‘വല്ലഭന് പുല്ലല്ല, തുണി തന്നെ ആയുധം’; കടയിലെത്തിയ കള്ളനെ തുടക്കുന്ന തുണി കൊണ്ട് അടിച്ചോടിച്ച് യുവതി; വീഡിയോ കാണാം

മോഷണശ്രമങ്ങൾ തടുക്കുന്നവരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ. അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കടയില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ തുടയ്ക്കുന്ന തുണി കൊണ്ട് ആണ് സ്ത്രീ ഇവിടെ അടിച്ചോടിക്കുന്നത്. നെതര്‍ലന്റ്സിലെ ഡെവന്ററിലാണ് സംഭവം. ടര്‍ക്കിഷ്-ഡച്ച് ബേക്കറിയില്‍ കഴിഞ്ഞ ദിവസം പകലാണ് ഈ സംഭവം നടന്നത്. കള്ളനെ കടയില്‍ നിന്ന് തുരത്തിയോടിച്ച രീതിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്.
ലത്തീഫ് പെക്കര്‍ എന്ന സ്ത്രീയാണ് ഈ വീഡിയോയിലെ താരം. തന്റെ മകന്റെ ബേക്കറിയില്‍ പകല്‍ സമയം ഇരിക്കാനായി എത്തിയതായിരുന്നു ഇവര്‍. കടയിലെ ഷെല്‍ഫുകള്‍ തുണി ഉപയോഗിച്ച് തൂത്ത് വൃത്തിയാക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ചയാള്‍ കടയിലേക്ക് പാഞ്ഞ് കയറി, ക്യാഷ് കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പരിഭ്രമിച്ച് നില്‍ക്കാതെ ലത്തീഫ് പെക്കര്‍ ഈ കള്ളനെ തുണി ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി.
കള്ളന് തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അടി തുടരുകയാണ്. ഇതിനിടയില്‍ കടയിലേക്ക് മറ്റൊരാള്‍ കയറി വന്നതോടെ കള്ളന് ഓടി രക്ഷപെടുകയും ചെയ്തു. കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ കണ്ട എല്ലാവരും യുവതിയുടെ ധൈര്യത്തെയാണ് പുകഴ്ത്തുന്നത്.