KERALANEWSTrending

കെഎസ്ആർടിസി തൊഴിലാളികൾ ശമ്പളമില്ലാതെ വലയുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ​ഗതാ​ഗത മന്ത്രി; തൊഴിലാളി വർ​ഗ പാർട്ടി ഭരിക്കുന്ന നാട്ടിലെ പ്രത്യേകതരം സോഷ്യലിസം ഇങ്ങനെ..

തൃശൂർ: കെഎസ്ആർടിസിയിൽ തൊഴിലാളികൾ ശബളമില്ലാതെ പട്ടിണിയിൽ കിടക്കുമ്പോൾ തൃശ്ശൂർ പൂരം കണ്ട് രസിച്ച് ​ഗതാ​ഗത മന്ത്രി. തൊഴിലാളി വർ​ഗ പാർട്ടി ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ എന്നുള്ളതാണ് എടുത്ത് പറയേണ്ട കാര്യം. ഒരു ഭാ​ഗത്ത് ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താൻ കഴിയാതെ മാനേജ്‌മെന്റ് നട്ടംതിരിയുമ്പോൾ മറു ഭാ​ഗത്ത് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശപര്യടനത്തിനായി യാത്ര തിരിച്ചിരിക്കുകയാണ്. തലപ്പത്തുള്ളവരെല്ലാം ആഘോഷങ്ങളും ആർഭാടങ്ങളുമായി നടക്കുമ്പോൾ പട്ടിണിയിലാകുന്നത് തൊഴിലാളികൾ മാത്രമാണെന്നുള്ളതാണ് വാസ്തവം.

എന്നാൽ ശമ്പളക്കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ബിജു പ്രഭാകർ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാം ആണ് സന്ദര്‍ശിക്കുന്നത്.

യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നു പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു. ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് മെയ് 11, 12 തീയതികളിൽ ബിജു പ്രഭാകർ പങ്കെടുക്കുന്നത്. 13, 14 തീയതികളിൽ നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. മുൻ സർക്കാരുകളുടെ കാലത്തും കെഎസ്ആർടിസി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുവേണ്ടി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ​ഗതാഗത സെക്രട്ടറിമാർ, ​ട്രാൻസ്പോർട്ട് കമ്മിഷണർമാർ, പൊതുമേഖലയിൽ ഉള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സിഇഒമാർ തുടങ്ങിയവർക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണെന്നും ജി.എ.ഡിയിൽ നിന്നുള്ള തുക ഉപയോ​ഗിച്ചാണ് ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതെന്നും ഓഫീസ് വ്യക്തമാക്കി.

സാധാരണ ഡെലി​ഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. എന്നാൽ, പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നൽകിയാൽ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോൾ ഗതാ​ഗത / ന​ഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് ബിജു പ്രഭാകറിന് സംസ്ഥാനസർക്കാർ കോൺഫറൻസിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്. കേരള ​ഗതാ​ഗത സെക്രട്ടറിയെക്കൂടാതെ ഇന്ത്യയിലെ അഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള ​ഗതാ​ഗതവകുപ്പിലേയും പൊതുമേഖലാസ്ഥാപനങ്ങളിലേയും ഉദ്യോ​ഗസ്ഥർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇലക്ട്രിക് ബസിന് പുറമെ സി.എൻ.ജി, എൽ.എൻ.ജി ബസുകൾക്കും, കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് പോലെ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിലേക്ക് എങ്ങനെ മാറാം എന്ന കാര്യങ്ങളെക്കുറിച്ചും സംസ്ഥാന ​ഗതാ​ഗത വകുപ്പ് പഠനം നടത്തുന്ന സമയത്താണ് ഇത്തരത്തിലൊരു കോൺഫറൻസ് നടക്കുന്നത്. ഒരു ബസ് വാങ്ങുന്നത് 15 വർഷത്തിലേക്കാണ്. അത് വാങ്ങുന്നതിന് മുൻപ് ഇതിന് ഉത്തരവാദിത്വപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് ഇതിന്റെ ടെക്നോ, എക്ണോമിക് ഫീസിബിലിറ്റി മനസിലാക്കുന്നതിന് ഇത്തരത്തിലുള്ള രാജ്യാന്തര കോൺഫറൻസുകൾ ഗുണകരമാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആറാം തീയതി തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്ന ​ഗതാ​ഗത മന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്നും എംപ്ലോയീസ് യൂണിയൻ സംസ്ഥാന വർക്കിം​ഗ് പ്രസിഡന്റ് എം ശിവകുമാർ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു.

മെയ് മാസം ഒന്നാം തീയതി കെഎസ്ആർടിസി ആകെ നടത്തിയത് 9,98000 കിലോമീറ്റർ സർവീസാണ്. അന്ന് 5,00,70769 രൂപയായിരുന്നു കളക്ഷൻ. രണ്ടാം തീയതി 10,64111കിലോമീറ്റർ സർവീസ് നടത്തിയെങ്കിലും 4,94,76452 രൂപ മാത്രമായിരുന്നു കളക്ഷൻ. മൂന്നാം തീയതിയാകട്ടെ, 10,60355 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾക്ക് 4,99,94994 രൂപയാണ് കളക്ഷൻ. നാലം തീയതി 11,96930 കിലോമീറ്റർ സർവീസ് നടത്തി 6,36,90335 രൂപ സമാഹരിച്ചു. അഞ്ചാംതീയതി 12,60289 കിലോമീറ്റർ ഓടിയ ബസുകൾ 6 ,69,87981രൂപ കളക്ഷനുണ്ടാക്കി. പണിമുടക്ക് ദിവസമായ ആറാം തീയതി 3,79,322 കീലോമീറ്റർ മാത്രം സർവീസ് നടത്തിയ കെഎസ്ആർടിസി 2 ,10,96257 രൂപയുടെ വരുമാനമുണ്ടാക്കി. അതിന് ശേഷം വരുമാന നഷ്ടം ഉണ്ടായെന്നാണ് ​ഗതാ​ഗത മന്ത്രിയുടെ ആരോപണം. എന്നാൽ ഏഴാം തീയതി 10,19148 കിലോമീറ്റർ ഓടി 5,42,86934 രൂപയും, എട്ടാം തീയതി 10,07617 കിലോമീറ്റർ ഓടി 5,47,78502 രൂപയും ഒമ്പതാം തീയതി 12,48879 കിലോമീറ്റർ ഓടി 6,97,59541 രൂപയും കെഎസ്ആർടിസി വരുമാനമുണ്ടാക്കി. ഈ കണക്കുകൾ മറച്ചുവെച്ചാണ് ​ഗതാ​ഗത മന്ത്രി അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തുന്നതെന്ന് എഐടിയുസി ചൂണ്ടിക്കാട്ടുന്നു.

മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാം തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ല. മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവം എങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയെ തൊഴിലാളികൾക്ക് കൈമാറണം

മെയ് മാസം തുടങ്ങുന്നത് തന്നെ തൊഴിലാളി ശക്തിയുടെ ​ഗരിമയും പെരുമയും വിളിച്ചോതിക്കൊണ്ടാണ്. കേരളം ഭരിക്കുന്ന സിപിഎമ്മും അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവും ആവേശത്തോടെ പ്രസം​ഗിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും അമേരിക്കയിലെ ചിക്കാ​ഗോ തെരുവീഥികളിൽ ചോര ഒഴുക്കിയ തൊഴിലാളികളുടെ അവകാശ സമരത്തെ കുറിച്ചാണ്. എന്നാൽ, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആർടിസി തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഈ സർക്കാർ. എന്നുമാത്രമല്ല, ശമ്പളത്തിനായി തൊഴിലാളികൾ സമരം ചെയ്തു എന്നതിന്റെ പേരിൽ അവരോട് പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ്! എത്ര നല്ല തൊഴിലാളി സ്നേഹ പാർട്ടിയും സർക്കാരും. ഒരു പൊതുമേഖലാ സ്ഥാപനത്തെ മര്യാദക്ക് നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ലെങ്കിൽ അതിനെ പൂട്ടുന്നതിന് മുമ്പ് ആ തൊഴിലാളികൾക്ക് നൽകിക്കൂടെ എന്ന് ആദ്യം ചോദിച്ചത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെ ​ഗോപാലൻ എന്ന എകെജി ആയിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൽ നിന്നും കോഫീ ബോർഡ് എന്ന പൊതുമേഖലാ സ്ഥാപനം ചോദിച്ച് വാങ്ങാനുള്ള ആർജ്ജവം എകെജിക്കും ഒട്ടും ശക്തമല്ലാത്തൊരു പാർട്ടിയുടെ ശക്തനായൊരു നേതാവിന്റെ വാക്കുകൾക്ക് വില കൽപ്പിക്കാനുള്ള ജനാധിപത്യ മര്യാദ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനും ഉണ്ടായത് കൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് ഇന്ത്യൻ കോഫീ ഹൗസുകൾ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരത്തെ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയുടെ തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ കോഫീ ഹൗസിലേക്ക് കെഎസ്ആർടിസി തൊഴിലാളികൾ മുഖമുയർത്തി നോക്കണം. എന്നിട്ട് സിപിഎം സർക്കാർ അടച്ചുപൂട്ടാൻ വ്യ​ഗ്രത കാട്ടുന്ന പൊതു​ഗതാ​ഗത സംവിധാനത്തെ തങ്ങൾക്ക് വിട്ടുനൽകാൻ സർക്കാരിനോട് തൊഴിലാളികൾ ആവശ്യപ്പെടണം. കേരളത്തിൽ തന്നെ സഹകരണ മേഖലയിൽ വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന നിരവധി സഹകരണ മോട്ടോർ സംഘങ്ങൾ ഉണ്ടെങ്കിലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ഊർജ്ജമാകേണ്ടത് ഇന്ത്യൻ കോഫീ ഹൗസുകളുടെ വിജയ​ഗാഥ തന്നെയാണ്.

ഇന്ത്യൻ കോഫീ ഹൗസിന് ബീജാവാപം നടക്കുന്നു

1957 ജൂൺ 25. ബാംഗ്ലൂരിലെ കബ്ബൺ പാർക്കിൽ ആൾ ഇന്ത്യാ കോഫീ ബോർഡ് ലേബർ യൂണിയന്റെ യോഗം നടക്കുകയാണ്. തങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലാണ് തൊഴിലാളികൾ. യോ​ഗത്തിൽ പങ്കെടുക്കുന്ന തങ്ങളുൾപ്പെടെ ആയിരക്കണത്തിന് തൊഴിലാളികളുടെ ജോലി ഏതാനും ദിവസങ്ങൾക്കകം നഷ്ടപ്പെടാൻ പോകുകയാണ്. കേന്ദ്രസർക്കാറിന് കീഴിലെ കോഫീബോർഡ് നേരിട്ട് നടത്തിയിരുന്ന കോഫി ഹൗസുകളുടെ ശൃംഖല അടച്ചുപൂട്ടി അവിടുത്തെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കമായിരുന്നു യോ​ഗത്തിന്റെ അജണ്ട.

കോഫി ഹൗസുകൾ ഇന്ത്യൻ നഗരങ്ങളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് പൊടുന്നനെ കോഫീ ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനമുണ്ടാകുന്നത്. ഇന്ത്യയിലെ കാപ്പി വിപണിയെ താങ്ങിനിർത്താൻ രൂപീകരിച്ച കോഫി ബോർഡ്, അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞുവെന്നതായിരുന്നു അടച്ചുപൂട്ടലിനു നൽകിയ ഒരു വിശദീകരണം. രാജ്യത്ത് ഇനി കാപ്പി പ്രചരിപ്പിക്കാൻ ഒരു ബോർഡിന്റെയോ, അതിനു കീഴിൽ കോഫി ഹൗസുകളുടെയോ ആവശ്യമില്ല എന്ന അപ്രതീക്ഷിത തീരുമാനം ആശങ്കയിലാക്കിയത് അന്ന് കോഫി ഹൗസുകളിൽ ജോലി ചെയ്തിരുന്ന ആയിരത്തോളം വരുന്ന സാധാരണ ജീവനക്കാരെയാണ്.

കോഫി ഹൗസ് നഷ്ടത്തിലാണെന്ന ഓഡിറ്റ് കണക്കുകൾ അടിസ്ഥാനമാക്കി, അവ സ്വകാര്യവ്യക്തികൾക്ക് കൈമാറാനുള്ള ശുപാർശ ആദ്യമായി ഉണ്ടാകുന്നത് 1951ലാണ്. 1952ൽ, ഈ ശുപാർശ കോഫി ബോർഡ് തത്വത്തിൽ അംഗീകരിച്ചു. 1956ൽ നിലവിൽ വന്ന തോട്ട വ്യവസായ കമ്മീഷന്റെ കണ്ടെത്തലുകൾ ഈ തീരുമാനത്തിന് ബലമേകുന്നവയായിരുന്നു. കാപ്പിവ്യവസായത്തെ പ്രചരിപ്പിക്കാൻ സർക്കാർ ചെലവിൽ കോഫി ഹൗസുകൾ നടത്തിക്കൊണ്ടുപോകേണ്ടതില്ല, ഇത്തരം സ്ഥാപനങ്ങൾ നന്നായി നടത്താനാകുക കച്ചവടക്കാർക്കാണ്, അതിനാൽ, കോഫിഹൗസുകൾ വ്യവസായികൾക്ക് കൈമാറണം – ഇത്രയുമായിരുന്നു പ്രധാന നിരീക്ഷണങ്ങൾ.

കേന്ദ്രസർക്കാരിന്റെ അനുമതി കൂടെ ലഭിച്ചതോടെ പിന്നീട് അടച്ചുപൂട്ടൽ നടപടികൾ ധ്രുതഗതിയിൽ മുന്നോട്ടുപോയി. കോഫി ബോർഡിന്റെ തലപ്പത്തിരുന്ന ഉന്നത ഉദ്യോഗസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റി, ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടു. ജോലി നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവരുന്ന തൊഴിലാളികളെക്കുറിച്ചുള്ള ചർച്ചകളൊന്നും കോഫി ബോർഡിന്റെ യോഗങ്ങളിൽ അജണ്ടയായില്ല. കോഫി ഹൗസുകൾ ജനകീയമാക്കിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സാധാരണക്കാരായ തൊഴിലാളികൾ സർക്കാറിനാൽ ക്രൂരമായി വഞ്ചിക്കപ്പെട്ടു.

എന്നാൽ, തൊഴിലാളികൾക്കായി ശബ്ദിക്കാൻ കോഫി ബോർഡിലെ ലേബർ യൂണിയൻ രംഗത്ത് വന്നു. 1947 മുതൽ ബോർഡിലെ തൊഴിലാളികൾക്കിടയിൽ രഹസ്യമായി പ്രവർത്തിച്ചുവരികയായിരുന്നു യൂണിയൻ. യൂണിയന്റെ സമ്മർദ്ദപ്രകാരം രാഷ്ട്രീയ നേതാക്കളും പാർലമെന്റംഗങ്ങളും അന്നത്തെ കേന്ദ്രമന്ത്രിമാരെ നേരിൽക്കണ്ട് കോഫി ഹൗസ് അടച്ചുപൂട്ടരുതെന്ന് അഭ്യർത്ഥിച്ചു. പക്ഷേ ഫലമുണ്ടായില്ല.

മാസങ്ങളോളമായി തുടർന്നുപോന്നിരുന്ന അനുനയ ശ്രമങ്ങളെല്ലാം ഫലം കാണാതെ പരാജയപ്പെട്ടിരിക്കുകയാണ്. തൊഴിലാളി യൂണിയൻ നേതാക്കൾ കേന്ദ്രമന്ത്രിമാരുമായി ചർച്ചകൾ നടത്തിയിട്ടും, പലയിടങ്ങളിൽ ഹർജികൾ നൽകിയിട്ടും, സമരങ്ങൾ ചെയ്തിട്ടും അനുകൂലമായ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തൊഴിലാളികളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. പലരും മറ്റു തൊഴിലുകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്കു നീങ്ങിയിരുന്നു. ചിലരാകട്ടെ, മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളിൽ വീട്ടുവേല ചെയ്യാൻ തുടങ്ങിയിരുന്നു. മറ്റു ചിലർ, ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് വിധിയെ പഴിച്ചു കൊണ്ടിരുന്നു.

മുന്നോട്ടൊരു വഴിയും കാണാതെ പിന്തിരിയാൻ ഒരുങ്ങി നിന്നിരുന്ന ആ തൊഴിലാളികളുടെ അന്നത്തെ ബാംഗ്ലൂർ യോഗത്തിലേക്ക്, യൂണിയൻ നേതാവായ എ.കെ.ജി കടന്നുവന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായ സാക്ഷാൽ എ.കെ ഗോപാലൻ. അതുവരെ ആരും ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു പോംവഴി അദ്ദേഹം അന്ന് മുന്നോട്ടുവച്ചു – നഷ്ടത്തിലാണെന്ന പേരിൽ പൂട്ടാൻ പോകുന്ന ആ സ്ഥാപനശൃംഖല, പിരിച്ചുവിടപ്പെടാൻ പോകുന്ന അവിടുത്തെ തൊഴിലാളികൾ ഏറ്റെടുത്തു നടത്തണം.

യോഗത്തിലുണ്ടായിരുന്നവരെല്ലാം അത്ഭുതത്തോടെ ചുറ്റും നോക്കി. അവരുടെ സ്വപ്നങ്ങളിൽ നിന്നുപോലും എത്രയോ അകലെയായിരുന്നു എ.കെ.ജിയുടെ ആ നിർദ്ദേശം. കേന്ദ്രസർക്കാർ നടത്തിക്കൊണ്ടുപോന്നിരുന്ന ഒരു ബോർഡ് – അതും മുതിർന്ന ഉദ്യോഗസ്ഥരും ഐ.എ.എസുകാരും മാത്രം ഭരിച്ചിട്ടുള്ള ഒരു ബോർഡ് – തീർത്തും സാധാരണക്കാരായ തൊഴിലാളികൾ എങ്ങനെ ഏറ്റെടുത്തു നടത്താനാണ്? അതിന് സർക്കാർ അനുമതി ലഭിക്കുമോ? ലഭിച്ചാൽത്തന്നെ അത്രയും വലിയൊരു സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളില്ലാത്ത അടിസ്ഥാനവർഗ്ഗക്കാരായ തൊഴിലാളികൾക്ക് എങ്ങനെയാണ് സാധിക്കുക? ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങളുയർന്നുവന്നു.

അതിനെല്ലാമുത്തരമായി, അവിടെ കൂടിയിരുന്ന സംഘടനാപ്രവർത്തകരോട് എ.കെ.ജി പറഞ്ഞു: ‘തൊഴിലാളികളാണ് നിങ്ങൾ. തൊഴിലാളികൾ ലോകം ഭരിക്കേണ്ടവരാണ്. നിങ്ങൾക്കിത് വളരെ നിസ്സാരമായൊരു കാര്യമാണ്. ഈ സ്ഥാപനം നിങ്ങൾ നേരിട്ട് എറ്റെടുക്കണം, ഭരിക്കണം. മുതലാളിമാരില്ലാതെ നിങ്ങളിത് മുന്നോട്ടു കൊണ്ടുപോകണം.’ വടക്കൻ മലബാറിലെ ബീഡിക്കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ജീവിതം പെരുവഴിയിലാകേണ്ടിയിരുന്ന ആയിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉടമസ്ഥതയിൽ കേരള ദിനേശ് ബീഡി എന്ന വിപ്ലവകരമായ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതിന് മുന്നിലുണ്ടായിരുന്ന എ.കെ ഗോപലാന് തന്റെ ആശയത്തിൽ ആശങ്കകളുണ്ടായിരുന്നില്ല.

അക്കാലത്തിനുള്ളിൽ ഇന്ത്യയിലെ തൊഴിലാളി വർഗ പോരാട്ടങ്ങളുടെ മുഖമായി മാറിയിരുന്ന എ.കെ.ജി പകർന്നുകൊടുത്ത ഊർജ്ജത്തിൽ, അന്നത്തെ സംഘടനായോഗം ആ സുപ്രധാന തീരുമാനമെടുത്തു – ബാംഗ്ലൂരിലെ ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികൾ ഏറ്റെടുക്കും. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ സ്ഥാപനം തുറന്ന് പ്രവർത്തനമാരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ സഹകരണപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി ആ തീരുമാനം മാറി.

കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച കോഫീ ബോർഡിനു കീഴിലെ കോഫി ഹൗസുകൾ, ചുരുങ്ങിയ കാലത്തിനുള്ളിൽ തൊഴിലാളികൾ ഏറ്റെടുത്ത് ഇന്ത്യൻ കോഫി ഹൗസ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. വിവിധ തൊഴിലാളി സഹകരണ സംഘങ്ങളുടെ കീഴിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ത്യൻ കോഫി ഹൗസുകൾ സ്ഥാപിക്കപ്പെട്ടു. രാജാക്കന്മാരുടെ വേഷത്തിൽ വിളമ്പുകാരെത്തുന്ന, എ.കെ.ജിയുടെ ഛായാചിത്രം ചുമരിൽ തൂങ്ങുന്ന കോഫി ഹൗസുകൾ നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.

കോഫീ ഹൗസിന്റെ ചരിത്രം

ഇന്ത്യൻ കോഫി ഹൗസ് എന്ന പേരിനൊപ്പം ആദ്യം ഓർമയിലെത്തുന്നത് ആവി പറക്കുന്ന കാപ്പിയോ, ചുവന്ന മസാലയുള്ള മസാലദോശയോ, ബീറ്റ്റൂട്ടിട്ട കട്ലറ്റോ അതല്ലെങ്കിൽ അവിടെ ചിലവഴിച്ച നല്ല ചില നിമിഷങ്ങളോ ആവാം. എന്നാൽ, ആ പേരിനു പിറകിലുള്ള സമരചരിത്രമാണ് കൂടുതൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെടേണ്ടത്. കോഫി ഹൗസുകളിലെ എ.കെ.ജിയുടെ ഛായാചിത്രത്തിനു പിറകിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും പോരാട്ടത്തിന്റെയും കഥകളുണ്ട്. ഒരു രാജ്യത്തെയാകെ കാപ്പി കുടിക്കാൻ പഠിപ്പിച്ച പ്രസ്ഥാനം മാത്രമല്ല ഇന്ത്യൻ കോഫി ഹൗസ്. അതിജീവനത്തിന്റെ, ആത്മാഭിമാനത്തിന്റെ, വർഗ്ഗസമരങ്ങളുടെ ജീവിക്കുന്ന സ്മാരകം കൂടിയാണ് ഇന്ത്യൻ കോഫി ഹൗസ്.

കോഫി ഹൗസുകളുടെ ചരിത്രമന്വേഷിച്ചു പോയാൽ, നൂറ്റാണ്ടുകൾ പിന്നിലേക്ക് നടക്കേണ്ടിവരും. പാശ്ചാത്യരാജ്യങ്ങളിൽ പതിനേഴാം നൂറ്റാണ്ടു മുതൽക്കു തന്നെ കോഫി ഹൗസ് സംസ്‌കാരം വ്യാപിച്ചുതുടങ്ങിയിരുന്നു. കാപ്പിയും ലഘുഭക്ഷണങ്ങളും ലഭിക്കുന്നയിടം എന്നതിനേക്കാൾ, ഉപരിവർഗ്ഗത്തിന്റെ ബൗദ്ധികവ്യായാമകേന്ദ്രം കൂടിയായിരുന്നു ഇത്തരം കോഫി ഹൗസുകൾ. ചിന്തകരും എഴുത്തുകാരും ഗവേഷകരും വിദ്യാർത്ഥികളുമെല്ലാമായിരുന്നു ഇവിടുത്തെ സ്ഥിരം സന്ദർശകർ. പുതിയ ചിന്തകളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമുള്ള ചർച്ചകളും സാഹിത്യ സംവാദങ്ങളുമെല്ലാം കോഫി ഹൗസുകളിൽ നടക്കുമായിരുന്നു. ഒരു പെന്നി വിലയുള്ള കാപ്പി ലഭിക്കുന്ന ഈ കോഫി ഹൗസുകളെ അവർ ‘പെന്നി യൂണിവേഴ്സിറ്റി’ എന്ന് ഓമനപ്പേരിട്ടാണ് വിളിച്ചിരുന്നത്.

കോഫി ഹൗസ് സംസ്‌കാരം ബ്രിട്ടീഷുകാർ വഴി ഇന്ത്യയിലെത്തിയപ്പോഴും ഇതിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. 1780ൽ കൊൽക്കത്തയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോഫി ഹൗസ് പ്രവർത്തനമാരംഭിക്കുന്നത്. പിന്നീട് മദ്രാസിലും ബാംഗ്ലൂരിലുമെല്ലാം തുടങ്ങിയ ഇത്തരം കോഫി ഹൗസുകളും കോഫി ക്ലബ്ബുകളുമെല്ലാം ബ്രിട്ടീഷുകാരുടെ വിനോദത്തിനും ഒത്തുചേരലിനും വേണ്ടിയുള്ളതായിരുന്നു എന്നതാണ് വാസ്തവം. പിന്നെയും വർഷങ്ങൾക്കു ശേഷമാണ് കോഫി ബോർഡ് സ്ഥാപിക്കപ്പെടുന്നതും, ഇന്നു കാണുന്ന രൂപത്തിലുള്ള ജനകീയ കോഫി ഹൗസുകൾ നിലവിൽ വരുന്നതും.

കൺസോളിഡേറ്റഡ് കമ്പനിയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിന്റെ ഉടമകൾ. കമ്പനിയുടെ ചെയർമാനാകട്ടെ, ഐവർബുൾ എന്ന ബ്രിട്ടീഷുകാരനും. ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങളിൽ ബ്രിട്ടീഷ് കമ്പനികൾ വിളവെടുത്തിരുന്ന കാപ്പിയ്ക്ക് രാജ്യത്തിനകത്തു തന്നെ മാർക്കറ്റുണ്ടാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത് ഐവർബുള്ളാണ്. തോട്ടങ്ങളിൽ വിറ്റുപോകാതെ കിടക്കുന്ന കാപ്പിയ്ക്ക് ലാഭകരമായ ഒരു പുതിയ വിപണിയുണ്ടാക്കാനായി, ഇന്ത്യൻ കാപ്പിവ്യവസായത്തെ രക്ഷിക്കാനെന്ന പേരിൽ 1940ൽ ഐവർബുള്ളിന്റെ നേതൃത്വത്തിൽ ഇന്ത്യാ കോഫീ മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപീകരിച്ചു.

തോട്ടമുടമകളായിരുന്നു ബോർഡിലെ അംഗങ്ങളിൽ ഭൂരിഭാഗവും. 1942ൽ, ഈ സംവിധാനം കോഫി ബോർഡായി മാറി. കോഫി ബോർഡിനു കീഴിലാണ് പിന്നീട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം കോഫീ ഹൗസുകൾ പ്രവർത്തിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബോർഡിൽ തോട്ടമുടമകളുടെ പ്രാതിനിധ്യം കുറഞ്ഞു, ചെയർമാൻ സ്ഥാനത്തേക്ക് സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരെത്തി. ഇന്ത്യയിലെ കാപ്പിവ്യവസായത്തെക്കുറിച്ചുള്ള സർവ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത് അന്ന് കോഫി ബോർഡായിരുന്നു.

തോട്ടമുടമകൾ ആഗ്രഹിച്ച പോലെ, കാപ്പിയ്ക്ക് ഇന്ത്യയിൽ ഒരു വലിയ വിപണിയുണ്ടാക്കാനും അത് നിലനിർത്താനും കോഫി ബോർഡിനു സാധിച്ചു. അതിനൊപ്പം, നഗരവാസികളുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി കാപ്പിയെ മാറ്റാൻ കോഫി ഹൗസുകൾക്കായി. ബ്രിട്ടീഷുകാർ പതിറ്റാണ്ടുകളോളം ശ്രമിച്ചിട്ടും എത്തിപ്പിടിക്കാനാകാത്ത ജനസമ്മിതി കോഫി ഹൗസുകൾ വഴി ചുരുങ്ങിയ കാലയളവിൽ കാപ്പിക്കു ലഭിച്ചു എന്നു പറയേണ്ടിവരും. കോഫി ബോർഡ് സ്ഥാപിതമാകുമ്പോൾ ഏതാണ്ട് അൻപതോളം കോഫി ഹൗസുകളാണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. പാശ്ചാത്യർക്ക് കോഫി ഹൗസ് പെന്നി യൂണിവേഴ്സിറ്റിയായിരുന്നെങ്കിൽ, ഇന്ത്യക്കാർക്ക് അത് മറ്റൊരു തരത്തിലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളായി മാറിത്തുടങ്ങിയിരുന്നു.

സാഹിത്യകാരും സംഗീതജ്ഞരും ചലച്ചിത്രകാരന്മാരുമെല്ലാം ഒരുകാലത്ത് ഈ കോഫി ഹൗസുകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു. രവീന്ദ്രനാഥടാഗോർ, സത്യജിത്ത് റായ്, മന്നാഡേ, അമർത്യാ സെൻ, മൃണാൾ സെൻ, അപർണസെൻ എന്നിവരുടെയെല്ലാം പ്രധാന വിഹാരകേന്ദ്രമായിരുന്നു കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിന് എതിർവശത്തുള്ള കോഫിഹൗസ്. സാഹിത്യ-സിനിമാ ചർച്ചകൾക്ക് കാപ്പി അകമ്പടി സേവിക്കുന്ന പതിവ് പതിയെ മറ്റു നഗരങ്ങളിലേക്കും പടർന്നു. ‘കോഫി ഹൗസ് ഇന്റലക്ച്വൽ’ എന്നൊരു പദപ്രയോഗം തന്നെ അങ്ങനെ പുതുതായി ഉണ്ടായിവന്നു.

കോഫി ഹൗസുകളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ ഏറെ വിയർപ്പൊഴുക്കിയിട്ടുള്ളത് മലയാളികളാണെന്നതാണ് മറ്റൊരു കൗതുകം. കോഫി ബോർഡിന്റെ ആദ്യത്തെ സെക്രട്ടറി ഒരു മലയാളിയായിരുന്നു – ആലുവാ സ്വദേശിയായ എം.ജെ. സൈമൺ. സൈമണിന്റെ സ്വാധീനമാണ് ഇന്ത്യയിലെ കോഫി ഹൗസുകളിൽ ഭൂരിഭാഗവും മലയാളി ജീവനക്കാരായി മാറാനുള്ള പ്രധാന കാരണം. നാട്ടിൽ നിന്നും തൊഴിലന്വേഷിച്ച് മഹാനഗരങ്ങളിലെത്തിപ്പെട്ട പല മലയാളികൾക്കും പല കാലങ്ങളിൽ കോഫി ഹൗസ് അഭയസ്ഥാനമായിരുന്നു. മാത്രമല്ല, ഇന്നും ഇന്ത്യൻ കോഫി ഹൗസിന്റെ മുഖമുദ്രയായി നിൽക്കുന്ന സപ്ലയർ യൂണിഫോം ആദ്യമായി ഈ രൂപത്തിൽ തയ്യാറാക്കിയതും എം.ജെ സൈമൺ തന്നെ.

കോഫീ ഹൗസുകൾ ഇന്ത്യയിലാകെ പടരുന്നു

ആദ്യഘട്ടത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും ആശങ്കകളുമെല്ലാം മറികടന്ന്, ഇന്ത്യൻ കോഫി ഹൗസുകൾ അതിവേഗം വളർന്നുതുടങ്ങുകയായിരുന്നു പിന്നീട്. ഡൽഹിക്കു ശേഷം തൊട്ടടുത്ത വർഷം ബാംഗ്ലൂരിലും സഹകരണസംഘത്തിനു കീഴിൽ കോഫി ഹൗസ് സ്ഥാപിക്കപ്പെട്ടു. പിന്നീട് പോണ്ടിച്ചേരിയിലും പ്രവർത്തനമാരംഭിച്ച ശേഷം, നാലാമതായാണ് തൊഴിലാളി കോഫി ഹൗസ് കേരളത്തിലെത്തിയത്. 1958 മാർച്ച് 8ന് തൃശ്ശൂരിലായിരുന്നു കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസിന്റെ ആരംഭം. തെക്കേ ഗ്രൗണ്ടിലുള്ള മംഗളോദയം കെട്ടിടത്തിൽ 13 ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ തൃശ്ശൂർ കോഫി ഹൗസിന്റെ ആദ്യത്തെ മൂലധനം 2100 രൂപയായിരുന്നു. ഒരു കപ്പ് കാപ്പിയുടെ അന്നത്തെ വിലയാകട്ടെ, പത്തു പൈസയും. തൊട്ടുപിന്നാലെ തലശ്ശേരിയിൽ കേരളത്തിലെ രണ്ടാമത്തെ കോഫി ഹൗസും സ്ഥാപിതമായി. കോഫി ബോർഡ് ലേബറേഴ്സ് യൂണിയന്റെ സ്ഥാപകനേതാക്കളിലൊരാളും രാജ്യത്തെ കോഫിഹൗസുകളുടെ കൂട്ടായ്മയുടെ ഡയറക്ടറുമായിരുന്ന എൻ.എസ് പരമേശ്വൻപിള്ളയ്ക്കായിരുന്നു കേരളത്തിൽ കോഫി ഹൗസുകൾ സ്ഥാപിക്കാനുള്ള ചുമതല. ഇന്ത്യൻ കോഫി ഹൗസിന്റെ ലഭ്യമായ ഒരേയൊരു ലിഖിത ചരിത്രമായ ‘കോഫി ഹൗസിന്റെ കഥ’ എന്ന പുസ്തകം ഇദ്ദേഹത്തിന്റേതാണ്.

നിലവിൽ, രണ്ട് സഹകരണ സംഘങ്ങളായാണ് കേരളത്തിൽ ഇന്ത്യൻ കോഫി ഹൗസുകൾ പ്രവർത്തിക്കുന്നത്. തെക്കൻ കേരളത്തിലെ കോഫി ഹൗസുകളുടെ ചുമതല തൃശ്ശൂർ ആസ്ഥാനമായ സംഘത്തിനാണ്. വടക്കൻ കേരളത്തിലെ കോഫി ഹൗസുകൾ പ്രവർത്തിക്കുന്നതാകട്ടെ, കണ്ണൂർ ആസ്ഥാനമായ സംഘത്തിനു കീഴിലും. ഈ രണ്ടു സംഘങ്ങൾക്കു കീഴിലായി ഏകദേശം എൺപതോളം കോഫി ഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ പതിമൂന്ന് സഹകരണ സംഘങ്ങളും അവയ്ക്കു കീഴിൽ നാന്നൂറിലധികം കോഫി ഹൗസുകളും ഇപ്പോഴുണ്ട്.

ചായ വിറ്റ് നേടാമെങ്കിൽ എന്തുകൊണ്ട് ബസ് ഓടിച്ച് നേടിക്കൂടാ?

രാജ്യമാകെ ഇന്ന് പ്രവർത്തിക്കുന്ന കോഫീ ഹൗസുകളിലെ ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങളും ശമ്പളവുമാണ് ലഭിക്കുന്നത്. ആദ്യം ജോലിക്ക് കയറുന്നവർക്ക് പാത്രം കഴുകലും നിലം തുടയ്ക്കലുമാണ് ജോലി എങ്കിലും പിന്നീട് മാനേജരോ ജനറൽ മാനേജരോ ആയിത്തീരാൻ കഴിവുള്ളവർക്ക് അവസരമുണ്ട് എന്നതാണ് കോഫീ ഹൗസുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഐഎഎസുകാർ ഭരിച്ചിട്ടും നന്നാകാത്ത കെഎസ്ആർടിസിയെ വളയം പിടിക്കുന്ന കൈകളിലേക്ക് നൽകിയാൽ അവർ വളരെ നന്നായി കൊണ്ടുപോകുക തന്നെ ചെയ്യും. എകെ ​ഗോപാലൻ പറഞ്ഞത് പോലെ ലോകം ഭരിക്കേണ്ട തൊഴിലാളിക്കാണോ അയ്യായിരത്തോളം ബസുകളും മുപ്പതിനായിരത്തോളം ജീവനക്കാരുമുള്ള ഒരു വ്യവസായത്തെ നന്നാക്കാൻ പ്രയാസം? അന്ന് എകെജി പറഞ്ഞത് ഇന്ത്യയിലെ കോഫീ ബോർഡ് തൊഴിലാളികളോട് മാത്രമല്ല, ഇന്നത്തെ കെഎസ്ആർടിസി തൊഴിലാളികളോടും കൂടിയാണ്. ആകെയുള്ള തടസം എന്നത് എകെജി അന്ന് കോഫീ ബോർഡ് തൊഴിലാളിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത് ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ കൈമുതലായുള്ള ജവഹർലാൽ നെഹ്റുവിനോടായിരന്നു. കെഎസ്ആർടിസി തൊഴിലാളികൾ ആവശ്യപ്പെടേണ്ടത് എകെജിയുടെ പാരമ്പര്യം പേറുന്ന പിണറായി വിജയൻ സർക്കാരിനോടും. എന്ത് നടക്കുമെന്ന് കണ്ടറിയണം സഖാക്കളെ!

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close