
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായുളള ധനസഹായ വിതരണം ഇന്നു മുതൽ ആരംഭിക്കും. ഇതുവരെ അപേക്ഷ സമർപ്പിച്ചവരിൽ അർഹരായ മുപ്പത്താറായിരം പേര്‍ക്ക് ഇതോടെ സഹായം ലഭിക്കും. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പുതുക്കിയ മാനദണ്ഡപ്രകാരം 17, 277 മരണങ്ങള് കൂടി കേരളം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഏര്‍പ്പെടുത്തിയ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുളള 50000 രൂപ സഹായമാണ് നല്‍കുന്നത്. ഇതുവരെ അപേക്ഷ നല്‍കിയത് 38402 പേരാണ്. ഇതില്‍ അംഗീകരിച്ച 36000 പേര്‍ക്ക് രണ്ടു ദിവസത്തിനകം തുക നല്‍കാനാണ് ചീഫ് സെക്രട്ടറി വി.പി ജോയ് നിര്‍ദേശിച്ചിരിക്കുന്നത്. കലക്ടര്‍മാര്‍ക്കാണ് ചുമതല.
ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും തുക വിതരണം ചെയ്യും. എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായകമായ വിധത്തില്‍ സോഫ്റ്റ് വെയര്‍ പരിഷ്കരിക്കാനും ശ്രമം തുടങ്ങി. കോവിഡ് നഷ്ടപരിഹാരവിതരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരക്കിട്ടുളള നീക്കം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായുളള സഹായ വിതരണവും ഇതോടൊപ്പം നടത്തും. 3794 കുട്ടികളെ സഹായത്തിനര്ഹരായി കണ്ടെത്തിയിട്ടുണ്ട്. 101 പേരുടെ വെരിഫിക്കേഷന് പൂര്‍ത്തിയായി. അതേസമയം ഒൗദ്യോഗിക പട്ടികയിലേയ്ക്ക് പഴയ മരണക്കണക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് തുടരുകയാണ്. ഇതുവരെ കൂട്ടിച്ചേര്‍ത്തത് 17, 277 മരണങ്ങള്. മരണക്കണക്കുകള്‍ കേരളം ഒളിപ്പിച്ചുവെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പ്രതിദിനം കൂട്ടിച്ചേര്‍ക്കുന്ന കണക്കുകള്‍.