KERALANEWSTrending

പത്തനംതിട്ടയിൽ പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കൊലപാതക കേസിലെ പ്രതി

പത്തനംതിട്ട: പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്കുമാർ ആണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്ന ഗിരീഷ് കുമാര്‍ പരോൾ പൂർത്തിയാക്കി ഇന്നലെ ജയിലിലേക്ക് മടങ്ങേണ്ട ആളായിരുന്നു. കൊവിഡ് സാഹചര്യം പ്രമാണിച്ച് തടവുകാര്‍ക്ക് നൽകിയ ഇളവിൽ ജനുവരി 12 മുതൽ ഇയാൾ പരോളിലായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഗിരീഷ് കുമാര്‍

സിപിഎം നേതാവ് ശശികുമാറിനെതിരെ പരാതിപ്പെട്ടത് അമ്പതിലധികം വിദ്യാർത്ഥികൾ

മലപ്പുറം: ഒളിവിലായിരുന്ന മലപ്പുറത്തെ പോക്സോ കേസ് പ്രതി മുൻ അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്.

ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് തവണ മലപ്പുറം നഗര സഭ കൗൺസിലർ ആയിരുന്ന കെവി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക്‌ കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലർ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. കെ വി ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചു എന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർത്ഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാരിനെ സിപിഎം പുറത്താക്കിയിരുന്നു.

ഡിഡിഇയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ വിവിധ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സ്കൂളിലേക്കും സ്റ്റേഷനിലേക്കും മാർച് നടത്തി. മലപ്പുറം പാലക്കാട് പ്രധാനപാത ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close