
തൃശൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. എന്നാല്‍ 45 ദിവസത്തിനുള്ളില്‍ നാലു പാര്‍ട്ടി പ്രവര്‍ത്തകരെ നഷ്ടമായ സംഭവം സിപിഎമ്മിന് മാത്രമായിരിക്കും. ഓഗസ്റ്റ് മാസം ആലപ്പുഴയില്‍ സിയാദിനെയും തിരുവനന്തപുരത്ത് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുക്തരാകുന്നതിന് മുന്‍പാണ് വീണ്ടും ഒരു സഖാവ് കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി ആയ സനൂപിനെ ഇന്നലെ രാത്രിയാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
ചിറ്റിലങ്ങാട് സ്വദേശി നന്ദന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചു. ചിറ്റിലങ്ങാട് സ്വദേശിയായ സുഹൃത്തിന് പ്രദേശത്തു ചിലരുമായുള്ള പ്രശ്നം പരിഹരിക്കാനാണ് സനൂപും മറ്റ് സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തിയത്. ഇവര്‍ സംസാരിച്ചു നില്‍ക്കവെയാണ് ആക്രമണം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സനൂപും സുഹൃത്തുക്കളും ആക്രമണത്തിന് ഇരയായത്. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബജ്രംഗ്ദള് പ്രവര്‍ത്തകനായ നന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് സനൂപിനെയും സംഘത്തെയും ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ മൊഴി നല്കി.