
സീതത്തോട്: പശ്ചിമഘട്ട മഴക്കാടുകളിൽ കാണുന്ന പറക്കും തവളകളെ കണ്ടെത്തി. മൂന്നുകല്ല് പ്രിയ ഭവനിൽ പ്രവീണിന്റെ വീടിനോട് ചേർന്നാണ് രണ്ടു പറക്കും തവളകൾ (ഇളിത്തേമ്പൻ തവള) കണ്ടെത്തിയത്. റബർ മരത്തിൽ കണ്ടെത്തിയ ഈ രണ്ടു തവളെകളെയും കണ്ട സന്തോഷത്തിലാണ് പ്രവീണും നാട്ടുകാരും.
ശരീരത്തിന്റെ പുറം ഭാഗം കടുത്ത പച്ച നിറവും അടിഭാഗം മുഷിഞ്ഞ വെള്ള നിറവുമാണ്. വളരെ മെലിഞ്ഞ ശരീരമുള്ള ഇവയുടെ കൈകാലുകൾ തീരെ നേർത്തതും വിരലുകൾ വളരെ ചെറുതുമാണ്. ഒരു വൃക്ഷത്തിൽ നിന്നു മറ്റൊരു വൃക്ഷത്തിലേക്കു ഒഴുകി പറക്കാൻ കഴിവുള്ള ഈ തവളകൾ മിക്കപ്പോഴും ഇലകൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് പതിവ്. പകൽ സമയം ഉറങ്ങുകയും രാത്രി സഞ്ചരിക്കുകയും ഇര പിടിക്കുകയും ചെയ്യും. ശരീരത്തിനടിയിലുള്ള നേർത്ത പാട ഉപയോഗിച്ചാണ് ഇവ പറക്കുന്നത്.