KERALANEWSTrending

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയിൽ; അറസ്റ്റ് ഒഴിവാക്കാൻ നീക്കം തുടങ്ങി കാവ്യ മാധവനും; ഒരു കുടുംബം തന്നെ അഴിക്കുള്ളിൽ ആകുമ്പോൾ..?

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം. കേസിൽ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയിൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തുടരന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചനാ കേസിൽ ഇന്നലെ സൈബർ ഹാക്കർ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകർക്ക് െ്രെകംബ്രാഞ്ച് നോട്ടീസ് നൽകി. രാമൻപിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്.

അതേസമയം ചോദ്യം ചെയ്യൽ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ കാവ്യ മാധവൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതോടെയാണ് താരം അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയത്. മുൻകൂർ ജാമ്യത്തിനായി ഇന്ന് തന്നെ താരം ഹൈക്കോടതിയെ സമീപിക്കും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കാവ്യ മാധവൻ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഒന്നാംപ്രതി പൾസർ സുനി പറയുന്ന മാഡം കാവ്യ മാധവനാണെന്ന മൊഴിയുടേയും ശബ്ദരേഖയുടേയും അടിസ്ഥാനത്തിലാണു ചോദ്യംചെയ്യൽ. ‘മാഡം’ കാവ്യതന്നെയെന്നു ക്രൈംബ്രാഞ്ച് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ദിലീപ് ഉൾപ്പെടെയുള്ള ഒന്നു മുതൽ ആറു പ്രതികൾക്കു ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം നൽകിയിരുന്നു. കാവ്യയ്ക്കും മുൻകൂർജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നപക്ഷം അറസ്റ്റിനു തൽക്കാലം സാധ്യതയില്ല. അതിനിടെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് കൂടുതൽ സ്വതന്ത്രമായ സ്ഥലം വേണമെന്നാണ് ആവശ്യം. ഈ സ്ഥലം കാവ്യയ്ക്ക് നിർദ്ദേശിക്കാം എന്നതാണ് നിലപാട്. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിന് കാവ്യ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ട്. നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിലും കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു. അന്ന് കാവ്യ കേസിൽ പ്രതിയല്ലെന്ന് കോടതിയെ പൊലീസ് അറിയിക്കുകയായിരുന്നു. എന്നാൽ രണ്ടാമതും കാവ്യ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയാൽ ക്രൈംബ്രാഞ്ച് എടുക്കുന്ന നിലപാട് നിർണ്ണായകമാകും. നാളെ കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമോ എന്നതും നിർണ്ണായകമാണ്.

ആലുവയിലെ വീട്ടിൽവച്ചു ചോദ്യം ചെയ്യാമെന്നു ക്രൈംബ്രാഞ്ചിനെ കാവ്യ അറിയിച്ചിരുന്നു. പിന്നീടു നിലപാടു മാറ്റിയെന്നും റിപ്പോർട്ടുണ്ട്. ഇത ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുന്നില്ല. അതോടെ എവിടെവച്ചു ചോദ്യംചെയ്യലിനു വിധേയമാകാൻ കഴിയുമെന്ന് അറിയിക്കാൻ ക്രൈംബ്രാഞ്ച് കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള കാവ്യയുടെ മറുപടി നിർണ്ണായകമാകും. കാവ്യ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പരമരഹസ്യമാക്കുകയാണ് കാവ്യയുടെ വിവരങ്ങൾ ദിലീപ് ക്യാമ്പ്. അറസ്റ്റ് ഭയത്താലാണ് ഇത്.

ചോദ്യംചെയ്യലിനു ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാൻ കാവ്യക്കു ക്രൈംബ്രാഞ്ച് അവസരം നൽകിയിരുന്നു. ചെന്നൈയിലുള്ള കാവ്യാ മാധവൻ കഴിഞ്ഞദിവസം തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും അവർ തിരികെ വന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണു ചോദ്യം ചെയ്യൽ.

കേസിലെ ഗൂഢാലോചനയിൽ കാവ്യയുടെ പങ്കു സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുനനു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ദിലീപിന്റെ അളിയൻ സുരാജിന്റെ ശബ്ദരേഖയ്ക്കു കാവ്യ നൽകുന്ന മറുപടി കേസിൽ അതീവനിർണായകമാണ്.

2017ൽ കേസിന്റെ ആദ്യ ഘട്ടത്തിൽ സംഭവങ്ങളിൽ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എന്നാൽ മൂന്നുമാസമായി നടക്കുന്ന തുടരന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം കേസിൽ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് പ്രതികൾ എത്തിച്ചതു കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിനു ദിവസങ്ങൾക്കുമുമ്പു കാവ്യ തൃശൂരിലേക്കു പോയപ്പോൾ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നതു പൾസർ സുനിയാണെന്നും റിപ്പോർട്ടുകളുണ്ട്. വി.ഐ.പി. എന്നു വിശേഷിപ്പിക്കപ്പെട്ട ഇവരുടെ സുഹൃത്ത് ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോൾ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്നു ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലിൽ പലപ്പോഴും കരഞ്ഞ കാവ്യ കാവ്യ ചില ചോദ്യങ്ങൾക്കു വ്യക്തമല്ലാത്ത മറുപടികളായിരുന്നു നൽകിയത്. പൾസർ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണു നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. നാളെ കാവ്യയെ ചോദ്യം ചെയ്യുന്നതിനു വിശദമായ ചോദ്യാവലി ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close