
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മജീദ് ഏജന്റുമാരായ അജു, ആനന്ദ് എന്നിവർക്കെതിരെയാണ് പരാതി. കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടാൻ അമ്പതിനായിരം രൂപ നൽകിയെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും പരാതിക്കാരി വ്യക്തമാക്കി.
‘അറബിയുടെ വീട്ടിൽ അഞ്ച് ദിവസമായപ്പോഴേക്കും അവശയാകുന്ന രീതിയിലായിരുന്നു അവിടുത്തെ ജോലി. എഴുനേറ്റ് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. എഴുനേൽക്കാൻ പറഞ്ഞിട്ട് സാധിക്കാതിരുന്നതോടെ ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, അടിച്ചു, ഇടിച്ചു, തലയിൽ വെള്ളമൊഴിച്ചു. തണുക്കുന്നു എന്ന് പറഞ്ഞപ്പോൾ വെയിലത്ത് കൊണ്ടുപോയി നിർത്തി. അവിടെ പോയിട്ട് രക്തസമർദം കൂടി. അതിനിടെ മൂക്കിൽ നിന്ന് രക്തം വന്നു. പക്ഷേ എന്നെ ചികിത്സിക്കാൻ അറബിയോ, ഏജന്റോ തയാറായിരുന്നില്ല. ഈ അസുഖവും വച്ചാണ് പണിയെടുത്തത്. കാശ് കൊടുത്താണ് എന്നെ വാങ്ങിയതെന്നും, അതുകൊണ്ട് പറയുന്ന പണിയെല്ലാം എടുക്കണമെന്നും അറബി പറഞ്ഞു’- യുവതി പറയുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിനടുത്തുള്ള ഒരു പോസ്റ്റിൽ പതിച്ചിരുന്ന പരസ്യത്തിൽ ആനന്ദ് എന്ന വ്യക്തിയാണ് നമ്പറായിരുന്നു. ആനന്ദിനേയും മറ്റ് രണ്ട് വനിതാ ഏജന്റുമാരേയുമാണ് തനിക്ക് അറിയുന്നതെന്നും യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കുവൈറ്റ് മനുഷ്യക്കടത്ത് കേസന്വേഷണം രണ്ടാംപ്രതിയായ പത്തനംതിട്ട സ്വദേശി അജുമോന്റെ റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ 30 പേരിലേക്ക്. ഇവരെ ഒന്നാംപ്രതിയും കണ്ണൂർ സ്വദേശിയുമായ മജീദിന്റെ ഒത്താശയോടെ അജു കുവൈറ്റിലേക്ക് അയച്ചെന്നാണ് കരുതുന്നത്. പലരെയും ഫോണിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. മേൽവിലാസത്തിൽ നേരിട്ടെത്തി വിവരം ശേഖരിക്കാനാണ് തീരുമാനം.
അജുമോനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി രവിപുരത്തെ സ്ഥാപനത്തിലും ഷേണായീസ് തിയേറ്ററിന് സമീപത്തെ ഫ്ലാറ്റിലുമെത്തിച്ച് തെളിവെടുത്തു. എറണാകുളം സൗത്ത് സി.ഐ ഫൈസലിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. ഇന്ന് മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
കുവൈറ്റ് മനുഷ്യക്കടത്തിൽ പങ്കില്ലെന്നും മജീദാണ് എല്ലാത്തിന്റെയും പിന്നിലെന്നുമാണ് അജുവിന്റെ മൊഴി. എന്നാൽ പരാതിക്കാരിയായ എറണാകുളം സ്വദേശിയെ വിദേശത്തേക്ക് അയച്ചതുൾപ്പെടെയുള്ള റിക്രൂട്ട്മെന്റുകളെക്കുറിച്ച് അജുവിനും വ്യക്തമായ ധാരണയുണ്ടായിരുന്നതായും ഇതിനുള്ള രേഖകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
വിശദമായ പരാതി ആദ്യം നൽകിയിരുന്നെങ്കിലും പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കൂടുതൽ വിവരങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് മനുഷ്യക്കടത്ത് കുറ്റം ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. മജീദിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. ഫെബ്രുവരി 14നാണ് റിക്രൂട്ട്മെന്റ് സംഘം എറണാകുളം സ്വദേശിനിയെ ആയയുടെ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച ശേഷം കുവൈറ്റിലേക്ക് കടത്തി അറബി കുടുംബത്തിന് വിറ്റത്.