തൃശൂർ: വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഗ്രൂപ്പ് വിട്ട ഹെഡ് നഴ്‌സുമാര്‍ക്ക് സൂപ്രണ്ട് ഓഫീസില്‍ പ്രവേശനം നിഷേധിക്കുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഹെഡ് നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ആയിരുന്നു സംഭവം. ആശുപത്രി അധികാരികള്‍ ഗ്രൂപ്പില്‍ നഴ്സുമാരെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് 65 ഹെഡ് നഴ്‌സുമാരില്‍ ഗ്രൂപ്പ് വിട്ട 56 പേര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
നഴ്‌സുമാര്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് കട്ടില്‍ ലഭിക്കാതിരുന്ന വയോധികയ്ക്ക് ആരോഗ്യമന്ത്രിയെ ഫോണില്‍ വിളിച്ചശേഷം കട്ടില്‍ ലഭിച്ചെന്ന് രോഗിയുടെ ബന്ധു ഫേസ്ബുക്കിലിട്ട കുറിപ്പ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. കൂടാതെ പേ വാര്‍ഡില്‍ രോഗികള്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇട്ടതിനും ഉത്തരവാദി നഴ്‌സുമാരാണെന്ന് പറഞ്ഞ് പിന്നാലെ മറ്റൊരു പോസ്റ്റും ഗ്രൂപ്പിലിട്ടു. ഇതിനു പിന്നാലെയാണ് നഴ്‌സുമാര്‍ കൂട്ടത്തോടെ ഗ്രൂപ്പ് വിട്ടത്.
ഗ്രൂപ്പില്‍ നിലനില്‍ക്കുന്ന ഒമ്പതുപേര്‍ക്ക് മാത്രമാണ് നഴ്‌സിങ് ഓഫീസറുടെ അനുമതിവാങ്ങാതെ സൂപ്രണ്ടിനെ കാണാന്‍ അനുമതിയുള്ളത്. ഇവരുടെ പേരുകള്‍ അടങ്ങിയ പട്ടിക സുരക്ഷാ വിഭാഗത്തിന് നല്‍കിയിരിക്കുകയാണ്. മരുന്നുകളുടെ ലോക്കല്‍ പര്‍ച്ചേസ്, രോഗികളുടെ ഷിഫ്റ്റിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്ക് ഹെഡ് നഴ്‌സുമാര്‍ക്ക് സൂപ്രണ്ടിനെ കാണേണ്ടതുണ്ട്. വിവേചനത്തിനെതിരേ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് നഴ്‌സിങ് സംഘടനകള്‍ പറഞ്ഞു.