celebrityKERALANEWSTop News

വെള്ളിത്തിര കീഴടക്കാൻ ജഗതി ശ്രീകുമാർ വീണ്ടുമെത്തുന്നു; കൂടെ മകൻ രാജ്കുമാറും

തിരുവനന്തപുരം: സിബിഐ അഞ്ചാം ഭാഗത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന താരത്തിന്റെ ഗംഭീര തിരിച്ച് വരവായിരുന്നു. വീണ്ടും സ്‌ക്രീനില്‍ താരത്തെ കണ്ടതിന്റെ ആവേശം പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ ജഗതി ശ്രീകുമാർ വീണ്ടും അഭിനയത്തിനു തയ്യാറാവുന്നു. പ്രേംനസീർ സുഹൃദ്‌സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകൻ രാജ്കുമാറും പ്രധാന വേഷം ചെയ്യുന്നു.

പേയാട് ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ കവി പ്രഭാവർമ, ഉദയ സമുദ്ര ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർക്കു കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടതുകൈ വീശി ജഗതി വിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചു.

സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. നടൻമാരായ എം.ആർ.ഗോപകുമാർ, കൊല്ലം തുളസി, സംവിധായകൻ ജഹാംഗീർ ഉമ്മർ, ഗായിക ശ്യാമ, നിർമാതാക്കളായ ബിനു പണിക്കർ, നാസർ കിഴക്കതിൽ, ഡിജിലാൽ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീർ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.

2012 മാർച്ചിലാണ് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ ജഗതി ശ്രീകുമാറിന് ഗുരുതര പരിക്ക് പറ്റുന്നത്. മാസങ്ങളോളം ആശുപത്രിയിലായിരുന്ന താരം പിന്നീട് വീട്ടിലേക്ക് മാറി. ഇപ്പോഴും എഴുന്നേറ്റ് നടക്കാനോ കാര്യമായി സംസാരിക്കാനോ സാധിക്കുകയില്ല. എങ്കിലും പഴയ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ് താരം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബിഐ എന്ന ചിത്രത്തിൽ താരം അഭിനയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close