
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി വലിയ സ്യൂട്ട്കേസിലാക്കി കുളത്തിലെറിഞ്ഞ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ മഞ്ജുള (31) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് വിഘ്നേശ് നഗര്‍ സ്വദേശി രാമു (35), സുഹൃത്ത് ബസവനഗൗഡ (38) എന്നിവരാണ് പിടിയിലായത്. ഭക്ഷണമുണ്ടാക്കി നല്‍കാത്തതിന്റെ പേരിലായിരുന്നു കൊല നടന്നത് എന്നാണ് പോലീസ് പറയുന്നത്. ജൂണ്‍ 14-ന് നെലമംഗലയ്ക്ക് സമീപത്തെ കുളത്തിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയംതോന്നിയ വഴിയാത്രക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തുകയും സ്യൂട്ട്കേസ് പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശേധനയിലാണ് സ്യൂട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നീട് യുവതിയുടെ ഫോൺനമ്പർ കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസംമുമ്പ് രാമു നെലമംഗലയിലെത്തിയിരുന്നതായി പോലീസ് മനസ്സിലാക്കുകയായിരുന്നു. രാമുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ കൊലപാതകത്തിൽ ചുരുളഴിയുകയായിരുന്നു.
ജൂണ്‍ 10-നാണ് മഞ്ജുള കൊല്ലപ്പെടുന്നത്. സിനിമ കണ്ടതിനുശേഷം രാത്രി 12-ഓടെ വീട്ടിലെത്തിയ രാമു മഞ്ജുളയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. ഭക്ഷണം ഉണ്ടാക്കി നല്‍കിയതുമില്ല. മഞ്ജുള ഫോണില്‍ സംസാരിച്ചിരുന്നതിനെയും രാമു ചോദ്യംചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ രാമു, മഞ്ജുളയുടെ തലപിടിച്ച് മേശയില്‍ ഇടിച്ചതോടെ ബോധരഹിതയായി നിലത്തുവീണു. രാവിലെയാണ് മഞ്ജുള മരിച്ചെന്ന് രാമുവിന് മനസ്സിലായത്. തുടര്‍ന്ന് മൃതദേഹം വലിപ്പമുള്ള സ്യൂട്ട്കേസിലാക്കി സുഹൃത്തിന്റെ സഹായത്തോടെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഓൺലൈൻ പണമിടപാട് തട്ടിപ്പിൽ വലഞ്ഞ് പൊതുപ്രവർത്തൻ
പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ തട്ടിപ്പിൽ ഇരയാകുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നതായി റിപ്പോേർട്ട്. പത്തനംതിട്ട പഴകുളത്ത് ലോൺ എടുത്ത പൊതുപ്രവർത്തകന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാണ് കമ്പനി ഭീഷണിമുഴക്കിയിരിക്കുന്നത്. പല തവണ സമാന സംഭങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് പോലീസും പറയുന്നത്.
ഒറ്റ ക്ലിക്കിൽ വേഗത്തിൽ പണം എന്ന പരസ്യം കാണുമ്പോഴേ മലയാളികൾ തലവെച്ചുകൊടുക്കുന്ന ഒരു പ്രവണതയാണ് ഇത്തരം സംഭവങ്ങളിൽ കാണാൻ കഴിയുന്നത്. ഇത്തരം തട്ടിപ്പുകളിൽ ആളുകൾ ആകൃഷ്ടരാകാൻ ഒരു കാരണം സാധാരണ ബാങ്ക് നടപടി ക്രമങ്ങളിലെ നൂലാമാലകൾ ഓൺലൈൻ ലോണുകളിൽ ഇല്ല എന്നുള്ളതാണ്. ആധാറും പാൻ കാർഡും ഉണ്ടെങ്കിൽ അത്യാവശ്യക്കാരന് അനായാസം പണം കിട്ടും.
3000 മുതൽ ഒരു ലക്ഷം വരെയാണ് ഓൺലൈൻ ആപ്പുകളുടെ വായ്പാ സേവനം. പക്ഷെ വായ്പ് എടുത്ത പണം തിരിച്ചടക്കാൻ തുടങ്ങുമ്പോഴാണ് സേവനം ‘ആപ്പ്’ ആയി മാറുന്നത്. പത്ത് ദിവസം മുമ്പ് ലോൺബ്രോ, യെസ് ക്യാഷ് എന്നീ ആപ്പുകളിൽ നിന്നാണ് പഴകുളം സ്വദേശി ഷിഹാബുദ്ദീൻ 17,000 രൂപ വായ്പ എടുത്തത്. 15 ദിവസത്തിന് ശേഷം പലിശ അടച്ച് തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പണം കിട്ടി മൂന്നാം ദിവസം 5,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷിഹാബുദ്ദീന്റെ ഫോണിൽ മെസേജ് വന്നു. പണം അടയ്ക്കാതിരുന്നതോടെ ഫോണിലെ കോൺടാക്ട് നമ്പറുകളിലേക്ക് സന്ദേശമെത്തി. അശ്ലീല ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.
ഇത് സംബന്ധിച്ച് അടൂർ സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ ഇന്ത്യക്ക് പുറത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആപ്പുകളുടെ തട്ടിപ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരാണ് പൊലീസ്. മുമ്പ് വ്യാപക തട്ടിപ്പ് നടന്ന സമയത്ത് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജുകൾ വഴി ബോധവത്കരണം നടത്തിയിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് കൂടുതൽ ആളുകളെ ലോൺ ആപ്പുകളുടെ പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്നത്.
തട്ടിപ്പ് രീതി
ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ സൃഷ്ടിച്ച് ആകർഷകമായ വായ്പ തിരിച്ചടവ് നിബന്ധനകൾ സാമൂഹിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി ഇരകളെ കുടുക്കുന്നതായാണ് ഇവരുടെ രീതി. ലോൺ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ലോൺ എടുത്താൽ ഉടൻ തന്നെ വാട്സാപ് മെസേജുകൾ, ഫോൺ കോളുകൾ എന്നിവ തട്ടിപ്പ് സംഘങ്ങളിൽ നിന്നു വരും. നിങ്ങളുടെ ഫോണിൽ നിന്നും വിവരങ്ങൾ കൈക്കലാക്കി വേഗത്തിൽ തിരിച്ചടയ്ക്കുന്നതിന് ഭീഷണിപ്പെടുത്തും. ഭീഷണി ഉപയോഗിച്ച് ഉയർന്ന തുക ഈടാക്കും. ഇല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് ബന്ധുക്കളെയും ഭീഷണിപ്പെടുത്തും.