NEWSTravelTrendingviralWORLD

ആളുകളേക്കാൾ കൂടുതൽ ഞണ്ടുകളാണിവിടെ; ചുവപ്പൻ ഞണ്ടുകൾ വിരുന്നെത്തുന്ന ക്രിസ്മസ് ദ്വീപ്; സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ഇങ്ങനെ

ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും ചുവപ്പന്‍ ഞണ്ടുകളാണ്. മനുഷ്യരേക്കാള്‍ കൂടുതല്‍ ഞണ്ടുകള്‍. അതിനൊരു കാരണമുണ്ട്. ഇത് ഞണ്ടുകളുടെ കുടിയേറ്റ കാലമാണ്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെയും പാലങ്ങളിലൂടെയും സഞ്ചരിച്ച് പ്രജനനത്തിനായി സമുദ്രത്തിലേക്ക് നീങ്ങുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ജന്തു കുടിയേറ്റങ്ങളിലൊന്നാണ് ഇത്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ ഇതിന്റെ അവിശ്വസനീയമായ ദൃശ്യങ്ങളാണ്.

എല്ലാ വര്‍ഷവും, ഒക്ടോബറിലോ നവംബറിലോ പെയ്യുന്ന മഴയ്ക്ക് ശേഷമാണ് ഞണ്ടുകള്‍ വനത്തില്‍ നിന്ന് സമുദ്രത്തിലേക്ക് മുട്ടയിടാനായി പുറപ്പെടുന്നത്. ഏകദേശം 5 കോടിയോളം ഞണ്ടുകള്‍ ഈവിധം യാത്ര പുറപ്പെടുന്നു. റോഡുകളും പാര്‍ക്കുകളും ഞണ്ടുകള്‍ കൈയ്യടക്കുന്നതിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച കാണാന്‍ അവിടത്തുകാര്‍ മാത്രമല്ല, ദൂരെ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നു. ഞണ്ടുകളുടെ ദേശാടന സമയത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയും അവ സഞ്ചരിക്കുന്നു. ചിലപ്പോള്‍ കെട്ടിടത്തിന്റെ കതകിലും, വീടിന്റെ വരാന്തയിലും അവയെ കാണാം. അതുകൊണ്ട് തന്നെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കുടിയേറ്റത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു.

ഞണ്ടുകളുടെ തോടിന് കട്ടി കൂടുതലാണ്, വണ്ടിയുടെ ടയറുകള്‍ പഞ്ചറാകാന്‍ അത് മതി. തന്മൂലം, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഞണ്ടുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ആ സമയത്ത് കാറുകള്‍ റോഡിലിറക്കാന്‍ അനുവാദമില്ല, പകരം റോഡുകള്‍ അടച്ചിടും. ആളുകള്‍ കൂടുതലും വീടുകളില്‍ തന്നെ തങ്ങാറാണ് പതിവ്. അതേസമയം, ദ്വീപില്‍ കാണുന്ന ഈ ചുവപ്പന്‍ ഞണ്ടുകള്‍ സാധാരണയായി ഇലകളും, പഴങ്ങളും, പൂക്കളും ഭക്ഷിക്കുന്നു. ചിലപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെയും അവ തിന്നും.

കുടിയേറ്റ സമയത്ത്, ആണ്‍ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവര്‍ക്ക് പിന്നാലെ പെണ്‍ ഞണ്ടുകളും എത്തും. ഞണ്ടുകള്‍ക്ക് തങ്ങളുടെ മാളങ്ങള്‍ എപ്പോള്‍ ഉപേക്ഷിച്ച് പോവണമെന്ന് കൃത്യമായി അറിയാം. മഴയെയും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയും ആശ്രയിച്ചായിരിക്കും അത്. ഇപ്രാവശ്യം ഈ മാസം അവസാനത്തോടെ അവ സമുദ്ര തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തില്‍ ജാവയ്ക്ക് തൊട്ട് തെക്കായി ഓസ്ട്രേലിയൻ പ്രദേശത്ത് കിടക്കുന്ന അതിമനോഹരമായ ഒരു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. ഒരു നായയുടെ ആകൃതിയിലുള്ള ഈ ദ്വീപിന് 1643 ക്രിസ്മസ് ദിനത്തില്‍ ക്യാപ്റ്റന്‍ വില്ല്യം മൈനേഴ്സ് ആണ് ആ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം.

ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതും മനുഷ്യന്‍റെ പരിമിതമായ ഇടപെടലുകളും മൂലം ഒട്ടനവധി അപൂര്‍വ്വ സസ്യജന്തുജാലങ്ങൾ ഇവിടെ ഇന്നുമുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞർക്കും പ്രകൃതിശാസ്ത്രജ്ഞർക്കും ഏറെ പ്രിയപ്പെട്ട ഒരു പഠനകേന്ദ്രം കൂടിയാണ് ഇവിടം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ്‌ എന്ന് ഇതിനെ വിളിക്കുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.

ദ്വീപിന്‍റെ ഭൂരിഭാഗവും ക്രിസ്മസ് ദ്വീപ് ദേശീയ ഉദ്യാനത്തിന്‍റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളാണ്. സമൃദ്ധമായി പരന്നുകിടക്കുന്ന മൺസൂൺ വനപ്രദേശവും ഫോസ്ഫേറ്റ് നിക്ഷേപവുമാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത.

Remote Dolly Beach, Christmas Island, Australia

ജലകായികവിനോദങ്ങള്‍ക്ക് ഏറെ പേരു കേട്ടതാണ് ക്രിസ്മസ് ദ്വീപ്‌. ഇവിടത്തെ ഡൈവിംഗും സ്‌നോർക്കെലിംഗും ജനപ്രിയമാണ്. ഏകദേശം 60 ലധികം ഡൈവ് സൈറ്റുകള്‍ ഉള്ള ദ്വീപില്‍ വർഷം മുഴുവൻ ഇവയ്ക്കുള്ള സൗകര്യം കാണും. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടവയടക്കം 575 ലധികം ഉഷ്ണമേഖലാ മത്സ്യങ്ങളെ കാണാനുള്ള അവസരം കൂടിയാണിത്. ക്രിസ്മസ് ഐലന്‍ഡ് നാഷണൽ പാർക്കിലൂടെയുള്ള നടത്തവും സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം.

ഗോള്‍ഡന്‍ ബോസണുകൾ, ഫ്രിഗേറ്റ് പക്ഷികൾ, ചുവപ്പ്, തവിട്ട് നിറമുള്ള പാദങ്ങളോടു കൂടിയ ബൂബീസ് തുടങ്ങി മനോഹരവും അപൂർവവുമായ നിരവധി പക്ഷികളെ ഇവിടെ കാണാൻ കഴിയും. പക്ഷി പ്രേമികള്‍ക്കായി എല്ലാവര്‍ഷവും സെപ്റ്റംബറില്‍ ബേർഡ് നേച്ചർ വീക്ക് നടത്തിവരുന്നു. ലോകമെമ്പാടുമുള്ള നിരവധി പക്ഷിനിരീക്ഷകര്‍ ഇക്കാലത്ത് ദ്വീപിലെത്തുന്നു. മാർഗരറ്റ് നോൾ ആണ് പക്ഷി നിരീക്ഷണത്തിനുള്ള മറ്റൊരു മികച്ച ഇടം.

ക്രിസ്മസ് ദ്വീപിൽ ഏകദേശം 80 കിലോമീറ്റർ നീളത്തില്‍ തീരപ്രദേശമുണ്ടെങ്കിലും കുറച്ചു ഭാഗങ്ങളില്‍ മാത്രമേ എളുപ്പത്തില്‍ എത്തിച്ചേരാനാവൂ. ചുറ്റുമുള്ള മലഞ്ചെരിവുകളാണ് ഇതിനു കാരണം.

ഫ്ലൈയിംഗ് ഫിഷ് കോവ് (പ്രധാന ബീച്ച്), ലില്ലി ബീച്ച്, എഥേൽ ബീച്ച്, ഇസബെൽ ബീച്ച് എന്നിവ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ബീച്ചുകളിൽ ഉൾപ്പെടുന്നു. അതേസമയം, ഗ്രെറ്റ ബീച്ച്, ഡോളി ബീച്ച്, വിനിഫ്രഡ് ബീച്ച്, മെരിയൽ ബീച്ച്, വെസ്റ്റ് വൈറ്റ് ബീച്ച് എന്നീ ബീച്ചുകളില്‍ എത്താന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

പശ്ചിമ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ക്രിസ്മസ് ദ്വീപ് വിമാനത്താവളത്തിലേക്ക് വിർജിൻ ഓസ്‌ട്രേലിയ റീജിയണൽ എയർലൈൻസിന്‍റെ രണ്ട് വിമാന സർവീസുകൾ ആഴ്ചതോറുമുണ്ട്. ക്രിസ്മസ് ഐലന്റ് ട്രാവൽ എക്സ്ചേഞ്ച് വഴി ഗരുഡ ഇന്തോനേഷ്യ ജക്കാർത്തയിൽ നിന്ന് ആഴ്ചതോറും ഓപ്പൺ ചാർട്ടർ ഫ്ലൈറ്റുകൾ ലഭ്യമാക്കുന്നുണ്ട്. എവർക്രോൺ എയർ സർവീസസ് വഴി മാലിൻഡോ എയർ ക്വാലാലംപൂരിൽ നിന്ന് ഒന്നിടവിട്ട ദിനങ്ങളില്‍ ഓപ്പൺ ചാർട്ടർ വിമാന സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്ക് കാറുകൾ വാടകയ്ക്ക് കിട്ടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close