NEWSTravelTrendingWORLD

മനുഷ്യനും മീനും ഉറുമ്പുകൾ വരെ ചത്തുവീഴും; നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആരും കാലെടുത്തുവെക്കാത്ത ഒരു ദ്വീപ്! ഇവിടെ കാലുകുത്തിയാൽ മഹാരോഗങ്ങൾ ഉറപ്പെന്നും പ്രവചനം; ആ നരക ദ്വീപി​ന്റെ കഥ ഇങ്ങനെ…

ലഗൂണുകളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു മൽസ്യ ബന്ധന ഗ്രാമം, വോസ്രോഷ്ഡെനിയ. കസാക്കിസ്ഥാന്റെയും ഉസ്‌ബെക്കിസ്ഥാന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ​ഗ്രാമം ഒരു കാലത്ത് അതിമനോഹരമായ ദ്വീപായിരുന്നു. എന്നാൽ പെട്ടന്ന് ദ്വീപിനു ചുറ്റുമുണ്ടായിരുന്ന കടൽ വറ്റി വരളാൻ തുടങ്ങി. ഇന്ന് ആ ​ഗ്രാമം വെറും തരിശു ഭൂമിയായി മാറിയിരിക്കുകയാണ്.

ഇന്ന് ആ ​ഗ്രാമത്തിൽ‌ എങ്ങും ഉപ്പ് നിറഞ്ഞ അന്തരീക്ഷമാണ്. താപനില 60 ഡിഗ്രി വരെ എത്തുന്നതോടെ അവിടെത്തെ ജീവന്റെ അടയാളങ്ങൾ പൂർണമായും തുടച്ച് നീക്കപ്പെട്ടു പോയിരിക്കുന്നു. ഒരിക്കൽ ഏകദേശം 1,500 ഓളം പേർ താമസിച്ചിരുന്ന ദ്വീപിലെ ഒരു പ്രധാന പട്ടണമായിരുന്നു കാന്റുബെക്ക്. അതിന്ന് തകർന്നടിഞ്ഞു കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ ഇടങ്ങളിൽ ഒന്നായിട്ടാണ് ദ്വീപിനെ ഇന്ന് കണക്കാക്കുന്നത്.

സോവിയറ്റ് യൂണിയന്റെ ജൈവായുധ പരീക്ഷണങ്ങളാണ് ദ്വീപിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. സോവിയറ്റ് രഹസ്യ ജൈവായുധ നിർമ്മാണശാലകളിൽ ഒന്നായിരുന്നു വോസ്രോഷ്ഡെനിയ ദ്വീപ്. 1948-ലാണ് സോവിയറ്റ് യൂനിയൻ അവരുടെ ആദ്യ ജൈവായുധ ലബോറട്ടറി ഇവിടെ സ്ഥാപിക്കുന്നത്. ആന്ത്രാക്‌സ്, ബ്യൂബോണിക് പ്ലേഗ്, വസൂരി പോലുള്ള രോഗങ്ങൾ പരീക്ഷിച്ചിരുന്നത് അവിടത്തെ മണ്ണിലാണ്. ഇന്നും അവിടത്തെ കാറ്റിലും മണ്ണിലും അപകടകാരികളായ രോഗാണുക്കളുടെ സാന്നിധ്യമുണ്ട്.

ആറൽ കടലിനാൽ ചുറ്റപ്പെട്ട വോസ്രോഷ്ഡെനിയ തീർത്തും ഒറ്റപ്പെട്ട ഒരു ഭൂപ്രദേശമായിരുന്നു. ഈ ദ്വീപിനെ കുറിച്ച് രാജ്യത്തിന് പുറത്തുള്ളവർക്ക് കാര്യമായ അറിവുണ്ടായിരുന്നില്ല. എന്തിനേറെ സോവിയറ്റ് ഭൂപടങ്ങളിൽ പോലും ഈ സ്ഥലം ദൃശ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ജൈവായുധങ്ങൾ പരീക്ഷിക്കാൻ പറ്റിയ ഒരു സ്ഥലമായി ഈ ദ്വീപിനെ സോവിയറ്റ് കണ്ടു. അവർ അതിനെ ആരാൽസ്‌ക് -7 എന്ന് വിളിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ച വരെ, ഈ ദ്വീപിൽ വിവിധ രോഗാണുക്കളെ പരീക്ഷിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്തു.

തീർത്തും അപകടകരമായ ഒന്നാണ് ആന്ത്രാക്‌സ് എന്ന് തിരിച്ചറിഞ്ഞതോടെ 1988-ൽ അതിനെ നിർമാർജനം ചെയ്യാനുള്ള വഴികൾ സോവിയറ്റ് യൂണിയൻ തേടി. തുടർന്ന്, ഏകദേശം 100 മുതൽ 200 ടൺ ആന്ത്രാക്സാണ് ദ്വീപിലെ ആഴമേറിയ കുഴികളിൽ നിക്ഷേപിക്കപ്പെട്ടത്. എന്നാൽ ആന്ത്രാക്‌സിന്റെ ബീജകോശങ്ങൾ നശിക്കാൻ പ്രയാസമാണ്. നൂറുകണക്കിന് വർഷങ്ങളോളം അത് ഭൂമിക്കടിയിൽ നിലനിൽക്കും. പോരെങ്കിൽ, ഈ കുഴികളുടെ കൃത്യമായ സ്ഥാനം ഒരിക്കലും വെളിപ്പെടുത്തിയിട്ടുമില്ലായിരുന്നു.

ഈ പ്രതിസന്ധിയിൽ മറ്റാരെങ്കിലും അത് കണ്ടെത്തുമോ എന്നും ദുരുപയോഗം ചെയ്യുമോ എന്നും ഭയന്ന യു എസ് അതിനെ ദ്വീപിൽ നിന്നും തുടച്ച് നീക്കാൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കിലോ വരുന്ന വീര്യമേറിയ ബ്ലീച്ച് മാസങ്ങളോളം പ്രവർത്തകർ അവിടെ തളിച്ചു. ഈ രീതിയിൽ അണുക്കളെ ഇല്ലാതാക്കാൻ അവർക്ക് സാധിച്ചു. ദശലക്ഷക്കണക്കിന് ഡോളറാണ് യുഎസ് ഇതിനായി ചിലവഴിച്ചത്. അതേസമയം, മാലിന്യം തള്ളുന്ന കുഴികളിലും പരിസരത്തും ഇപ്പോഴും ആന്ത്രാക്‌സ് ഉണ്ടെന്ന് ചില വിദഗ്ധർ അവകാശപ്പെടുന്നു.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നും ആളുകൾ അവിടേയ്ക്ക് കടക്കാൻ ഭയക്കുന്നു. ദ്വീപിന്റെ സമീപത്ത് വന്നവർ പോലും അതിന്റെ ഭീകരതയ്ക്ക് പാത്രമായിട്ടുണ്ട്. 1971-ൽ, ദ്വീപിന്റെ സമീപം പോയ ഒരു യുവ ശാസ്ത്രജ്ഞയ്ക്ക് വസൂരി ബാധിച്ചു. രോഗത്തിനെതിരെ വാക്‌സിനേഷൻ എടുത്തിരുന്നിട്ടും അവർക്ക് അത് വന്നു. മാത്രവുമല്ല അവർ ഒമ്പത് പേർക്ക് കൂടി രോഗം പരത്തി. അതിൽ മൂന്ന് പേർ മരണപെട്ടു.

സംഭവം നടന്ന് ഒരു വർഷത്തിനുശേഷം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ദ്വീപിന് സമീപമുള്ള ഒരു ബോട്ടിൽ നിന്ന് കണ്ടെത്തുകയുണ്ടായി. പ്ലേഗ് ബാധിച്ചാണ് അവർ മരിച്ചതെന്ന് അനുമാനിക്കുന്നു. മനുഷ്യർ മാത്രമല്ല സമീപത്ത് എത്തുന്ന മീനുകൾ, ഉറുമ്പുകൾ പോലും ചത്ത് വീഴുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ദ്വീപ് ഇന്നും ആരും കടന്ന് ചെല്ലാൻ ഭയക്കുന്ന ചാവ് നിലമായി അവശേഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close