KERALANEWSTop NewsTrending

‘വീഡിയോയില്‍ വീണാ ജോര്‍ജിന്റെ ഡമ്മിയാകണം; രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ പലതവണ വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചു; നിരസിച്ചപ്പോള്‍ ക്രൂരമായ ആക്രമണവും’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി

കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. വ്യാജ വീഡിയോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു. തന്നെ മോശക്കാരിയായി വാര്‍ത്ത സൃഷ്ടിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു, വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറയുന്നു.

ജോലിക്ക് എത്തുന്നതിന് മുന്‍പ് തന്നെ മന്ത്രിയുടെ നഗ്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് നന്ദകുമാര്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന് ചില രേഖകള്‍ വേണമെന്നും വീഡിയോ നിര്‍മിക്കാന്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇത് നിഷേധിച്ചപ്പോള്‍ ഭീഷണി സന്ദേശമയച്ചു. വാട്‌സാപ്പ് കോളുകള്‍ വഴിയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമെല്ലാം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിയുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ പലവട്ടം പലതവണ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചപ്പോള്‍ ആക്രമണം തുടര്‍ന്നു. നന്ദകുമാറിന്റെ സുഹൃത്തുക്കള്‍ വഴിയും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ‘ക്രൈം’ ഓഫീസില്‍ വെച്ചാണ് കഴിഞ്ഞ മാസം 27ന് നല്‍കിയ പരാതിയില്‍ മൊഴിയെടുത്തത്. മറ്റ് ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി. നിരവധി തൊഴിലാളികള്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. അവരില്‍ നിന്നും പോലീസ് വിവരം ശേഖരിക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുമെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി.നിരന്തരം ഭീഷണിപ്പെടുത്തി, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ക്രൈം നന്ദകുമാറിനെതിരേ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫെയ്‌സ്ബുക്ക് വഴിയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നായിരുന്നു നന്ദകുമറിനെതിരായ കേസ്.

അതേസമയം നേരത്തെ വീണ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് അടുത്തിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ പി.സി.ജോർജും നന്ദകുമാറും ആണെന്ന് ആരോപണം ഉയർന്നിരുന്നു. നന്ദകുമാർ ഇത് നിഷേധിച്ചെങ്കിലും സ്വപ്‍നയെയും ക്രൈം നന്ദകുമാറിനെയും കൊച്ചിയിൽ വച്ച് കണ്ടെന്ന് പിന്നീട് പി.സി.ജോ‍ർജ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായർ സ്വപ്‍നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയും നൽകി.

ക്രൈം നന്ദകുമാറും താനും സ്വപ്‍നയും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ജനപക്ഷം നേതാവ് പി.സി.ജോർജ് പറഞ്ഞത്. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓർക്കുന്നില്ലെന്നും പി.സി.ജോർജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ർജ് വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close