
തിരുവനന്തപുരം: രാവിലെ പതിനൊന്നരയോടെയാണ് അമ്പലമുക്ക് ജംങ്ഷനിലുള്ള എസ്കെപി സാനിറ്ററി ഷോറൂമിൽ നാടിനെ നടുക്കിയ അപകടമുണ്ടാകുന്നത്. ഷോറൂമിലെ ജീവനക്കാരനായ നേമം സ്വദേശി സതീഷ് ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി മരണപ്പെടുകയായിരുന്നു. പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു സതീശിന്റെ തല ലിഫ്റ്റിൽ കുടുങ്ങിയിരുന്നത്. ഫയർഫോഴ്സ് എത്തിയാണ് സതീഷിനെ പുറത്തെടുത്തത്. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല.
സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ കസ്റ്റമേഴ്സ് കൂടിപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. സതീഷിനെ കാണാതിരുന്നതിനെ അന്വേഷിച്ചെത്തിയ മറ്റൊരു ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്. ജീവനക്കാരി നിലവിളിച്ചതോടെ മറ്റുള്ളവരും ഓടിയെത്തി. ജീവനക്കാർക്ക് പുറത്തെടുക്കാനാകാത്ത നിലയിലായിരുന്നു സതീശിന്റെ തല കുടുങ്ങിക്കിടന്നത്.
ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് കടയിലെ ജീവനക്കാരനായ അനൂപ് പറയുന്നു. കഴുത്ത് ചതഞ്ഞ് അരഞ്ഞ നിലയിലായിരുന്നു. പേരൂർക്കട ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. വർഷങ്ങളായി ഒപ്പം ജോലി ചെയ്തിരുന്നയാൾ കാർഗോ ലിഫ്റ്റിലുണ്ടായ അപകടത്തിൽ മരിച്ചത് ജീവനക്കാരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
40 വർഷത്തോളമായി പ്രവർത്തിക്കുന്ന കടയിൽ കഴിഞ്ഞ പതിനെട്ട് വർഷമായി സതീഷ് ജീവനക്കാരനാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ സതീഷിനെ ഭാരപ്പെട്ട ജോലികളൊന്നും ഏൽപ്പിച്ചിരുന്നില്ല. ലിഫ്റ്റിലൂടെയുള്ള ചരക്ക് നീക്കായിരുന്നു പ്രധാന ജോലി. സാധാരണ ഒറ്റയ്ക്ക് ഇത് ചെയ്യാറുമില്ല. എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. കാർഗോ ലിഫ്റ്റിന് തകരാറില്ലെന്നാണ് കടയിലെ മറ്റ് ജീവനക്കാർ പറയുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടതുമില്ല.
ചരക്ക് നീക്കത്തിനിടെ ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക് നോക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് സംശയം. ഓപ്പൺ ലിഫ്റ്റിലെ ഇരുമ്പ് ഫ്രെയിമുകൾ മറച്ചിട്ടില്ലായിരുന്നുവെന്നതും അപകടത്തിന് കാരണമായി. പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സതീഷിന് ഭാര്യയും ഒരു മകളും ഉണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മുൻവൈരാഗ്യം വെച്ച് ജോജുവിനെ ആക്രമിക്കുന്നത് ഒഴിവാക്കണമെന്ന് സംഘാടകർ
വാഗമണിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത് ജോജു ജോർജ് വിവാദത്തിൽ പെട്ടത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ പ്രതികരിക്കുകയാണ് ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്ന സാം കുര്യൻ കളരിക്കലും. ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയിൽ അദ്ദേഹം ഹെൽമെറ്റ് ധരിക്കാതിരുന്നത് വാഹനം നീക്കിയിടുന്നത് മാത്രമാണ് എന്നാണ് സംഘാടകർ പറയുന്നത്.
അടുത്തിടെ മരിച്ച ജവീന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണിൽ നടന്നത്. റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുണേറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു അത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എന്തിന് കേരളത്തിന്റെ പുറത്തു നിന്നുപോലും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം സംഘടിപ്പിക്കാൻ സ്ഥലം അനുവദിച്ച് തന്നത്.
വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയൊരു പരിപാടിയായിരുന്നു അത്. കൂടാതെ പരാതിക്കാരൻ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ല. തേയിലതോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാറ്റേഷൻ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചത്.
എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലൻസും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ആരെയും ട്രാക്കിൽ വാഹനമിറക്കാൻ അനുവദിച്ചിട്ടില്ല. ജോജുവിന്റേതായി പുറത്തു വന്ന വിഡിയോയിൽ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അത് അദ്ദേഹം വാഹനം നീക്കിയിടുന്നത് മാത്രമാണ്. ട്രാക്കിൽ വാഹനം ഇറങ്ങിയപ്പോൾ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നു, ബിനു പപ്പുവാണ് ജോജുവിന്റെ കോ ഡ്രൈവർ. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലർ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്. മത്സരത്തിൽ പങ്കെടുത്ത മറ്റു വാഹനങ്ങൾക്ക് റോൾ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു.
പ്രളയത്തിന്റെ സമയത്ത് ഒറ്റപ്പെട്ടുപോയ ജനങ്ങളെ സഹായിച്ചവരാണ് ഓഫ് റോഡ് ക്ലബുകൾ. സ്വന്തം വാഹനം കേടുപാടുകൾ വരുത്തിവരെ പ്രളയത്തിൽ പെട്ടുപോയ ആളുകളെ അവർ പുറത്തെത്തിച്ചു. അത്തരത്തിൽ സമൂഹത്തിന് നല്ലകാര്യങ്ങൾ ചെയ്യുന്ന ആളുകളെ പ്രശ്നക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.
ബൈക്ക് അപകടത്തിൽ മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് അറിഞ്ഞ് മുന്നോട്ട് വന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിയാണിത്. സംഘാടകരുടെ ഉദ്ദേശശുദ്ധി മനസിലാക്കി മുന്നോട്ടു വന്ന ജോജുവിനെ വേട്ടയാടുന്ന നടപടിയാണ് ഇത്. മുൻവൈരാഗ്യം വെച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കി ജീവിക്കാൻ അനുവദിക്കു എന്നുമാത്രമാണ് സംഘാടകർക്ക് പറയാനുള്ളത്.