NEWSSocial MediaTrendingWORLD

പലവട്ടം നഷ്ടപ്പെട്ടിട്ടും ഉടമയുടെ അടുത്തേക്ക് തിരികെ വരുന്ന `അത്ഭുത മോതിരം`; ജെന്നിഫറിന്റെ മോതിരക്കഥ വൈറൽ

വർഷങ്ങൾക്ക് മുമ്പ് തനിക്ക് ലഭിച്ച ഒരു മോതിരത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ ഒരു കഥ അടുത്തിടെ ഒരു ഓസ്‌ട്രേലിയക്കാരി ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതൊരു നീണ്ട കഥയാണ് അതുകൊണ്ട് ചിലർക്ക് അത് വിരസമായി തോന്നിയേക്കാം എന്ന് പറഞ്ഞാണ് അവൾ കഥ ആരംഭിക്കുന്നത് തന്നെ. എന്നാൽ ഈ കഥ ആർക്കും വിരസമായി തോന്നിയില്ലെന്ന് മാത്രമല്ല, അത് വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. ഈ കഥയിലെ ട്വിസ്റ്റ് ആ മോതിരം അവർ പലതവണ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അത് അവരെ തേടി വീണ്ടും വരിക തന്നെ ചെയ്തു എന്നതാണ്. ജെന്നി ഫ്രെക്ലിംഗ്ടൺ-ജോൺസ് എന്ന സ്ത്രീയാണ് താനും മോതിരവും തമ്മിലുള്ള ഈ അവിശ്വസനീയമായ ബന്ധത്തിന്റെ കഥ പറഞ്ഞത്.

ജെന്നിക്ക് 14 വയസ്സുള്ളപ്പോൾ അവളുടെ ഒരു ആൺസുഹൃത്തിന്റെ കൈയിൽ നിന്ന് അവൾക്ക് ലഭിച്ചതാണ് ഒൻപത് കാരറ്റിന്റെ ഈ സ്വർണ്ണ മോതിരം. ചന്ദ്രനും, നക്ഷത്രങ്ങളും കൊത്തിവച്ച മനോഹരമായ ഒരു മോതിരമായിരുന്നു അത്. അവന്റെ ഒരാഴ്‌ചത്തെ ശമ്പളമായിരുന്നു അതിന്റെ വില. എന്നാൽ പിന്നീട് അവർ പിരിഞ്ഞു. അവൾ മോതിരം തിരികെ നൽകി. അവനാകട്ടെ മോതിരം തിരികെ കൊടുത്ത ദേഷ്യത്തിന് അത് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞു. അത് റോഡിന് എതിർവശത്തുള്ള ഒരു കുതിരപ്പന്തിയിലേക്ക് ഉരുണ്ടു പോയി. അവൾ അത് നോക്കി നിന്നു. പിന്നീട് ആ മോതിരം അവൾ കാണുന്നത് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ്. ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ആൺസുഹൃത്തിന്റെ സഹോദരിയെ അവൾ കാണാൻ ഇടയായി. സഹോദരിയുടെ കൈയിൽ അന്ന് കളഞ്ഞു പോയ ആ മോതിരം ഉണ്ടായിരുന്നു. മോതിരം കാണിച്ച് അവന്റെ സഹോദരി ജെന്നിയോട് ചോദിച്ചു, ‘ജെന്നി, നിനക്ക് ഇത് ഓർമ്മയുണ്ടോ? അവൾ അത്ഭുതപ്പെട്ടു പോയി. മണിക്കൂറുകളോളം അയാളും, കുടുംബവും ആ മോതിരം തിരഞ്ഞു നടന്നുവെന്നും, അടുത്ത ദിവസമാണ് അത് കണ്ടെത്തിയതെന്നും സഹോദരി അവളോട് പറഞ്ഞു. എന്നിട്ട് കൈയിൽ കിടന്ന് ആ മോതിരം ഊരി ജെന്നിയ്ക്ക് തന്നെ നൽകി. അങ്ങനെ ആ മോതിരം അവളിലേക്ക് തന്നെ തിരികെ എത്തി.

പിന്നീട് ഈ മോതിരം അവൾ പലർക്കും ധരിക്കാൻ നൽകി. അപ്പോഴെല്ലാം ഒരിക്കൽ പോലും കളഞ്ഞു പോകാതെ കൃത്യമായി അത് അവളിലേയ്ക്ക് തന്നെ തിരികെ എത്തി. അങ്ങനെ ഇനി ഒരിക്കലും ഇത് തനിക്ക് നഷ്ടമാകില്ലെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് അവൾക്ക് അത് ശരിക്കും നഷ്ടമാകുന്നത്. അവൾ തന്റെ മോതിരം ബോബ് എന്ന ഒരു സുഹൃത്തിന് നൽകി. അദ്ദേഹം അതുമായി പെർത്തിലേക്ക് പോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം അത് അവൾക്ക് തന്നെ മടക്കി അയക്കുകയാണെന്ന് അവളോട് പറഞ്ഞു. അത് തപാൽ വഴിയാണ് അദ്ദേഹം അയച്ചത്. എന്നാൽ മെയിൽ ബോക്സ് തുറന്ന അവൾ വിഷമിച്ചു പോയി. അതിനകത്ത് ഒരു പേപ്പർ കവർ മാത്രമേയുണ്ടായുള്ളു. മോതിരം കളഞ്ഞു പോയിരുന്നു. തുടർന്ന്, ഓസ്‌ട്രേലിയയുടെ തപാൽ വകുപ്പുമായി ജെന്നി ബന്ധപ്പെട്ടു. എന്നാൽ ഇത്തവണ മോതിരം തിരിച്ച് കിട്ടുമെന്ന പ്രതീക്ഷ തീരെ ഇല്ലായിരുന്നു അവൾക്ക്.

പക്ഷേ, അധികൃതർ അതിനായുള്ള തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ അപ്രതീക്ഷിതമായി അഡ്‌ലെയ്ഡിൽ ഒരു സോർട്ടിംഗ് മെഷീന്റെ അടിയിൽ നിന്ന് അത് അവർക്ക് ലഭിച്ചു. പോസ്റ്റലായി അയച്ച ഒരു സാധനം തിരികെ കിട്ടുന്നത് എളുപ്പമല്ല. എന്നിട്ടും മോതിരം അതിന്റെ യഥാർത്ഥ ഉടമയെ തേടി വരിക തന്നെ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close