
കോഴിക്കോട്: എകെജി സെന്റർ ആക്രമണത്തിന് പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ മാര്‍ച്ചില്‍ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുന്‍ കൗണ്‍സലറുമായ അഡ്വ. ഒ.എം. ഭരദ്വാജ് രംഗത്ത്.” ഞങ്ങളും എറിഞ്ഞിട്ടുണ്ട് , ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം , സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി ” യെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. ആക്രമണം ഉണ്ടായതിനു ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി എകെജി സെൻ്ററിലെത്തുന്നത്. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാത്രി 11.30 ഓടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.