KERALANEWSTop News

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരിനോട് 65 കോടി രൂപ സഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

മെക്കാനിക്ക് വിഭാഗത്തിൽ ഇനി ശമ്പളം നൽകാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാർക്ക് മാത്രമാണ്. അതേസമയം തൂപ്പുകാരടക്കമുള്ള കരാർ തൊഴിലാളികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം ഇനിയും കിട്ടിയിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാൻസ്പോർട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമവും മാനേജ്മെന്റ് നടത്തുന്നുണ്ട്.

‘കോടതിയിൽ വിശ്വാസം ഉണ്ടെങ്കിൽ സമരം വേണ്ട’; ഹൈക്കോടതി

കൊച്ചി: കോടതിയിൽ വിശ്വാസമുണ്ടെങ്കിൽ കെഎസ്ആർടിസി യൂണിയനുകൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തരത്തിലും തടസ്സമുണ്ടാക്കരുതെന്നു ഹൈക്കോടതി. യൂണിയൻ സമരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുമെന്നു തൊഴിലാളി സംഘടനകൾ ഉറപ്പു നൽകി. ഓഫിസുകളിലെ സമരം അവസാനിപ്പിക്കുമെന്നു കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) അറിയിച്ചതു കോടതി രേഖപ്പെടുത്തി. സർക്കാരിന്റെ തീരുമാനം വൈകരുതെന്നു സംഘടനകൾ ആവശ്യപ്പെട്ടു.

ഭരണപക്ഷ യൂണിയൻ സമരം നടത്തുന്നതു ക്രെഡിറ്റ് ഏറ്റെടുക്കാനാണോ എന്നു കോടതി ചോദിച്ചു. മറ്റുള്ളവരും സമരരംഗത്തുണ്ടെന്നായിരുന്നു മറുപടി. കോടതിയിൽ രാഷ്ട്രീയം വേണ്ടെന്നു കോടതി പ്രതികരിച്ചു. സമരം കൊണ്ടാണു ജീവനക്കാർ രക്ഷപ്പെടാൻ പോകുന്നതെന്നു കരുതുന്നുണ്ടെങ്കിൽ കോടതി ഈ ശ്രമത്തിൽ നിന്നു പിന്മാറാമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിലാണു സമരമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് അറിയിച്ചു. ഓഫിസിനോ ജീവനക്കാർക്കോ ജനങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു കേരള ഡെമോക്രാറ്റിക് ഫെഡറേഷൻ അറിയിച്ചു. എന്നാൽ കെഎസ്ആർടിസി ഓഫിസുകളിൽ എംപ്ലോയീസ് അസോസിയേഷൻ ധർണ നടത്തുന്നുണ്ടെന്ന് അറിഞ്ഞതാണു വിമർശനം ക്ഷണിച്ചു വരുത്തിയത്.

കോടതി ഉത്തരവിട്ടതിനു മുൻപേ തുടങ്ങിയ സമരമാണെന്നും ആർക്കും തടസ്സമുണ്ടാക്കിയിട്ടില്ലെന്നും യൂണിയന്റെ അഭിഭാഷകൻ അറിയിച്ചു. പ്രതീകാത്മക സമരമാണു നടത്തുന്നത്. സിഎംഡി ഒരു മാസമായി ഓഫിസിൽ വന്നിട്ടില്ല. കോടതി പറഞ്ഞിട്ടും മെക്കാനിക്കുകളെ ഒഴിവാക്കി സൂപ്പർവൈസറി ജീവനക്കാർക്കു ശമ്പളം നൽകിയെന്നും ആരോപിച്ചു. കോടതി ഉത്തരവിന്റെ ലംഘനം ഉണ്ടെങ്കിൽ ധർണ ഇരിക്കുകയാണോ വേണ്ടതെന്നു കോടതി ചോദിച്ചു. സിഎംഡി ഉദാസീനമായാണു പ്രവർത്തിക്കുന്നതെങ്കിൽ പരിഹാരം അറിയാം. ജീവനക്കാർക്കും സിഎംഡിക്കും സർക്കാരിനും ഇടയിൽ പാലം ആകാനാണു ശ്രമിച്ചത്. കെഎസ്ആർടിസിയുടെ പ്രവർത്തനമോ ഷെഡ്യൂളോ സർവീസോ തടസ്സപ്പെടുത്താൻ യൂണിയനുകൾ ശ്രമിക്കുകയാണെങ്കിൽ ഈ കേസ് പരിഗണിക്കുന്നതു നിർത്താം. ധർണ കഴിഞ്ഞു ബാക്കി നോക്കാം. അല്ലെങ്കിൽ ധർണ നടത്തുന്ന യൂണിയനുകളിൽ അംഗമല്ലാത്തവർക്കു മാത്രം ഉത്തരവു ബാധകമാക്കാമെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

വേദന മനസ്സിലാകും

ജീവനക്കാരുടെ വേദന നല്ലതു പോലെ അറിയാമെന്നും ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളുടെ കണ്ണീർ കാണാൻ ഇപ്പോൾ കോടതിയേ ഉള്ളൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാദത്തിനിടെ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർ ചില്ലുമേടയിൽ ഇരിക്കുന്നവരാണെന്നു കരുതരുത്. ദുരിതം അറിയുന്നതു കൊണ്ടു തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടത്. ഏറെ കത്തുകൾ വരുന്നുണ്ട്. കെഎസ്ആർടിസി പൂട്ടരുത് എന്നു കരുതിയാണ് ഇടപെടുന്നത്.

കഠിനാധ്വാനം ചെയ്തിട്ടും മാസത്തിന്റെ ആദ്യ ആഴ്ചയെങ്കിലും ശമ്പളം കിട്ടാത്തവരുടെ ദുരിത്രം എത്രയാണെന്ന് ഇനിയും പറയുന്നില്ല. ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും നിത്യച്ചെലവിനും കടം വാങ്ങേണ്ട ഗതികേടിലാണു പലരും. ചോര നീരാക്കി പണിയെടുക്കുന്ന ജീവനക്കാരോടു ബഹുമാനം മാത്രമേ ഉള്ളൂ. 3–4 ദശാബ്ദങ്ങളായി പ്രതിസന്ധിയിലുള്ള സ്ഥാപനത്തെ ഒറ്റ ദിവസം കൊണ്ടു ട്രാക്കിൽ ആക്കാമെന്നു കരുതുന്നില്ലെന്നും കോടതി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close