
ന്യൂഡൽഹി: ഗൃഹപാഠം പൂർത്തിയാക്കാത്തതിന് മകൾക്ക് അമ്മയുടെ വക ക്രൂരശിക്ഷ. കുട്ടിയുടെ കൈകാലുകൾ ബന്ധിപ്പിച്ച അമ്മ തന്റെ പെൺമകളെ വീടിന്റെ മേൽക്കൂരയിൽ പൊള്ളുന്ന വെയിലിൽ കിടത്തി. കൈകാൽ ബന്ധിച്ച നിലയിലുള്ള പെൺകുട്ടി സ്വയം രക്ഷപ്പെടാൻ പാടുപെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് അമ്മയ്ക്കെതിരെ കേസ് എടുത്തു.
ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്ത് ഈ മാസം 2നാണ് സംഭവം. മകൾ ഗൃഹപാഠം പൂർത്തിയാക്കാത്തതിനാണ് അമ്മ ഇത്രയും കഠിനമായ ശിക്ഷ നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കനത്ത ചൂടേറ്റു കുട്ടിയുടെ ചർമം പൊള്ളിയിട്ടുണ്ട്.
25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സമീപമുള്ള മറ്റൊരു കെട്ടിടത്തിൽനിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ഹോം വർക്ക് പൂർത്തിയാക്കാത്തതിന് 57 മിനിറ്റ് മാത്രമാണ് കുട്ടിയെ വെയിലത്തു കിടത്തിയതെന്നാണ് അമ്മ പൊലീസിനു നൽകിയ മൊഴി.