
തിരുവനന്തപുരം: മീനിൽ മായം ചേർക്കുന്നത് വർദ്ധിച്ചതോടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറർക്ക് നിർദേശം നൽകി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തു വീഴുകയും ചെയ്തതോടെ നാട്ടുകാരും ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് മന്തിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
നെടുങ്കണ്ടത്തെ ആറ് പോയിന്റുകളിൽ നിന്നും ശേഖരിച്ച എട്ട് സാമ്പിളുകൾ എറണാകുളത്തെ കാക്കനാട്ടുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്.
നെടുങ്കണ്ടത്ത് മീൻകറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതുമായ വാർത്തയെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെതന്നെ പ്രദേശത്ത് പരിശോധന നടത്തി.
ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ ആറ് വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മത്സ്യസാമ്പിളുകൾ ശേഖരിച്ചത്. തൂക്കുപാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ നിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്.
മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന് അവർ സ്ഥലത്തെ വെറ്റിറിനറി സർജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഒരു പൂച്ച ചത്തു. ഇതേ കാലയളവിൽ തന്നെ മത്തി മീൻ കഴിച്ച് പൂച്ച ചത്തതായി അയൽവാസികളിൽ ഒരാളും പരാതിപ്പെട്ടു.
ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്റിറിനറി സർജൻ അറിയിച്ചു. അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി മെഡിക്കൽ ഓഫീസറും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തരമായി അന്വേഷിച്ച് സാമ്പിളുകൾ ശേഖരിച്ച് തുടർ നടപടികൾ സ്വീകരിച്ചത്.