
കൊല്ലം: വീടും സ്ഥലവും വിലയ്ക്കെടുക്കാമെന്ന് പറഞ്ഞ് കേരള ബാങ്കിൽ പ്രമാണം പണയപ്പെടുത്തി പണം തട്ടിയതായി വീട്ടമ്മയുടെ പരാതി. കൊല്ലം ജില്ലയിലെ നെടുമ്പന സ്വദേശിയായ ശ്രീലതയുടെ പേരിലുള്ള ഭൂമി പണയപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രമാണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ശ്രീലതയും കുടുംബവും കശുവണ്ടി മുതലാളിയുടെ വീടിനുമുന്നിൽ സത്യാഗ്രഹസമരത്തിലാണ്.
കൊല്ലം നെടുമ്പന സ്വദേശി വിജയന്റെ ഭാര്യ ശ്രീലതയുടെ ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമിയാണ് 2020ൽ 50 ലക്ഷം രൂപയ്ക്ക് മയ്യനാട് സർവീസ് ബാങ്കിൽ ഇയാൾ പണയപ്പെടുത്തിയത്. വലിയ തുകയ്ക്ക് ഈ ഭൂമി വാങ്ങാമെന്ന വാഗ്ദാനവുമായണ് പ്രദേശവാസിയായ ഇടനിലക്കാരൻ മുഖാന്തരം കൊല്ലം പട്ടത്താനം സ്വദേശി പ്രതാപചന്ദ്രൻ ഇവരെ സമീപിച്ചത്. പിന്നീട് അഡ്വാൻസ് നൽകാനായി എന്ന പേരിൽ മയ്യനാട് ബാങ്കിൽ വെച്ച് ചില പേപ്പറുകളിൽ ഒപ്പിടുവിച്ചു എന്നാണ് കുടുംബത്തിൻറെ പരാതി.
പിന്നീടാണ് ബാങ്കിൽനിന്ന് ഭൂമി പണയത്തിലാണെന്ന വിവരം അറിയുന്നത് എന്ന് കുടുംബം പറയുന്നു. ‘ലോൺ ശരിയായില്ലല്ലോ എന്ന് വിചാരിച്ച് ഞാൻ ചേട്ടനെ ബാങ്കിൽ വിട്ടു. അപ്പോഴാണ് ബാങ്ക് പറയുന്നത് വസ്തുവിന്റെ പ്രമാണം കാണിച്ച് 50 ലക്ഷം രൂപയെടുത്ത കാര്യം’- ശ്രീലത പറഞ്ഞു. വിവരമറിഞ്ഞ് ശ്രീലതയും കുടുംബവും കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. പലതവണ പ്രമാണം തിരികെ ആവശ്യപ്പെട്ടിട്ടും വെല്ലുവിളിയായിരുന്നു മറുപടിയെന്നും ആരോപണം. ‘ഞങ്ങൾ ലോൺ എടുത്തിട്ടില്ല. കള്ളം പറഞ്ഞ് അവൻ ഒപ്പിടുവിച്ചതാണ്’ എന്നാണ് കുടുംബം പറയുന്നത്.
ഇതിനെത്തുടർന്നാണ് ശ്രീലതയും കുടുംബവും പ്രതാപചന്ദ്രന്റെ വീടിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചത്. പ്രമാണം തിരികെ ലഭിക്കും വരെ സമരം തുടരാനാണ് തീരുമാനം. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് പ്രതാപചന്ദ്രനും കുടുംബവും ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.