
തിരുവനന്തപുരം: പിണറായിക്കും മദ്യനയത്തിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തെ മദ്യത്തിൽ മുക്കി സർക്കാരിന്റെ വരുമാനം ഇരട്ടിപ്പിക്കുകയും പാർട്ടിക്ക് പണമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിണറായി സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിച്ചതെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം.
വീടുകളും ജോലിസ്ഥലങ്ങളും മദ്യനിർമാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സർക്കാരിന്റെ പുതിയ മദ്യനയം വൻദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും സുധാകരൻ പറഞ്ഞു. മദ്യമാണ് സർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗം. കഴിഞ്ഞ വർഷം മദ്യത്തിൽ നിന്നും പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നും ലഭിച്ചത് 22,962 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 55 ശതമാനം (13,730 കോടി) മദ്യത്തിൽ നിന്നും 45 ശതമാനം (11,234 കോടി) പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നുമാണ് സുധാകരൻ ചൂണ്ടാക്കാട്ടി.
കേന്ദ്രസർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് നിരന്തരം വില കൂട്ടുന്നതിനാൽ സംസ്ഥാന സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കുന്നു. അതുപോലെ മദ്യം വ്യാപകമാകുമ്പോൾ അതിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കും. പുതിയ മദ്യശാലകൾ തുറക്കാൻ കോടികളാണ് വാരിവിതറുന്നതെന്നും സുധാകരൻ പറഞ്ഞു.ഐടി പാർക്കുകളിൽ പ്രത്യേക മദ്യശാലകൾ തുറക്കുന്നത് യുവജനതയെ മദ്യത്തിലേക്ക് കൂടുതലായി ആകർഷിക്കും. ഏറെ സമ്മർദത്തിലും രാത്രി വൈകിയും ജോലി ചെയ്യുന്ന യുവജനത, തൊട്ടടുത്ത് ലഭ്യമാകുന്ന മദ്യത്തിന് അടിമപ്പെടാനുളള സാധ്യത ഏറെയാണ്.
കാർഷികോല്പന്നങ്ങളിൽ നിന്ന് മദ്യവും വൈനും ഉല്പാദിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയന്ത്രിതമായ തോതിൽ വീട്ടാവശ്യത്തിനാണ് ഇപ്പോൾ വൈൻ നിർമിക്കുന്നത്. അതു വ്യവസായമാകുമ്പോൾ ഉല്പാദനവും ഉപഭോഗവും പതിന്മടങ്ങാകും. ഓരോ വീടും മദ്യനിർമാണ യൂണിറ്റായാലും അത്ഭതുപ്പെടേണ്ടതില്ല. ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാൽ മതി എന്ന പഴഞ്ചൊല്ലുപോലെ കേരളം മദ്യത്തിൽ മുങ്ങിത്താഴ്ന്നാലും അതിൽ നിന്നു സർക്കാരിനും പാർട്ടിക്കും പണം കിട്ടിയാൽ മതിയെന്ന പിണറായി സർക്കാരിന്റെ നിലപാട് ആത്മഹത്യാപരമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.