
പാലക്കാട്: നായ കടിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച നാല് വാക്സിനുകൾ എടുത്തിട്ടും പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അനാസ്ഥയോ? കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് തന്നെയാണ് സൂചനകൾ. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു.
ഒരു മാസം മുൻപാണ് അയൽ വീട്ടിലെ വളർത്തുനായ ശ്രീലക്ഷ്മിയെ കടിച്ചത്. അന്ന് തന്നെ പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുക്കുകയും ചെയ്തു. എന്നാൽ കൃത്യം ഒരു മാസം ആയപ്പോൾ ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് മരിക്കുക ആയിരുന്നു. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ വേണ്ട വാക്സിൻ കൂടി ശ്രീലക്ഷ്മിക്ക് കൊടുത്തില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അങ്ങനെ സംഭവിച്ചെങ്കിൽ അത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ്. അതിനിടെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന വിചിത്ര ന്യായം ആരോഗ്യ വകുപ്പ് ഉയർത്തി കഴിഞ്ഞു.
രണ്ടു തരം വാക്സിനാണ് പട്ടികടിച്ചാൽ കൊടുക്കാനുള്ളത്. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ആന്റിറാബീസ് വാക്സിൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവയ്ക്ക് ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ വൈറസ് ബാധയേൽക്കാനുള്ള സാധ്യത ഇല്ലാത്തതിനാൽ പ്രതിരോധകുത്തിവെപ്പുകൾ നൽകേണ്ടതില്ല. സ്പർശം ഉണ്ടായ ശരീരഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പുപയോഗിച്ചു പതിനഞ്ചു മിനിറ്റ് കഴുകിയാൽ മാത്രം മതിയാവും.
എന്നാൽ തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയെ കാറ്റഗറി 2 ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കേസുകളിൽ ചികിത്സയ്ക്ക് പ്രതിരോധ കുത്തിവെപ്പ് വേണം. രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുത്ത് നക്കുക, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഏറെ അപകട സാധ്യത ഉള്ളതായതിനാൽ കാറ്റഗറി 3 യിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.
ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം, ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി ഇത്തരം കേസുകളിൽ നൽകണം. രോഗിയുടെ തൂക്കത്തിനനുസരിച്ചാണ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്. ഇവിടെ ശ്രീലക്ഷ്മിക്ക് നൽകേണ്ടിയിരുന്നത് ഈ ചികിൽസയാണ്. എന്നാൽ കാറ്റഗറി രണ്ടിലെ ചികിൽസ മാത്രമേ നൽകിയുള്ളൂ എന്നാണ് സൂചന. ഇതാണ് പേവിഷം ശ്രീലക്ഷ്മിയുടെ ശരീരത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. ഇമ്മ്യൂണോഗ്ളോബുലിൻ എന്ന വാക്സിൻ കൂടി എടുത്തിരുന്നുവെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ.
മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ എടുക്കുന്ന റെഡിമെയ്ഡ് പ്രതിരോധ ഘടകങ്ങൾ അടങ്ങിയ ആന്റി റാബീസ് സിറമായ ഇമ്മ്യൂണോഗ്ലോബിനുകൾ വളരെ വേഗത്തിൽ പ്രതിരോധം പ്രദാനം ചെയ്യുന്നവയാണ്. മുറിവിന് ചുറ്റും നൽകുന്നതിനൊപ്പം മാംസപേശിയിൽ ആഴത്തിലും ഇമ്മ്യൂണോ ഗ്ലോബുലിൻ നൽകാറുണ്ട്. ആന്റിറാബീസ് വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കി വരാനെടുക്കുന്ന രണ്ടാഴ്ച വരെയുള്ള കാലയളവിൽ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും.
മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകൾ പരമാവധി തുന്നാറില്ല. തുന്നുമ്പോൾ മുറിവിന് ചുറ്റുമുള്ള നാഡികളിലൂടെ വൈറസ് മസ്തിഷ്കത്തിലെത്താനുള്ള സാധ്യത കൂടിയേക്കാം എന്നതുകൊണ്ടാണിത്. എന്നാൽ തുന്നിടേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ഇമ്മ്യൂണോഗ്ലോബുലിൻ നൽകിയാണ് തുന്നിടാറുള്ളത്. എന്നാൽ പല ആശുപത്രികളിലും ഇമ്മ്യൂണോഗ്ലോബുലിൻ എന്ന മരുന്നില്ല. അതുകൊണ്ട് തന്നെ സാധാരണ വാക്സിൻ നൽകി പട്ടി കടിച്ചവരെ അയയ്ക്കും.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളർത്തുനായ ഇടതുകൈവിരലുകളിൽ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തു. മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിൻകൂടി എടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒന്ന് സ്വകാര്യ ആശുപത്രിയിൽനിന്നുമാണ് എടുത്തത്.
ജൂൺ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതൽ പനി തുടങ്ങി. അസ്വസ്ഥതകൾ വർധിച്ചതോടെയാണ് ചികിത്സയ്ക്കെത്തിയത്. ശ്രീലക്ഷ്മിയെ കടിച്ച നായ അതേ ദിവസം ഉടമസ്ഥൻ വൃദ്ധനെയും കടിച്ചിരുന്നു. ചികിത്സ തേടിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധകുത്തിവെപ്പ് നൽകും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. കോയമ്പത്തൂർ നെഹ്റു കോളേജിൽ ബി.സി.എ. വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്ത് (ഇരുവരും ബെംഗളൂരു). സംസ്കാരം നടത്തി.
പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാൻ ശരീരത്തിൽനിന്നെടുത്ത സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അപൂർവസംഭവമായതിനാൽ സംശയദൂരീകരണത്തിനായാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം ഈ വർഷം പേവിഷബാധയേറ്റവരിൽ ഒരാളെപ്പോലും രക്ഷിക്കാനാകാതെ സംസ്ഥാനത്തെ ആരോഗ്യ രംഗം. ഇക്കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ 13 ൽ 13 പേരും മരിച്ചു. ഈ മാസം മാത്രം പേവിഷബാധ സ്ഥിരീകരിച്ച മൂന്നിൽ മൂന്ന് പേരും മരിച്ചു. 100 ശതമാനം മരണ നിരക്കിലേക്ക് എത്തിയതിൽ ഗൗരവമുള്ള അന്വേഷണം വേണമെന്നാണ് വിദഗ്ദർ ആവശ്യപ്പെടുന്നത്.
മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് വെറും മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ 13 പേരായി. 13 പേരും മരിച്ചു. പേവിഷബാധയേറ്റാൽ മരിക്കുമെന്ന നിലയിൽ സംസ്ഥാനത്തെ എത്തിച്ചതിൽ വിവിധ ഘടകങ്ങളുണ്ടാകാമെന്ന് വിദഗ്ർ പറയുന്നു.
മുഴുവൻ വാക്സിനേഷനും എടുത്ത ശേഷമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ർ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്.
കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീർണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.
വീട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദർ പറയുന്നു. പാലക്കാട്ടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നതും, പേവിഷബാധയൽക്കുന്ന എല്ലാവരും മരിക്കുന്നതും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്.
അപൂർവം ഈ ദുരന്തം
വാക്സിനെടുത്തിട്ടും മരിക്കുന്നത് അപൂർവമായി സംഭവിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്സിൻ ശ്രീലക്ഷ്മിയുടെ ശരീരത്തിൽ ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് മെഡിക്കൽ കോളേജിലെ ഫാർമക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ.
മരുന്നിന്റെ ഗുണനിലവാരക്കുറവുകൊണ്ടും സംഭവിക്കാമെങ്കിലും ശ്രീലക്ഷ്മി കുത്തിവെപ്പെടുത്ത ദിവസം മറ്റുപലർക്കും മരുന്ന് നൽകിയതിനാൽ ആ സാധ്യത ഡോക്ടർമാർ തള്ളുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പിന് മെഡിക്കൽ കോളേജ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. വിഷയത്തിൽ ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. വെള്ളിയാഴ്ച ഉന്നതതലയോഗവും മെഡിക്കൽ കോളേജിൽ ചേരുമെന്ന് പ്രിൻസിപ്പൽ പ്രതാപ് സോമനാഥ് അറിയിച്ചു. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൽ, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.
സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പാലക്കാട് ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമസേന രൂപവത്കരിച്ചാണ് അന്വേഷിക്കുക.