INDIATrending

44 അതിവേഗ ട്രെയിനുകള്‍ക്കുള്ള ചൈനീസ് ടെന്‍ഡര്‍ റദ്ദാക്കി റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് പരിഗണന കൊടുക്കാനുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 44 അതിവേഗ ട്രെയിനുകള്‍ വാങ്ങാനുള്ള ടെന്‍ര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. വന്ദേ ഭാരത് സര്‍വീസുകള്‍ക്കുള്ള 44 ട്രെയിന്‍ സെറ്റുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ റദ്ദാക്കിയതായി വെള്ളിയാഴ്ച രാത്രിയാണ് റെയില്‍വേ ട്വിറ്ററിലൂടെ അറിയിച്ചത്. ടെന്‍ഡര്‍ സമര്‍പ്പിച്ചതില്‍ ഒരേയൊരു വിദേശ ഏജന്‍സി ചൈനീസ് ഉടമസ്ഥതയിലുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണെന്ന സാഹചര്യത്തിലാണ് റെയില്‍വേ ടെന്‍ഡര്‍ റദ്ദാക്കുന്നത്. 44 സെമി ഹൈസ്പീഡ് ട്രെയിന്‍ സെറ്റുകള്‍ (വന്ദേ ഭാരത്) നിര്‍മിക്കാനുള്ള ടെന്‍ഡര്‍ റദ്ദാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് മുന്‍ഗണന കൊടുക്കുന്ന പുതുക്കിയ പബ്ലിക് പ്രൊക്യുര്‍മെന്റ് പ്രകാരം പുതിയ ടെന്‍ഡര്‍ ഒരാഴ്ചയ്ക്കകം പുറത്തിറക്കുമെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു.
ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് കമ്പനിയും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പയനിയര്‍ – ഫില്‍ മെഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് 2015ലാണ് സംയുക്ത സംരംഭം ആരംഭിച്ചത്. ജൂലൈ പത്തിനാണ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പുതിയ ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. ഒരു ഇന്ത്യന്‍ സ്ഥാപനത്തിന് കരാര്‍ കിട്ടണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ ചൈനീസ് കമ്പനി പദ്ധതിയില്‍ മുന്നിലാണെന്ന് അറിഞ്ഞതോടെ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നുവെന്നുമാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, സാന്‍ഗ്രൂരിലെ ഭാരത് ഇന്‍ഡസ്ട്രീസ്, മേധാ സെര്‍വോ ഡ്രൈവസ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്‌സ് എക്വിപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളായിരുന്നു ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു സ്ഥാപനങ്ങള്‍ എന്നു റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
കിഴക്കന്‍ ലഡാഖ് അതിര്‍ത്തിയില്‍ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെയാണ് ചൈനയ്‌ക്കെതിരെ ഇന്ത്യ വ്യാപാരയുദ്ധം കടുപ്പിച്ചത്. ചൈനയില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിച്ചതിനു പുറമെ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. കൊവിഡ് 19 പ്രതിരോധത്തിനായി തെര്‍മല്‍ ക്യാമറകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ ഒരു ചൈനീസ് കമ്പനിയ്ക്ക് അനുകൂലമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു.

Tags
Show More

Related Articles

Back to top button
Close