KERALANEWSTop News

പാലാരിവട്ടത്ത് മുറിയെടുത്തത് ഹാഷീം എന്ന യുവാവ്; പിന്നാലെ മറ്റു മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരു ദിവസം കഴിഞ്ഞിട്ടും ബോധം വന്നില്ല; കൊച്ചിയിൽ യുവതികളെ ലോഡ്ജ് മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ

കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതികളെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സ്വദേശിനികളായ പെൺകുട്ടികൾക്ക് ഹാഷീം എന്ന യുവാവും ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും ചേർന്ന് വെളുത്ത പൊടി നൽകിയതാന് അവശനിലയിലാകാൻ കാരണമെന്ന് പോലീസ് പറയുന്നു. നിലവിൽ ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന മുഷീദ എന്ന യുവതിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

മുഷീദയുടെ വാക്കുകൾ ഇങ്ങനെ

വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റിന്റെ ആവശ്യത്തിനായാണ് കൊച്ചിയിൽ എത്തിയത്. ജൂൺ 27ന് രാവിലെ കൊച്ചിയിലെത്തിലെത്തിയ ശേഷം ഫോർട്ട് കൊച്ചിയും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് പാലാരിവട്ടം ചളിക്കവട്ടത്തെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. വൈകിട്ട് ഹാഷീം എന്ന ആളും മറ്റ് മൂന്നു പേരും യുവതിയുടെ മുറിയിലെത്തി. ഹാഷീമാണ് തങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് വെള്ളപ്പൊടി വലിപ്പിച്ചത്. തുടർന്നാണ് ഇരുവർക്കും ബോധം പോയത്.

പിന്നീട് ഉണരുമ്പോൾ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബോധം ഇല്ലായിരുന്നു. 28ാം തിയതിയും യുവതിക്ക് ബോധം വീണ്ടെടുക്കാനായിരുന്നില്ല. എങ്കിലും കോഴിക്കോട്ടേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി നില വഷളായി. അങ്ങനെയാണ് രണ്ടിടങ്ങളിൽ വീണ്ടും റും എടുക്കേണ്ടി വന്നത്. അവസ്ഥ മോശമായതോടെ സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ലോഡ്ജിലേക്ക് മാറി. ഇവിടെ എത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയായിരുന്നു. അവസ്ഥ വീണ്ടും മോശമായതോടെ കലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹാഷിമും സുഹൃത്തുക്കളും ആശുപത്രിയിലെത്തിക്കാൻ വന്നിരുന്നു എന്നും മുഷീദ പറഞ്ഞു.

ബുധനാഴ്ച രാത്രിയോടെയാണ് 22കാരിയെയും മുഷീദയെയും ലിസ്സി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോൾ ശ്വാസകോശത്തിൽ നിന്നും വെളുത്ത പൊടിയുടെ അംശം ലഭിച്ചു. മുഷീദ അപകട നില തരണം ചെയ്തു. 22 കാരി പെൺകുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്.

മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമാകാം സംഭവത്തിനു പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ മെഡിക്കൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇത് ഉറപ്പിക്കാനാവൂ. യുവതിയുടെ രക്തത്തിലെ സോഡിയം ലെവൽ താഴ്ന്നിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എംആർഐ സ്‌കാനിങ്ങിൽ തലച്ചോറിൽ ഹൈപോക്സിയ ഡാമേജ് കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം മുഷീദയുടെ വെളിപ്പെടുത്തൽ പ്രകാരം പൊലീസ് ഇതുവരെ കേസെടുക്കാത്തതിൽ ആക്ഷേപം ഉയർന്നിട്ടുണ്ട്. കൊച്ചിയിലെ ലഹരിമരുന്ന് മാഫിയാ സംഘങ്ങളാവാം ഹാഷിമും കൂട്ടാളികളുമെന്നാണ് സംശയം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ നിർണ്ണായക വിവരങ്ങൾ ലഭ്യമാകും. എന്നാൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിക്കാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൂട്ടുകാരി മുഷീദയുടെ മൊഴി വനിതാ പൊലീസ് സ്റ്റേഷനിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഇവർ സഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങി. മുഷീദയുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ ഇവരേയും പൊലീസ് സംശയിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close