celebrityINDIANEWSSocial MediaTrending

ഹണിമൂൺ ആഘോഷിച്ച് നയൻസും വിക്കിയും; താരങ്ങൾ തായ്‌ലൻഡിൽ താമസിച്ച ഹോട്ടലിന്റെ വാടക അറിയാമോ?

ദക്ഷിണേന്ത്യൻ വെള്ളിത്തിരയുടെ ഹൃദയമിടിപ്പായി മാറിയ ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെയും വിവാഹമാണ് ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞത്. ജൂൺ 9 നായിരുന്നു താര വിവാഹം. ഇരുവരുടെയും വിവാഹവേഷങ്ങളും ചടങ്ങുകളുമെല്ലാം ചിത്രങ്ങളിലൂടെ സോഷ്യല്‍മീഡിയയിലും മറ്റും വൈറലായി മാറിയിരുന്നു. ഇരുവരും തായ്‌ലൻഡിലാണ് ഹണിമൂൺ ആഘോഷിച്ചത്.

സാധാരണയായി സൂപ്പര്‍സ്റ്റാറുകള്‍ പോകാറുള്ളതു പോലെ ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചെലവു വരുന്ന റിസോര്‍ട്ടുകളല്ല ഇരുവരും ഹണിമൂണിനായി തിരഞ്ഞെടുത്തത്. തായ്‌ലൻഡിലെ അതിമനോഹരമായ സിയാം ഹോട്ടലിലാണ് ഹണിമൂണ്‍. താരതമ്യേന ചെലവു കുറവാണെങ്കിലും വളരെ മികച്ച സൗകര്യങ്ങളാണ് ഈ ഹോട്ടല്‍ നല്‍കുന്നത്.

ക്ലാസിക് തായ് ശൈലിക്കൊപ്പം ആധുനിക സൗകര്യങ്ങളുടെ ധാരാളിത്തവും വഴിഞ്ഞൊഴുകുന്ന അതിമനോഹരമായ ഒരു ആഡംബര ഹോട്ടലാണ് സിയാം. ചരിത്രപ്രാധാന്യമുള്ള ദുസിത് ജില്ലയിലെ ക്രുങ് തോൺ പാലത്തിനടുത്ത് ചാവോ പ്രയ നദിയുടെ ബാങ്കോക്ക് ഭാഗത്താണ് സിയാം സ്ഥിതി ചെയ്യുന്നത്. ബാങ്കോക്കിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ദൃശ്യങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മ്യൂസിയങ്ങളുമെല്ലാം ഇതിന്റെ പരിസര പ്രദേശങ്ങളിലാണ് ഉള്ളത്.

ക്രിയേറ്റീവ് ഡയറക്ടറും സെലിബ്രിറ്റിയുമായ ക്രിസ്സാഡ സുകോസോൾ ക്ലാപ്പും ആഗോള പ്രശസ്തനായ ആർക്കിടെക്റ്റും ഇന്റീരിയർ/ലാൻഡ്‌സ്‌കേപ്പ് ഡിസൈനറുമായ ബിൽ ബെൻസ്‌ലിയും ചേർന്നാണ് സിയാമിന്‍റെ രൂപകല്‍പന നിര്‍വ്വഹിച്ചത്. തനിക്ക് കുടുംബസ്വത്തായി കിട്ടിയ നദിക്കരയിലെ ഭൂമിയില്‍ വ്യത്യസ്തമായ ഒരു ഹോട്ടല്‍ പണിയാന്‍ ആഗ്രഹിച്ച ക്രിസ്സാഡ, ബില്ലിനടുത്തെത്തുകയും ഇരുവരുടെയും ആശയങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് അതൊരു മനോഹരമായ കലാസൃഷ്ടിയായി മാറുകയും ചെയ്തു.

കറുപ്പ്, വെളുപ്പ്, ക്രീം, ഗ്രേ, ന്യൂട്രൽ എന്നിങ്ങനെ ഫോര്‍മല്‍ മൂഡ്‌ നല്‍കുന്ന നിറങ്ങളും പ്രകൃതിദത്തമായ അലങ്കാരങ്ങളും സംയോജിപ്പിച്ചാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്. രാമ അഞ്ചാമൻ രാജാവ് ഭരിച്ച, ബാങ്കോക്കിന്‍റെ ഏറ്റവും മഹത്തായ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന ആർട്ട് ഡെക്കോയും പതിനാറാം നൂറ്റാണ്ടിലെ തടികൊണ്ടുള്ള ബുദ്ധ പ്രതിമകൾ ഉൾപ്പെടെയുള്ള പുരാതന ശേഖരവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

സര്‍വസൗകര്യങ്ങളോടും കൂടിയ താമസത്തിനു പുറമേ സണ്‍സെറ്റ് ക്രൂസ്, മുവേ തായ് പരിശീലനം, സാക് യാന്‍റ് ടാറ്റൂ, പിയർ & ഷട്ടിൽ ക്രൂസ് ബോട്ട് മുതലായ നിരവധി കൗതുകകരമായ അനുഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സുവർണഭൂമി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 45 മിനിറ്റ് സഞ്ചരിച്ചാല്‍ സിയാമിലേത്താം. നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ ഡൗൺടൗൺ സിയാം സ്ക്വയർ ഇവിടെനിന്ന് 20 മിനിറ്റ് അകലെയാണ്. പ്രശസ്തമായ റോയൽ ബാർജ് മ്യൂസിയത്തിന്‍റെ പ്രൗഢിയും ഈ യാത്രയില്‍ ആസ്വദിക്കാം.

മൺപാത്ര നിർമാണത്തിന് പ്രസിദ്ധമായ കോക്രറ്റ് ദ്വീപും ബാങ്കോക്ക് ബൈ ക്രൂസ് സ്വകാര്യ ബാർജ് ടൂർ, പഴ്സനൽ ഗൈഡിങ് ടൂര്‍ ആയ ‘മ്യൂസിയംസ് ആന്‍ഡ്‌ മാന്‍ഷന്‍സ് എന്നിവയും ഇവിടുത്തെ അതിഥികള്‍ക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രണ്ട് അനുഭവങ്ങളാണ്. കൂടാതെ, പുരാതന തലസ്ഥാനമായ അയുത്തായയിലേക്കുള്ള ഒരു രാത്രി യാത്രയും കിങ്സ് നദിയിലൂടെ കാഴ്ചകള്‍ കണ്ടു നടത്തുന്ന കോംപ്ലിമെന്ററി ക്രൂസുമെല്ലാം ഏറെ ജനപ്രിയമാണ്.

ഹോട്ടലിന്‍റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഏകദേശം 20000 രൂപയ്ക്കു മുകളിലേക്കാണ് ഒരാള്‍ക്ക് ഒരു ദിവസത്തെ താമസത്തിന് ചെലവു വരുന്നത്. കൂടുതല്‍ സൗകര്യങ്ങളും അനുഭവങ്ങളും തിരഞ്ഞെടുക്കുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വരും. കൂടുതൽ വിവരങ്ങൾക്ക് info@thesiamhotel.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close