഭാരം വരുന്നത് വിമാനത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തും. വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ നിയന്ത്രിക്കുന്നതിൽ നേപ്പാൾ സർക്കാർ വീഴ്ചവരുത്തുന്നു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുന്നതിൽ ഫ്ലൈറ്റ് ഡേറ്റ, കോക്പിറ്റ് വോയ്സ് ഡേറ്റ റിക്കോർഡറുകൾ നിർണായകമാണ്. വിമാന എൻജിന്റെ പൂർണ വിശദാംശങ്ങൾ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ (എഫ്ഡിആർ) സൂക്ഷിക്കുന്നു. എൻജിന്റെ പ്രവർത്തനം, വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം എന്നിവ ഇതിൽ നിന്നറിയാം. വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം നേരിട്ടു കാണുന്നില്ലെന്ന കുറവ് മാത്രമേയുള്ളൂ; ബാക്കിയെല്ലാം എഫ്ഡിആർ നൽകും.

എയർ ട്രാഫിക് കൺട്രോളുമായി (എടിസി) കോക്പിറ്റിലിരുന്ന് പൈലറ്റ് നടത്തുന്ന ആശയവിനിമയങ്ങൾ റിക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്പിറ്റ് വോയ്സ് ഡേറ്റ റിക്കോർഡർ. എൻജിനിൽ തീപിടിത്തമുണ്ടായാൽ ഡേറ്റ റിക്കോർഡർ അതു രേഖപ്പെടുത്തും. പക്ഷേ, മറ്റെവിടെയെങ്കിലുമാണു തീപിടിത്തമെങ്കിൽ വോയ്സ് റിക്കോർഡറിനെ ആശ്രയിക്കേണ്ടി വരും. തീപിടിത്തത്തെക്കുറിച്ച് പൈലറ്റ് സംസാരിക്കുന്നതിൽനിന്ന് അതു മനസ്സിലാക്കാം. കാഴ്ച മറയുന്ന സാഹചര്യത്തിൽ പൈലറ്റ് നടത്തുന്ന സംഭാഷണങ്ങളും വോയ്സ് റിക്കോർ‍ഡറിൽ നിന്നു ലഭിക്കും. അപകട സാഹചര്യങ്ങളെക്കുറിച്ച് പൈലറ്റ് പറയുന്നതും അദ്ദേഹത്തിന്റെ പരിഭ്രാന്തിയുമെല്ലാം ഇതിൽ നിന്നു ലഭിക്കും. അതുവഴി അപകട കാരണങ്ങളെക്കുറിച്ചുള്ള സൂചനയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close