
കൊച്ചി: ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ പരാജയമല്ല, അയാള് ഉള്പ്പെടുന്ന ആ സമൂഹത്തിന്റെ തന്നെ പരാജയമാണത്. സ്നേഹ, മാളവിക ഉഷ, അനന്യ കുമാരി അലക്സ്, ശ്രദ്ധ, താഹിറ അയീസ്… എന്നിങ്ങനെ നീണ്ടുപോകുന്നു ആത്മഹത്യ ചെയ്തവരുടെ പേരുകൾ. ആക്ടിവിസ്റ്റും സോഫ്റ്റ് വെയർ എൻജിനീയറുമായ താഹിറയാണ് പട്ടികയിലെ അവസാന പേരുകാരി. ജീവിതപങ്കാളിയുടെ അപകടമരണത്തെ തുടർന്നുണ്ടായ മനോവിഷമം മൂലം തകർന്നു പോയ താഹിറ കഴിഞ്ഞ ദിവസമാണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. പുരോഗമനവാദം പറയുന്ന തലമുറയാണെങ്കിൽ പോലും ട്രാൻസ് സമൂഹത്തോട് വേണ്ടത്ര പരിഗണന ഈ സമൂഹത്തിനില്ല എന്നതാണ്.
ഈ വർഷം മാത്രം പലകാരണങ്ങളാൽ അഞ്ചു ട്രാൻസ് യുവതികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ശ്രദ്ധ നേടിയ കെ.സ്നേഹയാണ് ഇതിലൊരാൾ. ഫെബ്രുവരിയിലാണ് സ്നേഹ കണ്ണൂരിലെ വീട്ടിൽ തീകൊളുത്തി മരിച്ചത്. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു. പിന്നാലെ മാർച്ച് 12ന് കോട്ടയം സ്വദേശിയായ മാളവിക ഉഷ കൊച്ചിയിലെ താമസ സ്ഥലത്ത് ജീവനൊടുക്കി. പങ്കാളിയുമായുള്ള പ്രശ്നമായിരുന്നു കാരണം. സ്വകാര്യ ആശുപത്രിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾ സഹിക്കാനാവാതെ ട്രാൻസ് ആക്ടിവിസ്റും അവതാരകയും മേക്കപ്പ് ആർട്ടിസ്റ്റുമായ അനന്യ കുമാരി അലക്സ് ആത്മഹത്യയിൽ അഭയം തേടിയത് പൊതുസമൂഹത്തെയാകെ ഞെട്ടിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രിക സമർപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് വാർത്തകളിലിടം പിടിച്ച അനന്യ ജൂലൈ 20നാണ് ഇടപ്പള്ളിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഇതിനു പിന്നാലെ അനന്യയുടെ ജീവിതപങ്കാളിയും ജീവിതം അവസാനിപ്പിച്ചു. സെപ്റ്റംബർ 28നാണ് കൊല്ലത്തുനിന്ന് കൊച്ചിയിൽ പഠിക്കാനെത്തിയ ശ്രദ്ധയെന്ന ട്രാൻസ്ജെൻഡർ ഇടപ്പള്ളിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഓരോ ആത്മഹത്യകളും കൂടുതൽ മാനസിക സമ്മർദത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് ട്രാൻസ് വ്യക്തികളെ തള്ളിവിടുന്നത്. ബന്ധങ്ങളിലുണ്ടാവുന്ന വിള്ളലുകളും ഒറ്റപ്പെടലിൽ തുടങ്ങുന്ന വിഷാദാവസ്ഥയുമെല്ലാം പലരെയും ആത്മഹത്യ പ്രവണതയിലേക്ക് തള്ളിവിടുന്നതായി കേരളപ്രദേശ് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഗ രഞ്ജിനി ചൂണ്ടിക്കാട്ടി.