NEWSPodcastTrendingWORLD

സിഗരറ്റ് വലിക്കുന്ന ഒറാംഗുട്ടാൻ; സന്ദർശകർ നൽകിയതാകാമെന്ന് മൃ​ഗശാല അധികൃതർ; പ്രതിഷേധം ശക്തം

മനുഷ്യന്റെ ഏറ്റവും വലിയ ശീലങ്ങളിൽ ഒന്നാണ് പുകവലി. അതിന്റെ കവറിന്റെ പുറത്ത് തന്നെ ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്ന എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും ആരും വായിക്കാറുമില്ല, ശ്രദ്ധിക്കാറുമില്ല. അത്തരം ദുഃശീലങ്ങളോട് വിട പറയാൻ മനുഷ്യർക്ക് എളുപ്പം കഴിഞ്ഞെന്ന് വരില്ല. എന്നാൽ, മൃഗങ്ങളുടെ കാര്യമോ? അവയിൽ അത്തരം ദുഃശീലങ്ങൾ സാധാരണമല്ല. ഇനിയുണ്ടെങ്കിൽ തന്നെ അതിനും ഉത്തരവാദികൾ നമ്മൾ തന്നെയാണ്. വിയറ്റ്നാമീസ് മൃഗശാലയിലെ വംശനാശഭീഷണി നേരിടുന്ന ഒരു ഒറാംഗുട്ടാൻ പുകവലിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഹോ ചി മിൻ സിറ്റിയിലെ സൈഗോൺ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ വച്ചാണ് സംഭവം പകർത്തിയത്. ഈ ഫൂട്ടേജ് ഇൻറർനെറ്റിൽ കാട്ടുതീ പോലെ പടരുകയും മൃഗസ്‌നേഹികളെ ഇത് രോഷാകുലരാക്കുകയും ചെയ്യുന്നു. വീഡിയോയിൽ, ഒരു ആൺ ഒറാംഗുട്ടാൻ മനുഷ്യനെപ്പോലെ വിരലുകൾക്കിടയിൽ സിഗരറ്റ് തിരുകി നിലത്തിരുന്ന് അത് ആഞ്ഞ് വലിക്കുന്നത് കാണാം. മാത്രവുമല്ല, രണ്ട് പ്രാവശ്യം സിഗരറ്റ് നീട്ടി വലിച്ച ശേഷം ഒറാംഗുട്ടാൻ അവിടെ ഉണ്ടായിരുന്ന കല്ലിന്റെ പുറത്ത് സിഗരറ്റ് കുറ്റി കുത്തി കെടുത്തുന്നതും കാണാം. തുടർന്ന് അത് ശരിയായി കെട്ടുവെന്ന് നോക്കി ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഈ ഒറാങ്കുട്ടാൻ മലേഷ്യയിലെ ബോർണിയോയിൽ നിന്നാണ് വന്നിട്ടുള്ളത്. മൃഗശാലയിലെ അധികാരികൾ പറയുന്നത്, അവരുടെ സ്റ്റാഫല്ല ഒറാങ്കുട്ടാന് സിഗരറ്റ് നൽകിയതെന്നാണ്. മറിച്ച് അവിടെ എത്തിയ ഒരു സന്ദർശകൻ അതിന്റെ കൂട്ടിലേക്ക് സിഗരറ്റ് എറിയുകയായിരുന്നു എന്നവർ വെളിപ്പടുത്തി. എന്നാൽ ഒറാംഗുട്ടാൻ എങ്ങനെ ഇത് വലിച്ചുവെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സിഗരറ്റ് വലിക്കുന്നതിന് എങ്ങനെയെന്ന് ആരും പറഞ്ഞ് കൊടുക്കാതെ തന്നെ അത് എങ്ങനെ കൃത്യമായി വലിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. “ആളുകൾ പലപ്പോഴും മൃഗങ്ങളുടെ കൂടുകളിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നു. ആളുകൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിരീക്ഷിക്കുന്ന ഒറാംഗുട്ടാൻ അത് അതേപടി അനുകരിക്കുകയാണ് ചെയ്യുന്നത്” മൃഗശാലയുടെ വക്താവ് പറഞ്ഞു.

മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ കഴിയാറില്ലെന്നും വക്താവ് തുറന്ന് സമ്മതിക്കുന്നു. എന്നാൽ സംഭവത്തിന് ശേഷം ജീവനക്കാർ എല്ലാ കൂടുകളും പരിശോധിച്ച് സിഗരറ്റ് പോലുള്ള അപകടകരമായ സാധങ്ങളില്ലെന്ന് ഉറപ്പ് വരുത്തി. മൃഗങ്ങളുടെ കൂടുകളിലേയ്ക്ക് ചപ്പുചവറുകൾ വലിച്ചെറിയരുതെന്ന് ആവശ്യപ്പെടുന്ന മുന്നറിയിപ്പ് ബോർഡുകൾ എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ആളുകൾ ഇതിനെ അവഗണിച്ച് പല സാധനങ്ങളും കൂട്ടിലേക്ക് എറിയുന്നുണ്ടെന്ന് മൃഗശാല പറയുന്നു.

മൃഗശാലകളിൽ മൃഗങ്ങൾ സിഗരറ്റ് വലിക്കുന്ന നിരവധി കേസുകൾ മുൻപും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ചൈനയിൽ. കഴിഞ്ഞ വർഷം, ഹെങ്‌ഷൂയി വന്യജീവി പാർക്കിൽ പൊതുജനാരോഗ്യ കാമ്പെയ്‌നിന്റെ ഭാഗമായി ഒരു കുട്ടിക്കുരങ്ങിനെ ക്യാമറയുടെ മുന്നിൽ സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചത് വലിയ വിവാദം ഉണ്ടാക്കി. സംഭവം കൈയിൽ നിന്ന് പോയി എന്ന് തോന്നിയതോടെ മൃഗശാല പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന വിശദീകരണവുമായി മുന്നോട്ട് വന്നു. അവിടെയുള്ള കുരങ്ങുകൾ സാധാരണയായി പുകവലിക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close