KERALANEWSTop News

പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതികളായ ട്രെയിന്‍ യാത്രികരെ തിരിച്ചറിഞ്ഞു; ഒളിവിലെന്നും പോലീസ്

അച്ഛനോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിനാറുകാരി സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികള്‍ എന്ന വിവരമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. സംഭവത്തില്‍ ഗവ. റെയില്‍വേ പോലീസിന്റെ (ജിആര്‍പി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) എറണാകുളം, തൃശൂര്‍ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ഒരു വിവരവും പോലീസില്‍ നിന്നു ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ദളിതനായ തന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും പിതാവ് ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛനോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിനാറുകാരിയ്ക്ക് നേരെ ആറംഗ സംഘത്തിന്റെ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. കാലില്‍ പിടിക്കാന്‍ ശ്രമിക്കുകയും അശ്ലീല ചുവയില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടേയും അച്ഛന്റെയും മൊഴിയില്‍ പറയുന്നത്. പ്രതികളെല്ലാം അന്‍പത് വയസിന് മുകളില്‍ പ്രായമുളളവരാണ്.

അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.50ന് എറണാകുളത്ത് നിന്നും പുറപ്പെട്ട വണ്ടിയിലാണ് സംഭവമുണ്ടായത്. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ മുതല്‍ പ്രതികള്‍ ശല്യം ആരംഭിച്ചു. ഇടപ്പളളി എത്തിയപ്പോള്‍ ട്രെയിനിലെ ഗാര്‍ഡിനെ കുട്ടിയുടെ പിതാവ് വിവരമറിയിച്ചു. അടുത്ത സ്റ്റേഷനില്‍ നിന്നും പോലീസ് എത്തുമെന്നായിരുന്നു മറുപടി. എന്നാല്‍ ആലുവ എത്തിയിട്ടും പോലീസ് എത്തിയില്ല. പിന്നീട് തൃശൂരില്‍ വച്ച് റെയില്‍വെ പോലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പങ്കുളളവര്‍ ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുളള സ്റ്റേഷനുകളില്‍ ഇറങ്ങി.

അഞ്ചംഗസംഘത്തിന്റെ ഉപദ്രവത്തിനെതിരേ മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചിരുന്നു. അക്രമി സംഘം ഇയാളെ മര്‍ദ്ദിക്കാനും ശ്രമം നടത്തി. ഇതിന്റെ ചില ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. മൊബൈല്‍ ദൃശ്യങ്ങളുടേയും സിസിടിവി ദൃശ്യങ്ങളുടേയും സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close