KERALANEWSTop News

`അടച്ചുറപ്പുള്ള ഒരു നല്ല വീട് അവളുടെ സ്വപ്നമായിരുന്നു`; പ്രിയതമയുടെ വേർപാടിന്റെ നോവ് മാറാതെ ജെയിംസ്; പുതിയ വീട് കണ്ട് കൊതി തീരത്തെ ജിൻസി യാത്രയായപ്പോൾ

കോട്ടയം: പ്രിയതമയുടെ വേർപാടിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും ജയിംസ് ഉണർന്നിട്ടില്ല. അടച്ചുറപ്പുള്ള വീടാണ് അവൾ സ്വപ്നം കണ്ടിരുന്നതെന്ന് ജെയിംസ് ഓർക്കുന്നു. ‘അടച്ചുറപ്പുള്ള ഒരു നല്ല വീട് അവളുടെ സ്വപ്നമായിരുന്നു. ലോണെടുത്തും കടം വാങ്ങിയും ഒരുപാടു നാളത്തെ സ്വപ്നം രണ്ടു മാസം മുൻപാണ് പൂവണിഞ്ഞത്. ഏപ്രിൽ 23നായിരുന്നു പാലുകാച്ചൽ. എന്നാൽ ആ വീട്ടിൽ കഴിയാനുള്ള യോഗം അവൾക്കുണ്ടായില്ല.’ കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണുമരിച്ച മേലുകാവ് കട്ടിപ്പുരയ്ക്കൽ ജിൻസി ജോണിന്റെ ഭർത്താവ് കെ.ജെ. ജയിംസ് ഇതു പറയുമ്പോൾ കണ്ണുനീർ മറയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ട്രെയിനിൽ നിന്നു തെറിച്ചു വീണ് വെട്ടൂർ ഗവ.എച്ച്എസ്എസിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപിക പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കൽ ജിൻസി ജോണിന് സാരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. നാഗർകോവിലിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരിയായിരുന്നു ജിൻസി. തിരുവല്ല കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗിയിൽ ജിൻസി തനിച്ചായിരുന്നുവെന്നും പ്ലാറ്റ്‌ഫോമിൽ അലക്ഷ്യമായി നടന്ന ഒരാൾ ട്രെയിനിലേക്ക് ചാടിക്കയറുന്നതു ഇതേ കോച്ചിൽ നിന്നു പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങിയ മറ്റൊരു യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുന്നതിന് തൊട്ടുമുൻപായി ജിൻസി പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ അത് റെയിൽവെ പൊലീസിന്റെ അധികാരപരിധിയിലാണെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു.

തിരുവല്ലവരെ ടീച്ചർ അമ്മയോട് 15 മിനിറ്റിലേറെ സംസാരിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. അടുത്തദിവസം അമ്മയെ സന്ദർശിക്കുമെന്ന് അവർ ഫോണിൽ പറയുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ഒരിക്കലും ഇത് ചെയ്യില്ല. കമ്പാർട്ടുമെന്റിനുള്ളിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാമെന്നാണ് ഇവർ പറയുന്നത്.

വീഴ്ചയിൽ തലയുടെ പിൻഭാഗം ഇടിച്ചു വീണതിനാൽ നില ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. അഞ്ചു വർഷമായി വെട്ടൂർ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായി ജോലി ചെയ്ത ജിൻസി കുറച്ചു മാസം മുൻപ് വരെ വർക്കല റെയിൽവേ സ്റ്റേഷന് സമീപം വീട് വാടകയ്‌ക്കെടുത്താണ് രണ്ടു മക്കൾക്കൊപ്പം താമസിച്ചിരുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ മേലുകാവിൽ വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയിൽവേയിൽ ജോലിയുള്ള ഭർത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയിൽവേ ക്വാർട്ടേഴ്‌സിലാണു ഇപ്പോൾ താമസിക്കുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനിൽ വന്നു പോകവേ ഉണ്ടായ ജിൻസിയുടെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്.

ജിൻസിയുടെ മരണത്തിൽ അസ്വഭാവിതകയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. വർക്കല വെട്ടൂ‍ർ ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്ന ജിൻസി എന്നും ട്രെയിനിലാണു ജോലിക്ക് പോയിരുന്നത്. നാഗർകോവിൽ– കോട്ടയം എക്സ്പ്രസിന്റെ ലേഡീസ് കംപാർട്മെന്റിലാണ് ജിൻസി സ്ഥിരമായി തിരിച്ചുവരുന്നത്. കായംകുളം വരെ കൂട്ടുകാർ ഒപ്പമുണ്ട്. എന്നാൽ അവസാന സ്റ്റേഷനിലേക്കടുക്കുന്ന 6.45 –7 സമയത്ത് മിക്ക ദിവസങ്ങളിലും കംപാർട്മെന്റ് കാലിയാണ്. ജിൻസിക്ക് അപകടം സംഭവിച്ചതിന് തൊട്ടുമുൻപ് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ കംപാർട്മെന്റിൽ കയറിയെന്നും ചിലർ ആരോപിക്കുന്നുണ്ട്.

ജിൻസി വീണ വിവരം അറിഞ്ഞിട്ടും ട്രെയിനിലുണ്ടായിരുന്ന ഗാർഡ് കംപാർട്മെന്റിൽ പരിശോധന നടത്തിയില്ലെന്നും റെയിൽവേ ജീവനക്കാരനായ ജയിംസ് പറഞ്ഞു. അന്ന് വളരെ സന്തോഷത്തോടെ കായംകുളം വരെ തന്നോടും വർക്കലവരെ അമ്മയോടും സംസാരിച്ച ജിൻസി വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നുപുറത്തേക്കു ചാടേണ്ട കാര്യമില്ലെന്നു ജയിംസ് പറയുന്നു. ട്രെയിനിന്റെ മറുവശത്തുകൂടി ആരെങ്കിലും കയറി അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവരിൽ നിന്നു രക്ഷപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് ചാടിയതായിരിക്കാമെന്നാണ് ബന്ധുക്കളും കരുതുന്നത്.

സൗമ്യക്കേസിനു ശേഷം ട്രെയിനിൽ ഇടവിട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകണമെന്നു നിർദേശമുണ്ടെങ്കിലും ലേഡീസ് കംപാർട്മെന്റിൽ തനിച്ചു യാത്രചെയ്യുന്ന സ്ത്രീകൾക്കുപോലും സംരക്ഷണമൊരുക്കുന്നില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. ഭയത്തോടെ പുറത്തേക്കു ചാടുന്ന ജിൻസിയുടെ ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിലെ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയും മരണത്തിലെ ദുരൂഹതയും ആരോപിച്ച് കോട്ടയം സ്റ്റേഷനിലെ റെയിൽവേ പൊലീസിലും തിരുവല്ല ആർപിഎഫിലും പരാതി നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close