
ജയ്പൂർ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോകാൻ ഇന്ത്യയിലെത്തിയ ഇരുപത്തിയഞ്ചുകാരൻ അറസ്റ്റിൽ. ഇസ്രായേൽ നദാഫ് എന്ന യുവാവാണ് പിടിയിലായത്. ‘ഫ്രീ ഫയർ’ എന്ന മൊബൈൽ ഗെയിമിലൂടെ ചങ്ങാത്തം സ്ഥാപിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനാണ് യുവാവ് എത്തിയത്. ഇയാൾ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഫ്രീ ഫയർ ഗെയിമിലൂടെ പരിചയമുണ്ടായിരുന്ന 13കാരിയായ പെൺകുട്ടി ഇയാളുടെ ഫോളോവറായി മാറി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. ഇതോടെയാണ് പെൺകുട്ടിയെ ഒപ്പം കൂട്ടാൻ യുവാവ് തീരുമാനിച്ചത്.
ഖത്തറിൽ നിന്ന് 2587 കിലോമീറ്റർ യാത്ര ചെയ്ത ശേഷം ജൂൺ 18 ന് നദാഫ് ഡൽഹിയിലെത്തി. അവിടെ നിന്ന് രാജസ്ഥാനിലെത്തി ദൗസ ജില്ലയിലെ ബന്ദികുയിയിൽ വെച്ച് പെൺകുട്ടിയെ നേരിൽ കാണുകയും ചെയ്തു. പെൺകുട്ടിയെ തന്റെ ഒപ്പം വരാൻ വേണ്ടി ഇയാൾ ക്ഷണിച്ചു. ഇതോടെ പെൺകുട്ടി ഇയാൾക്കൊപ്പം പോകുകയായിരുന്നു.
എന്നാൽ വെള്ളിയാഴ്ച ബീഹാറിലെ ദർഭംഗ ജില്ലയിൽ വെച്ച് നദാഫിനെ പൊലീസ് പിടികൂടുകയായിരുന്നു. ഈ സമയം പെൺകുട്ടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. കടയിൽ പലഹാരം വാങ്ങാൻ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്.
രാജസ്ഥാൻ പോലീസ് ദർഭംഗയിൽ നിന്ന് നദാഫിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ജൂൺ 19 മുതൽ കാണാതാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷിച്ചപ്പോൾ പെൺകുട്ടി മൊബൈൽ ഫോണിൽ ഫ്രീ ഫയർ ഗെയിം കളിക്കാറുണ്ടെന്ന് മനസ്സിലായി.
ഇതിന് പിന്നാലെ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഫ്രീ ഫയർ ഗെയിമുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം ഐഡി പൊലീസിന് ലഭിച്ചു. ഗെയിമിലൂടെ പെൺകുട്ടി ഒരു പ്രത്യേക ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് ആവർത്തിച്ച് കണക്റ്റ് ചെയ്യുകയായിരുന്നു. ഈ ഐഡി നദാഫിന്റേതായിരുന്നു.
ഐഡി പരിശോധിച്ചപ്പോൾ ഖത്തറിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ഇൻസ്റ്റാഗ്രാം ഐഡി പിന്നീട് ജൂൺ 19 ന് ഇന്ത്യയിൽ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരുന്നു. സംശയാസ്പദമായ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തപ്പോൾ, സിം ഡൽഹിയിൽ നിന്ന് എടുത്തതാണെന്ന് മനസ്സിലായി.
ലൊക്കേഷന്റെ അടിസ്ഥാനത്തിൽ, ബന്ദികുയി, പിന്നീട് ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ റോഡ് റൂട്ടിൽ ഈ നമ്പർ ആദ്യം സജീവമായിരുന്നുവെന്ന് കണ്ടെത്തി. സ്ഥലം കണ്ടെത്തി പോലീസ് ബിഹാറിലെ ദർഭംഗയിലെത്തി. അവിടെ ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയുമായി ഇസ്രായേൽ നദാഫ് പിടിയിലായത്. നേപ്പാൾ സ്വദേശിയായ നദാഫ്, ബീഹാറിൽനിന്ന് കര അതിർത്തിയിലൂടെ പെൺകുട്ടിയുമായി രാജ്യം വിടാൻ ശ്രമിക്കുകന്നതിനിടെയാണ് പിടിയിലായത്.