
ഷിക്കാഗോ: അമേരിക്കൻ സ്വാതന്ത്യദിനാഘോഷ റാലിക്കിടെ ഉണ്ടായ വെടിവെയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഗുരുതര പരുക്കേറ്റ 24 പേർ ആശുപത്രിയിലാണ്. ഹൈലാൻഡ് പാർക്ക് നഗരത്തിലാണു സംഭവം. അമേരിക്കയുടെ സ്വാതന്ത്ര്യ ദിന റാലി കടന്നു പോകുമ്പോൾ ഒരു പ്രകോപനവും കൂടാതെ വെടി ഉതിർക്കുകയായിരുന്നു.റോബർട്ട് ബോബി ക്രിമോ എന്ന 22 കാരനായിരുന്നു വെടിയുതിർത്തത്. തൊട്ടടുത്തുള്ളകെട്ടിടത്തിന്റെ പുരയ്ക്ക് മുകളിൽ കയറി നിന്നായിരുന്നു വെടിയുതിർത്തത്.
ഹൈലാൻഡ് പാർക്ക് പരിസരത്ത് തന്നെയാണ് ഇയാളുടെ താമസം. ഒരു റാപ്പർ കൂടിയായ ബോബി 2010 സിൽവർ ഹോണ്ട ഫിറ്റ് കാറിലാണ് ഇയാൾ രക്ഷപെട്ടത്. ഐ എം ഡി ബി പേജിൽ ഇയാളുടെ ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള വിവരണം റാപ്പർ, ഗായകൻ, ഗാനരചയിതാവ്, നടൻ, സംവിധായകൻ എന്നൊക്കെയാണ്. ഷിക്കാഗോ സ്വദേശിയാണെന്നും പറയുന്നുണ്ട്. മാത്രമല്ല, ഒരു ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിലാണ് ജനനം എന്നും പറയുന്നുണ്ട്.
തന്റെ 11-ാം വയസ്സിൽ സംഗീത സപര്യ തുടങ്ങി എന്ന് അവകാശപ്പെടുന്ന ക്രിമൊ ഇതുവരെ മൂന്ന് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2017-ൽ പുറത്തിറക്കിയ ‘മെസേജസ് ‘ ആയിരുന്നു ആദ്യ ആൽബം. പിന്നീട് 2018-ൽ ‘ഒബ്സർവർ’, 2021-ൽ ‘അവേക്ക് ദി റാപ്പർ’ എന്ന ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സ്പോട്ടിഫൈയിലും തരക്കേടില്ലാത്ത ശ്രോതാക്കൾ ഉള്ളതാണ് ഇയാളുടെ പാട്ടുകൾക്ക്.
യൂ ട്യുബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിരിക്കുന്ന ഇയാളുടെ വീഡിയോ എന്റെ മനസ്സിൽ എന്ന ഒരു ഗാനത്തിന്റെതാണ്. ഇയാൾ തന്നെ രചിച്ച് ഇയാൾ തന്നെ പാടിയിരിക്കുന്ന ഈ ഗാനരംഗത്ത് ഇയാളെ ഒരു സ്കൂളിനകത്ത് ഇരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. സുന്ദരീ, നീ എന്നും എന്റെ മനസ്സിലുണ്ട് എന്നാരംഭിക്കുന്ന വരികൾ വളരെ മന്ദഗതിയിലാണ് ആരംഭിക്കുന്നത്. പിന്നീട് ധൃതതാളത്തിലേക്ക് മാറുന്ന സംഗീതം അതിന്റെ അവസാന ഭാഗത്തെത്തുമ്പോഴേക്കും സ്ക്രീൻ കറുപ്പു നിറമാവുകയും പശ്ചാത്തലത്തിൽ ഒരു ഭ്രാന്തൻ പൊട്ടിച്ചിരി മുഴങ്ങുകയുമാണ്.
സ്വാതന്ത്ര്യ ദിന പരേഡ് തുടങ്ങി ഏകദേശം 15 മിനിറ്റ് കകഴിഞ്ഞപ്പോഴായിരുന്നു വെടിവെപ്പ് തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഞ്ചുപേർ റാലി നടന്ന സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞപ്പോൾ ആറാമത്തെയാൾ മരണമടഞ്ഞത് ആശുപത്രിയിൽ വച്ചായിരുന്നു. 85 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള 20 തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിൽ നാലിലൊന്നും കുട്ടികളാണ്. റാലിയിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾക്കാണ് വെടിയേറ്റത്.
അതേസമയം ഹൈലാൻഡ് പാർക്ക് ഹൈ സ്കൂളിലെ മാർച്ചിങ് ബാൻഡ് സംഘാംഗങ്ങൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 24 ന്ഉവാൽഡയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്ന് അമേരിക്കയിലെ തോക്കുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിക്കുന്ന സമയത്താണ് ഇപ്പോൾ വീണ്ടും ഒരു വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്. ഷിക്കാഗോ ഉൾപ്പെടുന്ന ഇല്ലിനോയിസിന്റെ ഗവർണർ ആയിരുന്നു തോക്ക് സംസ്കാരത്തിനെതിരെ ഉറച്ച ശബ്ദത്തിൽ സംസാരിച്ചിരുന്നത് എന്നത് കേവലം യാദൃശ്ചികമാകാം.
സംഭവസ്ഥലത്തു നിന്നും ഒരു റൈഫിൾ കിട്ടിയതായി പൊലീസ് പറഞ്ഞു. എന്നാൽ, വളരെ ചെറിയ സമയത്ത് അക്രമി തുരുതുരാ വെടി ഉതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അങ്ങനെ വെടിയുതിർക്കണമെങ്കിൽ ഒരു സെമി ഓട്ടോമാറ്റിക് റൈഫിൾ എങ്കിലും അയാൾ ഉപയോഗിച്ചിരിക്കണം എന്നും പൊലീസ് പറയുന്നു. ഇപ്പോൾ ലഭിച്ച റൈഫിൾ ഒരുപക്ഷെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉപേക്ഷിച്ചതാകാം എന്നാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്.
മേയ് 14ന് ന്യൂയോർക്കിലെ ബഫലോയിലുള്ള സൂപ്പർമാർക്കറ്റിൽ 10 പേരും മേയ് 24ന് ടെക്സസിലെ സ്കൂളിൽ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വർഷം കൂടുതൽ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്. അതിനിടെ, ഇന്നലെ പുലർച്ചെ കലിഫോർണിയയിലെ സാക്രമെന്റോയിൽ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. നാലു പേർക്കു പരുക്കുണ്ട്.