INDIANEWSTop News

ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് മോഷ്ടിച്ചത് 10,000 രൂപ; മനഃസമാധാനം നഷ്ടമായതോടെ തിരികെ നൽകി കള്ളൻ

ചെന്നൈ: ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് കവർന്ന പണം ക്ഷമാപണകത്ത് സഹിതം തിരികെ യേൽപ്പിച്ച് മോഷ്ടാവ്. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുൻപ് കളവുപോയത്. മോഷണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്‌ച വൈകിട്ട് ക്ഷേത്രം അധികൃതര്‍ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോള്‍ 500 രൂപയുടെ ഇരുപത് നോട്ടുകള്‍ കണ്ടു. ഇതോടൊപ്പം മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും ഉണ്ടായിരുന്നു.

”ജൂണ്‍ 14ന് പൗര്‍ണമി ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് പണം മോഷ്ടിച്ചത്. ഈ ദിവസം ശുഭദിനമെന്ന് വിശ്വസിക്കുന്നതിനാല്‍ നഗരത്തില്‍ നിന്നു പോലും ആളുകള്‍ ധാരാളമായി എത്തുമെന്ന് അറിയാം. അതിനാല്‍ കൂടുതല്‍ പണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നുതന്നെ ഭണ്ഡാരം പൊളിച്ചത്. എന്നാല്‍, മോഷണത്തിന് ശേഷം മനഃസമാധാനം നഷ്ടമായി. നിരവധി പ്രശ്‌നങ്ങളാണ് കുടുംബം പിന്നീട് നേരിട്ടത്. ഈ തെറ്റ് ദൈവം ക്ഷമിക്കുമോ എന്ന് എനിക്കറിയില്ല. എങ്കിലും മാപ്പ് ചോദിക്കുന്നു. കുറ്റബോധം തോന്നി പണം തിരികെ നല്‍കുന്നു” – കള്ളന്‍ കത്തില്‍ എഴുതി.

മോഷണം സംബന്ധിച്ച്‌ ശിവക്ഷേത്ര അധികൃതര്‍ ഒരാഴ്ച മുൻപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കുറച്ച്‌ ദിവസത്തേക്ക് പൊലീസ് ക്ഷേത്രം അടച്ചു. പക്ഷെ, ദിവസങ്ങളോളം നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചക്കാരനെക്കുറിച്ച്‌ യാതൊരു സൂചനയും ലഭിക്കാതായപ്പോള്‍ ക്ഷേത്രം വീണ്ടും തുറന്നു.

അതേസമയം, പണം തിരികെ തന്നതുകൊണ്ട് കേസ് അവസാനിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ‘ഇത് കുറ്റബോധമല്ല, ഞങ്ങള്‍ തീര്‍ച്ചയായും പിടിക്കുമെന്ന് അവനറിയാം. ക്ഷേത്രവും ചുറ്റുപാടും കൃത്യമായി അറിയാവുന്ന ആളാകാം മോഷ്ടാവ് എന്ന് പൊലീസ് സംശയിച്ചിരുന്നു. ഇത് മനസിലാക്കിയതോടെ ഉടന്‍ പിടിയിലാകുമോ എന്ന ഭയത്തിലാണ് കള്ളന്‍റെ ഇപ്പോഴത്തെ നീക്കം. അന്വേഷണം തുടരും, മോഷ്ടാവിനെ ഉടന്‍ പിടികൂടും’ – പൊലീസ് വ്യക്തമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close