KERALANEWSTrending

കെഎസ്ആർടിസി കട്ടപ്പുറത്തേക്കോ? ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാതെ സര്‍ക്കാർ; പ്രതിഷേധിക്കാൻ പോലുമാകാതെ യൂണിയനുകളും; ഇതെന്തൊരവസ്ഥ എന്ന് തൊഴിലാളികൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്, തൽക്കാലത്തേക്കെങ്കിലും അതിനെല്ലാം പരിഹാരങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തവണ കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തിൽ വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നെങ്കിലും വിഷയം പരിഗണിച്ചില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിനു പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്ക് എന്ത് പരിഹാരം എന്ന ചോദ്യത്തിനും ഉത്തരമില്ല. പണിമുടക്കിയും പ്രതിഷേധിച്ചും അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്ന യൂണിയൻ നേതൃത്വമാകട്ടെ പരിപൂര്‍ണ്ണ നിശബ്ദതയിലുമാണ്. വരുമാനവും ചെലവും ഒരിക്കലും പൊരുത്തപ്പെടാത്തതായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ എക്കാലത്തേയും പ്രതിസന്ധി. വരുമാന വര്‍ദ്ധനക്ക് കാലാകാലങ്ങളായി നടപ്പാക്കിയ പരിഷ്കാരങ്ങളൊന്നും നടപ്പായില്ല. സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കിയാല്‍ ഈ ആഴ്ച അവസാനത്തോടെ ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാർ കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്നു ലഭിക്കില്ലെന്നും ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സിപിഐ യൂണിയന്റെ ആവശ്യം നിരസിച്ചാണു സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സിഐടിയു ഇത്തവണ നിശബ്ദമാണ്. കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ യൂണിയന്റെ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റു യൂണിയനുകളിലും പ്രതിഷേധം ശക്തമാണ്. ഇടതു മുന്നണിയില്‍ വിഷയം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എഐടിയുസി. മേയ് 20നുള്ളില്‍ ശമ്പളം നല്‍കാനാകുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ. അതിനായി വായ്പ എടുക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും ഒന്നും വിജയിച്ചില്ല.

വലിയ പ്രതിസന്ധികൾ എപ്പോഴും കെഎസ്ആര്‍ടിസിയെ കാത്തിരുന്നു. ഏറ്റവും ഒടുക്കം ശമ്പളവും പെൻഷനും കൊടുക്കാൻ കാശ് തികയാതായി. തിരിച്ചടവ് മുടങ്ങിയതിനാൽ വായ്പയെടുക്കുന്നതിൽ പ്രശ്നങ്ങളുണ്ട്. പണയം വയ്ക്കാൻ അധികമൊന്നും ഇനി കയ്യിലില്ലതാനും. ഏപ്രിൽ മാസത്തെ ശമ്പളം മെയ് 20 ഓടെ കൊടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒടുവിലത് മെയ് പത്തിനെന്ന് നിശ്ചയിച്ചു. സര്‍ക്കാര്‍ വാക്ക് കണക്കിലെടുക്കാതെ ട്രേഡ് യൂണിയൻ സമരത്തിനിറങ്ങിയത് ഗതാഗത മന്ത്രിയെ ചൊടിപ്പിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആര്‍ടിസിയെന്നും ശമ്പളത്തിനുള്ള വക ഇനി സ്വയം കണ്ടെത്തിയാൽ മതിയെന്നും മന്ത്രി ആന്‍റണി രാജു വാക്ക് കടുപ്പിച്ചു. ഇനി സര്‍ക്കാര്‍ സഹായത്തിനില്ലെന്നും കൂടി പറഞ്ഞതോടെ മുഖ്യമന്ത്രിയിലായിരുന്നു ഇടത് യൂണിയൻ അടക്കമുള്ളവരുടെ പ്രതീക്ഷ. അമേരിക്കയിൽ ചികിത്സക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയാലുടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും പക്ഷെ അസ്ഥാനത്തായി. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ കാണാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് മാത്രമല്ല മന്ത്രിയുടെ നിലപാട് സര്‍ക്കാരിന്റെ നിലപാടാണെന്ന ശക്തമായ സന്ദേശവും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായി. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ വഴി കാണാതെ യൂണിയൻ നേതാക്കളും വെട്ടിലായത്.

കെഎസ്ആർടിസിക്ക് ഇന്ധന പ്രതിസന്ധിയും

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഇരട്ടിപ്രഹരമായി ഇന്ധന പ്രതിസന്ധിയും. കെഎസ്ആർടിസിക്കുള്ള ഇന്ധനവിതരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിയതോടെ ഭൂരിപക്ഷം സർവീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്. നിലവിൽ 104 കോടി രൂപയാണ് ഇന്ധനവില ഇനത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കെഎസ്ആർടിസി നൽകാനുള്ളത്. 100 കോടി രൂപവരെ കടം നൽകും എന്നതായിരുന്നു ഐഒസിയുമായി കെഎസ്ആർടിസി ധാരണ. ഈ കുടിശിക നിലനിൽക്കെ പ്രതിദിനം പണം നൽകിയായിരുന്നു ഡീസൽ വാങ്ങിയിരുന്നത്. എന്നാൽ, മുഴുവൻ കുടിശികയും തീർക്കാതെ ഇനി ഇന്ധനം നൽകില്ലെന്ന നിലപാടിലാണ് ഐഒസി.

നിലവിൽ ഭാരത് പെട്രോളിയത്തിന്റെ നാല് പമ്പുകളിൽ നിന്നാണ് കെഎസ്ആർടിസി ബസുകൾ ഡീസൽ അടിക്കുന്നത്. ഭാരത് പെട്രോളിയത്തിന്റെ നാല് പമ്പുകൾ മാത്രമാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ നിന്നും മുഴുവൻ ബസുകൾക്കും ഡിസൽ നിറയ്ക്കുക എന്നത് പ്രായോ​ഗികമല്ല. അതുകൊണ്ട് തന്നെ, ഇന്ധന പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇന്ന് ഉച്ചയോടെ പല സർവീസുകളും നിർത്തിവെക്കേണ്ടി വരും.

നിലവിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ വിദേശ പര്യടനത്തിലാണ്. അദ്ദേഹം തിരിച്ചെത്താതെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകില്ലെന്ന പിടിവാശിയിലാണ് ​ഗതാ​ഗത വകുപ്പ് മന്ത്രി. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്ത് കെഎസ്ആർടിസി തൊഴിലാളികൾ പണിമുടക്ക് നടത്തിയത് തനിക്കെതിരായ യുദ്ധപ്രഖ്യാപനം എന്ന നിലയിലാണ് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു കാണുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസ് മുടങ്ങിയാലും സംസ്ഥാന സർക്കാർ കാഴ്ച്ചക്കാരുടെ റോളിൽ മാറിനിൽക്കുകയേയുള്ളൂ.

ശമ്പളം കിട്ടാൻ ഇനിയും കാത്തിരിക്കണം

കെഎസ്ആർടിസിയിൽ ശമ്പളം ഉടനൊന്നും ലഭിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം 25ന് ശേഷം മാത്രമേ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് തീരുമാനം ഉണ്ടാകൂ എന്നാണ് ലഭിക്കുന്ന വിവരം. സിഎംഡി ബിജു പ്രഭാകർ വിദേശത്ത് നിന്നും മടങ്ങിയെത്തിയ ശേഷം മാത്രമാകും ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിനുള്ള പണം കണ്ടെത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട ​ഗതാ​ഗത വകുപ്പ് മന്ത്രിയും ചൂണ്ടിക്കാട്ടിയത് കടത്തിൽ മുങ്ങുന്ന കോർപ്പറേഷന്റെയും ഭരണവിരുദ്ധ വികാരം പേറുന്ന ജീവനക്കാരുടെയും ചിത്രമായിരുന്നു. ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന നിലപാട് മുഖ്യമന്ത്രിയും ആവർത്തിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

സർക്കാർ ഇത്തവണയും 30 കോടിരൂപ നൽകി എങ്കിലും ഇനിയും വേണം 52 കോടി. 20 കോടി രൂപ വായ്പ നൽകാൻ ജീവനക്കാരുടെ സഹകരണ സൊസൈറ്റി തയ്യാറാണ്. സർക്കാർ ഗ്യാരണ്ടി നൽകിയാൽ പണം കൊടുക്കാമെന്ന് കെടിഡിഎഫ്സിയും പറയുന്നുണ്ട്. അവർ 30 കോടി രുപ നൽകും. പകരം അവിടെക്കിടക്കുന്ന 30 കോടിരൂപയുടെ ബോണ്ട് കാലാവധി പൂർത്തിയാക്കുമ്പോൾ പണം കൊടുക്കണം. അതിന് സർക്കാർ അനുമതി വേണം. എന്നാൽ, കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

അതിനിടെ, ശമ്പളം വൈകുന്നതിൽ പ്രതിഷേധ പരിപാടികളുമായി ട്രേഡ് യൂണിയനുകൾ രം​ഗത്തുണ്ട്. ഐ എൻ ടി യു സി അനുകൂല TDS പ്രവർത്തകർ ഇന്ന് ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും. കെഎസ്ആർടിസി പരിസരത്തെ സമര പരിപാടികൾ വിലക്കിക്കൊണ്ടുള്ള സർക്കുലർ അവഗണിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ബിഎംഎസ് പ്രവർത്തകർ ഡിപ്പോ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. എഐടിയുസിക്ക് ഇന്ന് കരിദിനമാണ്. കറുത്ത ബാഡ്ജ് ധരിച്ച് പ്രവർത്തകർ ജോലിചെയ്യും. പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ സമയം ചോദിച്ചുള്ള കാത്തിരിപ്പിലാണ് സിഐടിയു നേതൃത്വം.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് നിത്യവൃത്തിക്ക് വക കണ്ടെത്താനാകാതെ വലയുകയാണ് മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാർ.

കൈയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ദിവസങ്ങളായി സ്വന്തം കുടുംബത്തിലേക്ക് പോകാതെ മക്കളെ ഞെഞ്ചോട് ചേർക്കാതെ അമ്മമ്മയെയോ ഭാര്യയെയോ കാണാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഓരോരുത്തരും. പരസ്പരം കടം വാങ്ങി ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കേണ്ടി വരുന്ന ഗതികേട്. നിത്യജീവത്തിന് വക കണ്ടെത്തുക എന്നത് മാത്രമല്ല, കെ എസ് ആർ ടി സി ജീവനക്കാർ ശമ്പളം വൈകുന്നതിലൂടെ നേരിടുന്ന പ്രശ്നങ്ങൾ. വൈദ്യുതി ബിൽ ഉൾപ്പെടെ ബാങ്ക് ലോണും കെ എസ് എഫ് ഇ ചിട്ടിയും സഹിതം സകല തിരിച്ചടവുകളും വരുന്നത് മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിലാണ്. അഞ്ചാം തീയതി ലോൺ അടവ് മുടങ്ങിയാൽ എസ് ബി ഐ ഉൾപ്പെടെ ചെക്ക് ബൗൺസാകുന്നതിന് പ്രത്യേക ചാർജ്ജ് ഈടാക്കും ഇത്തരത്തിൽ ആയിരം രൂപയാണ് തവണ അടവ് മുടങ്ങുന്നത് വഴി കെഎസ്ആർടിസി ജീവനക്കാർക്ക് നഷ്ടമാകുന്നത്.

സിവിൽ സ്കോറിൽ ഏറ്റവും ഒടുവിലെത്തുന്നവരായി കെഎസ്ആർടിസി ജീവനക്കാർ മാറുകയാണ്. ലോൺ യഥാസമയം തിരിച്ചടക്കാൻ ശേഷിയില്ലാത്തവർ എന്നാണ് ഇപ്പോൾ ബാങ്കുകാരും കെഎസ്ആർടിസി ജീവനക്കാരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ഭവന വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ് ഈ ജീവനക്കാർക്ക്.

അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പും ഒപ്പം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും എല്ലാം ഒന്നിന് പിന്നാലെ ഒന്നായി വരുന്ന സാഹചര്യത്തിൽ മുന്നണിക്കകത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. 2016 ൽ 44250 ജീവനക്കാരും 6241 ബസ്സുമായിരുന്നു കെഎസ്ആര്‍ടിസിക്ക്. അതായത് ഒരു ബസിന് ഏഴ് ജീവനക്കാര്‍. 2022 ലെ പുതിയ കണക്ക് പ്രകാരം 26000 ജീവനക്കാരും 5200 ബസുമുണ്ട്. അതിൽ തന്നെ ഷെഡ്യൂൾ ചെയ്യുന്നത് 3400 ബസ്സ് മാത്രം. ജീവനക്കാരുടെ അനുപാതം ബസ് ഒന്നിന് 7.64. ദേശീയ ശരാശരി 5.5 മാത്രമാണ്. പ്രതിദിന വരുമാനം 5.5 കോടി. പ്രതിമാസം ശരാശരി വരുമാനം 165 കോടി. 80 കോടി ശമ്പളത്തിനും 80 കോടി ഡീസലിനും ചെലവ്. സ്പെയർ പാർട്സിനും ഇന്ഷൂറന്സിനും കേസ് നടത്തിപ്പിനും തിരിച്ചടവിനും അടക്കം ഓരോ മാസവും കോടികൾ കടം വാങ്ങേണ്ട അവസ്ഥയാണ്. നിരന്തരമുള്ള സര്‍ക്കാര്‍ സഹായമില്ലെങ്കിൽ എന്നെ അടച്ചു പൂട്ടിയേനെ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് 3200 കോടി സഹായത്തിനൊപ്പം കെഎസ്ആര്‍ടിസിക്ക് രക്ഷാ പാക്കേജും പ്രഖ്യാപിച്ചിരുന്നു. 2017 / 18 സാന്പത്തിക വര്‍ഷത്തോടെ കെഎസ്ആര്ടിസിയെ ലാഭത്തിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. തോമസ് ഐസകിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം സുശീൽഖന്ന റിപ്പോര്‍ട്ടിയായിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്കലും, ഡ്യൂട്ടി പാറ്റേൺ പരിഷ്കാരവും, രാത്രിയാത്രക്ക് അധിക ചര്‍ജ്ജും തിരക്കുള്ള റൂട്ടിൽ ഫ്ലെക്സി നിരക്കും അടക്കം ഒരു പിടി പരിഷ്കാരങ്ങളാണ് സുശീൽ ഖന്ന മുന്നോട്ട് വച്ചിരുന്നത്.

മൂന്ന് മേഖലകളായി തിരിച്ച് മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കുക, ധനം ഹ്യൂമന്‍ റിസോഴ്‌സ് ഓപറേഷന്‍ വിഭാഗങ്ങളില്‍ പ്രഫഷനല്‍ യോഗ്യതയുള്ളവരെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കുക, പുതിയ റൂട്ടുകള്‍ക്ക് ബസ്സുകള്‍ വാടകക്കെടുത്ത് ഓടിക്കുക, ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുക, യാത്രക്കാര്‍ക്ക് ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അറ്റകുറ്റപ്പണികള്‍ക്കായി ബസുകള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്ന പതിവ് അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു. പക്ഷെ ഒന്നും നടപ്പായില്ല. യൂണിയനുകൾ തന്നെ എതിർത്തുവെന്ന് മാനേജ്‌മെന്റ് പറയുന്നു. മാനേജ്‌മെന്റ് പിടിപ്പുകേടെന്ന് യൂണിയനുകളും ആരോപിക്കുന്നു .

കടക്കെണി, കെടുകാര്യസ്ഥത , യൂണിയൻ അതിപ്രസരം, മാനേജ്‌മെന്റ് പിഴവുകൾ തുടങ്ങി കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. പൊതുഗതാഗതം എന്ന ഉത്തരവാദിത്തത്തിൽ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് നിൽക്കുമ്പോൾ പരിഹാരമെന്തെന്ന് ചോദിച്ചാൽ ആര്‍ക്കും തീര്‍ത്തൊരു ഉത്തരവുമില്ല. ഇതിനിടയ്ക്ക് സ്വിഫ്റ്റ് ബസ്സുകളുടെ ലാഭക്കണക്കിനെ സര്‍ക്കാര്‍ അതിരു വിട്ട് പ്രോത്സാഹിപ്പിക്കുന്നതും യൂണിയൻ നേതൃത്വത്തിനിടയിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. മെല്ലെമെല്ലെ പൊതുമേഖലയിൽ നിന്ന് ഗതാഗത മേഖലയെ മാറ്റി സ്വാകാര്യ വത്കരണത്തിന് ശ്രമം നടക്കുകയാണെന്ന ആക്ഷേപം ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close