KERALANEWSTop News

ബിജെപി നേതാവ് ലക്ഷങ്ങൾ തട്ടിയത് റയിൽവെയിൽ ജോലി വാ​ഗ്ദാനം ചെയ്ത്; വിവാദമായതോടെ ഷിജുവിനെ പുറത്താക്കി കോഴിക്കോട് ജില്ലാ നേതൃത്വം

കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിയായ ബിജെപി പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോഴിക്കോട് ജില്ലാ നേതൃത്വം ആണ് ഇക്കാര്യം അറിയിച്ചത്. മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. നേരത്തേയും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഷിജുവിനെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഷിജുവിനെതിരായ പരാതി. മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തത്.

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. ക്ലാർക്ക് ഉൾപ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനംചെയ്തിരുന്നത്. 40,000 രൂപമുതൽ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരിൽനിന്നായി ഈടാക്കിയിരുന്നത്.

സതേണ്‍ റെയില്‍വേക്ക് ചെയര്‍മാനില്ല എന്ന വസ്തുതയില്‍ നിന്നുമാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവര്‍ക്ക് തോന്നിത്തുടങ്ങിയത്. ഇവരില്‍ ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസിലാവുന്നത്. മലബാര്‍ ജില്ലകളില്‍നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിലും കര്‍ണാടകയിലും വേറെയും. ഇതില്‍ എല്ലാവരും മലയാളികളുമാണ്.

പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് തുക സ്വരൂപിച്ചത്. സർക്കാർജോലി കിട്ടി എന്ന പ്രതീതിയിൽ നിലവിലുള്ള ജോലി കളഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. മലയോരമേഖലയിലെ സാധാരണകുടുംബങ്ങളിൽപ്പെട്ടവരാണ് തട്ടിപ്പിനിരയായത്. അതേസമയം പരാതി ലഭിച്ചിട്ടും പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടില്ല. സാമ്പത്തികത്തട്ടിപ്പുകളിൽ നേരിട്ട് കേസെടുക്കാറില്ലെന്നാണ് ഇതിനുകാരണമായി പറയുന്നത്. പരാതി സ്വീകരിച്ച് രസീത് നൽകുകയാണ് ചെയ്തതെന്ന് പരാതിക്കാർ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പുനടത്തിയ കേസാണിതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

തട്ടിപ്പ് വഴികൾ

റെയിൽവേയിൽ നിയമനവുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചായിരുന്നു ഉദ്യോഗാർഥികളെ വലവീശിപ്പിടിച്ചത്. ചെന്നൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. പന്ത്രണ്ട് വർഷമായി അവിടെ ജോലി ചെയ്യുകയാണെന്നും റെയിൽവേ ബോർഡ് അം​ഗമാണെന്നെല്ലാമായിരുന്നു അവർ വിശ്വസിപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ‘പിൻവാതിൽ നിയമനത്തിനുള്ള’ പ്രതിഫലം വാങ്ങിച്ചിരുന്നത്.

റെയിൽവേയുടെ വിവിധ ഡിവിഷനുകളുടെ പേരിൽ വാട്ട്സാപ്പ് ​ഗ്രൂപ്പുകൾ ഉണ്ടാക്കി ചെയ്യേണ്ട ജോലികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇതിലൂടെ നൽകുകയായിരുന്നു. കോവിഡ് കാലമായതിനാൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലിയും ചെയ്യിച്ചു. ട്രെയിൻ നമ്പറുകൾ നൽകി വേർ ഈസ് മൈ ട്രെയിൻ ആപ്പിന്റെ സഹായത്തോടെ അതാത് വണ്ടികൾ എവിടെയെത്തി, പ്ലാറ്റ്ഫോം നമ്പർ തുടങ്ങിയവ പകർത്തിയെഴുതി നൽകുകയായിരുന്നു ജോലി. ദിവസം പത്ത് തീവണ്ടികളുടെ വിവരങ്ങൾ വരെ ഇത്തരത്തിൽ ചെയ്തവരുണ്ട്. 200 -ഓളം പേജുകൾ വരും ഒരു ദിവസം ചെയ്ത ഡാറ്റകൾ.

വഞ്ചനയുടെ ആഴം

ജോലി ചെയ്തവർക്ക് പ്രതിഫലവും നൽകിയിരുന്നു എന്നുള്ളിടത്താണ് വഞ്ചനയുടെ ആഴം വ്യക്തമാവുന്നത്. 25,000 രൂപമുതൽ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നൽകി. ചില മാസങ്ങളിൽ ​ഗൂ​ഗിൾ പേ വഴിയാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് തട്ടിപ്പിനിരയായവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതിനേക്കുറിച്ച് അന്വേഷിച്ചപ്പോൾ നിങ്ങൾ പ്രൊബേഷൻ പീരിയഡിലാണ്, പിൻവാതിൽ നിയമനമായതിനാലാണ് ഇങ്ങനെയെന്നെല്ലാമാണ് മറുപടി ലഭിച്ചതെന്നും അവർ പറഞ്ഞു. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യാഗാർഥികൾ ബന്ധുക്കളെയും സ്നേഹിതരെയുമെല്ലാം ഇതിന്റെ ഭാ​ഗമാക്കി.

സൈനിങ് എന്ന ഒരു പ്രവൃത്തി തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ ഒരാളായ എടപ്പാൾ സ്വദേശിനി ഉദ്യോ​ഗാർത്ഥികളെക്കൊണ്ട് ചെയ്യിച്ചിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തി ജോലി ലഭിച്ചവർ ഒപ്പിടണമായിരുന്നു. ഇതിന് ആധാർ കാർഡും കൊണ്ടുപോകണം. എത്തുന്നവരിൽ നിന്ന് ആധാർ കാർഡ് വാങ്ങുന്ന എടപ്പാൾ സ്വദേശിനിയെ കുറച്ചുസമയത്തേക്ക് കാണാതാവും. പിന്നെ ആധാറുമായി തിരികെ വരും. അഞ്ചുമാസം വരെ ഇങ്ങനെ ഒപ്പിടാൻ പോയവരുണ്ട്. ഒരിക്കൽ ഒപ്പിടാൻ പോയ ഉദ്യോ​ഗാർത്ഥികൾ തങ്ങൾക്ക് ഓഫീസ് കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇടനിലക്കാരി സമ്മതിച്ചില്ല. പിന്നീട് നിരന്തരം ഇതേ ആവശ്യം ഉന്നയിച്ചതിനേത്തുടർന്ന് ഇവർ ഒപ്പിടാൻ വിളിപ്പിക്കുന്നത് ഷൊർണൂരേക്കും ചെന്നൈയിലേക്കുമെല്ലാം മാറ്റി. ഒരൊപ്പിടാൻ ചെന്നൈ വരെ പോകുന്നതെന്തിനെന്ന സംശയം കൂടി ഇതോടെ ഉയർന്നു.

വഞ്ചിതരായവരുടെ അന്വേഷണം

ഇങ്ങനെയൊരാൾ റെയിൽവേയിലുണ്ടോ എന്ന് തട്ടിപ്പിനിരയായ ചിലർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് തട്ടിപ്പിനിരയായ യുവതി പറഞ്ഞു. ഇതേപ്പറ്റി ചോദിച്ചപ്പോൾ തനിക്ക് തൃശ്ശൂരേക്ക് ട്രാൻസ്ഫർ ആയെന്നാണ് അവർ മറുപടി പറഞ്ഞത്. തൃശ്ശൂരിൽ പോയി അന്വേഷിച്ചപ്പോൾ അവിടെയും അങ്ങനെയൊരാളില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ഐ.ഡി കാർഡ് കാണിക്കാൻ പറഞ്ഞത് ഈ സമയത്താണ്. ഓഫീസിൽ കൊണ്ടുപോവാൻ പറഞ്ഞപ്പോൾ കൂട്ടാക്കുന്നില്ല. ഓരോ കാര്യങ്ങളും തുടർച്ചയായി അന്വേഷിക്കുന്നതുകൊണ്ട് സൈനിങ്ങും താമസിയാതെ നിർത്തിയെന്നും അവർ കൂട്ടിച്ചേർത്തു. ചെന്നൈക്ക് സൈനിങ്ങിന് പോകാനായി തന്ന ടിക്കറ്റ് വ്യാജമായിരുന്നു. പി.എൻ.ആർ നമ്പർ ഇല്ലാതെ ഇടനിലക്കാരിതന്നെ ഉണ്ടാക്കിയ ടിക്കറ്റായിരുന്നു അതെന്നും യുവതി വെളിപ്പെടുത്തി.

തുടർച്ചയായി ശമ്പളം ആവശ്യപ്പെട്ട് വിളിക്കുന്നവരെയെല്ലാം വാട്ട്സാപ്പിൽ ബ്ലോക്ക് ചെയ്തു. ജോലി ആവശ്യമില്ലാത്തവർ ​ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോകണം എന്ന ആവശ്യവുമായി ഇതിനിടെ ഇടനിലക്കാരി തന്നെയെത്തി. ഇതിനുശേഷം ശമ്പളം മുടങ്ങിയവരെല്ലാം ചേർന്ന് ഇടനിലക്കാരിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി തരാനുള്ള പണം ആവശ്യപ്പെട്ടു. ഇതിനിടയിൽ താൻ ചെയ്തത് തട്ടിപ്പാണെന്ന് അവർ പറയുന്നത് തട്ടിപ്പിനിരയായവർ പകർത്തുകയും ചെയ്തിരുന്നു. നിലവിൽ തട്ടിപ്പ് നടത്തിയ മൂന്നുപേരും ഒളിവിലാണ്. ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇനിയാരും ഇതുപോലുള്ള തട്ടിപ്പുകളിൽ വീഴരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് തൊഴിൽതട്ടിപ്പിനിരയായവർ ചേർന്ന് വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കുകയും ചെയ്ത് പോരാട്ടം തുടരുകയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close