KERALANEWSTop News

ഫ്ലാഗ് ഓഫ് ചെയ്ത ബസ് ഉൾപ്പെടെ നിരത്തിലിറങ്ങുന്ന ഓരോന്നും ഓടുന്നത് തട്ടീം മുട്ടീം; ജീവനെടുത്ത ബസിന്റെയും ഡ്രൈവർക്ക് പരിചയക്കുറവ്; വഴിയിൽ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് പുറമെ ബസ് സ്റ്റാൻഡിൽ കുടുങ്ങി കിടന്നും സാഹസം; കെ സ്വിഫ്റ്റ് അപകടങ്ങൾ തുടർകഥയാകുമ്പോൾ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ സ്വിഫ്റ്റ് തുടങ്ങിയ ദിവസം മുതൽ വരുത്തി വെച്ചത് അപകടങ്ങൾ മാത്രമാണ്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ബസ് ഉൾപ്പെടെ അപകടത്തിൽ പെട്ടതോടെ വെട്ടിലായത് കെഎസ്ആർടിസി ആണ്. കൊട്ടിയാഘോഷിച്ച് തുടങ്ങിയ സംരംഭം കെഎസ് ആർടിസിയ്ക്ക് തന്നെ ഭാരമാവുകയാണ്. അപകടത്തിൽ ബസിന് പറ്റുന്ന അറ്റകുറ്റ പണികൾക്ക് പുറമെ ഒരാളുടെ ജീവൻ പോലും നഷ്ടമായിട്ടുണ്ട്. ഏതെല്ലാം വിരൽ ചൂണ്ടുന്നത് കെ സ്വിഫ്റ്റിന്റെ തകർച്ചയിലേക്ക് തന്നെയാണ്.

വഴിയിൽ ഉണ്ടാക്കുന്ന പകടങ്ങളെ കൂടാതെ ബസ് സ്റ്റാൻഡിൽ കുടുങ്ങി കിടന്നും അപകടം ഉണ്ടാക്കുന്നതിൽ കെ സ്വിഫ്റ്റ് മുൻപതിയിലാണ്. രണ്ടു തവണയാണ് കെ സ്വിഫ്റ്റ് ബസ് സ്റ്റാൻഡിലെ തൂണുകൾക്ക് ഇടയിൽ കുടുങ്ങിയത്. ആ കാഴ്ച കണ്ടാൽ ആരാണെങ്കിലും ചോദിക്കു ഇതെങ്ങനെ ഇതിനുള്ളിൽ കുടുങ്ങിയെന്ന്. അവസാനം അവിടെയും രക്ഷകനായത് ഒരു കെഎസ്ആർടിസി ഡ്രൈവർ തന്നെയാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അപകടങ്ങളാണ് കെ സ്വിഫ്റ്റ് വരുത്തി വെച്ചിരിക്കുന്നതെല്ലാം. ഇത്രയും വലിയ ഒരു സംരംഭം ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങൾ പോലും അധികൃതർ ശ്രദ്ധിക്കുന്നില്ല എന്ന് വേണം പറയാൻ.

തിരഞ്ഞെടുത്ത ഡ്രൈവർമാരുടെ പരിചയ കുറവ് തന്നെയാണ് മിക്ക അപകടങ്ങളുടെയും കാരണം. കൂടാതെ അമിത വേഗവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്നും പുറത്ത് വരുന്നത് കെ സ്വിഫ്റ്റിന്റെ അപകട വാർത്ത തന്നെയാണ്. ഇന്ന് വെളുപ്പിന് നാലു മണിയോടെയാണ് കോട്ടയത്ത് നിന്നും ബാം​ഗ്ലൂർക്ക് പോകുകയായിരുന്ന KSO26 എന്ന ബസ് അപകടത്തിൽപെട്ടത്. നഞ്ചൻകോടിന് ഒരു കിലോമീറ്റർ മുന്നിൽവെച്ചാണ് അപകടം നടന്നത്. റോഡിലെ ഡിവൈഡറിൽ കയറിയ വാഹനം ഇടതുവശത്തേക്ക് മറിയുകയായിരുന്നു.

മുഴുവൻ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. അതേസമയം, വാഹനത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും കൊള്ളയടിക്കപ്പെട്ടു. ലാപ്ടോപ്പുകളും മറ്റ് സാധനങ്ങളും ആളുകൾ എടുത്തുകൊണ്ടുപോകുകയായിരുന്നു എന്ന് സംഭവസ്ഥലത്തുള്ള മലയാളികൾ പറയുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനേക്കാൾ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചത് സാധനങ്ങൾ ശേഖരിക്കാനായിരുന്നു എന്നാണ് വിവരം.

കെ സ്വിഫ്റ്റിൽ അപകടങ്ങൾ ആവർത്തിക്കാൻ കാരണം പരിചയ സമ്പന്നരായ ഡ്രൈവർമാരുടെ കുറവ് തന്നെയാണ്. ഇത്തരത്തിൽ അപകടങ്ങൾ തുടർകഥ ആയതോടെയാണ് കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക് അന്വേഷണം എത്തുന്നത്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ഡ്രൈവർമാരിൽ കെ സ്വിഫ്റ്റിലേക്ക് വർക്കിം​ഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കാൻ മാനേജ്മെനറ് തീരുമാനിച്ചു. നിലവിൽ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർ കം കണ്ടക്ടർമാർക്ക് വേണ്ടത്ര പരിചയസമ്പത്തില്ലെന്ന തിരിച്ചറിവിലാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം. ഇതിനായി ഡ്രൈവർമാരിൽ നിന്നും കെഎസ്ആർടിസി താത്പര്യപത്രം ക്ഷണിച്ചു.

കെ സ്വിഫ്റ്റിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ദീർഘദൂര വോൾ‌വോ ബസുകൾ ഓടിച്ച് പരിചയമില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കെ സ്വിഫ്റ്റ് പരിശീലനം നൽകിയതുമില്ല. ഇതിന്റെ ഫലമായി കെ സ്വിഫ്റ്റ് ബസുകൾ നിരന്തരം അപകടത്തിൽ പെടുകയായിരുന്നു. ഒരു മാസത്തിനിടെ കെ സ്വിഫ്റ്റിന്റെ 110 ബസുകളിൽ 30 എണ്ണമാണ് അപകടത്തിൽ പെട്ട് വർക്ക്ഷോപ്പിലായത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ഡിപ്പോയിൽ കെ സ്വിഫ്റ്റ് ബസ് തൂണിൽ കുടുങ്ങിയിരുന്നു. ​ഗ്ലാസ് പോലും പൊട്ടാതെ കെഎസ്ആർടിസി ഡ്രൈവറാണ് ബസിനെ പിന്നീട് പുറത്തെടുത്തത്. അശാസ്ത്രീയമായി നിർമിച്ച ടെർമിനൽ കോംപ്ലക്സിലെ തൂണുകൾക്കിടയിൽ ബസ് പാർക്ക് ചെയ്യാൻ വിദഗ്ധ ഡ്രൈവർ‌മാർ‌ക്കേ കഴിയൂ. കെഎസ്ആർടിസിയിലെ പരമ്പരാഗത ഡ്രൈവർമാർ പരിചയസമ്പന്നരായതിനാൽ കാര്യമായ പ്രശ്നമുണ്ടാകാറില്ല. സാധാരണ ബസുകൾ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവർ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികൾ ഓടിക്കാറുള്ളത്.

എന്നാൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റിലെ ഡീലക്സ് വാഹനങ്ങൾ ഓടിക്കാൻ പരിചയസമ്പന്നരല്ലാത്ത താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നതാണു പ്രശ്നമെന്നു ജീവനക്കാരും പറയുന്നു. കെഎസ്ആർടിസിയുടെ എസി സ്കാനിയ, വോൾ‍വോ ബസുകളും കർണാടക ആർടിസിയുടെ ഐരാവത് അടക്കമുള്ള ബസുകളും ഇതുവരെ തൂണുകൾക്കിടയിൽ കുരുങ്ങുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയിലെ പരിചയ സമ്പന്നരായ ഡ്രൈവർമാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാൻ കെഎസ്ആർടിസി എംഡി തീരുമാനം എടുത്തത്. അതേസമയം, പുതിയ തീരുമാനത്തോട് ജീവനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

കെ സ്വിഫ്റ്റ് ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂർ തികയും മുമ്പ് തന്നെ രണ്ട് ബസുകളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ കെഎസ്ആർടിസി എംഡി ദുരൂഹത ആരോപിക്കുകയും സ്വകാര്യ ബസ് ലോബിയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുമ്പോഴും കെ സ്വിഫ്റ്റ് ജീവനക്കാരുടെ യോ​ഗ്യത സംബന്ധിച്ച സംശയങ്ങളും ഉയരുന്നു.

തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമായിരുന്നു കെ-സ്വിഫ്റ്റ് സെമി സ്ലീപ്പർ ബസ് ആദ്യം അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഉരസിയായിരുന്നു അപകടം. അപകടത്തിൽ സൈഡ് മിറർ തകരുകയും ചെയ്തു. ഏകദേശം 35000 രൂപ വിലവരുന്ന സൈഡ് മിററാണ് ഇളകിപോയത്. തുടർന്ന് കെഎസ്ആർടിസിയുടെ മറ്റൊരു മിറർ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായും ഉരസിയും ബസിന്റെ സൈഡ് ഇൻഡിക്കേറ്ററിന് സമീപം കേടുപാടുണ്ടായി.

മല്ലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് രണ്ടാമത്തെ കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന കെ സ്വിഫ്റ്റ് ബസ് നമ്പർ KS 36 സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർക്ക് സാരമായ പരിക്കില്ല. കോഴിക്കോട് തിരുവനന്തപുരം സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽ പെട്ടത്.

വേണ്ടത്ര പരിചയ സമ്പത്തില്ലാത്ത ‍സിപിഎം അനുഭാവികളായ ആളുകളെ ജോലിക്ക് വച്ചതാണോ അപകടത്തിന് കാരണമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഒരു ബസിന് ‍ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നാലുപേർ എന്ന നിലയിലാണ് കെ സ്വിഫ്റ്റിലെ സ്റ്റാഫ് പാറ്റേൺ. ഇവരെ നിയമിച്ചതാകട്ടെ കെ സ്വിഫ്റ്റ് നേരിട്ടും. എംപ്ലോയിമെന്റിനെയും പി എസ് സിയേയും നോക്കുകുത്തികളാക്കിയാണ് ഇവരെ ജോലിക്കായി നിയമിച്ചത്.

മുൻപ് എംപാനൽ ആയി ജോലി നോക്കിയവർക്കും, ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ ഉള്ള മറ്റുള്ളവർക്കും അപേക്ഷിക്കാം എന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. 45 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. KSRTC ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റിൽ നിന്നും ലഭിക്കുക. താൽക്കാലികമായി നിയമിക്കുന്നവർക്ക് 8 മണിക്കൂർ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതൽ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും.

സാധാരണ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അപേക്ഷിച്ച് മറ്റ് ചില ചുമതലകൾ കൂടി കെ സ്വിഫ്റ്റ് ഡ്രൈവർമാർക്കുണ്ട്. ബസ് വൃത്തിയാക്കൽ മുതൽ യാത്രക്കാർക്ക് ആവശ്യമുള്ള സേവനങ്ങൾ ഉറപ്പു വരുത്തുന്നത് വരെ അതിൽ ഉൾപ്പെടും. അത്തരത്തിൽ മാനസിക സമ്മർദ്ദവും ഈ ജീവനക്കാർക്ക് കൂടുതലായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close