
തൃശൂർ: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയർന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികൾ പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു ഈ വിലയിരുത്തലുണ്ടായത്.
തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബിൽ ശ്രീലക്ഷ്മിയിൽനിന്നു ശേഖരിച്ച സ്രവ സാംപിൾ പരിശോധന നടത്തി. ഇതിന്റെ ഫലം ഇന്നു ലഭിക്കും. നായയുടെ കടി കൈവിരലുകൾക്കേറ്റതിനാൽ വളരെ വേഗത്തിൽ വൈറസ് തലച്ചോറിലെത്താൻ ഇടയാക്കിയതായും ഉന്നതതലയോഗം വിലയിരുത്തി. പേവിഷബാധ പ്രതിരോധിക്കാൻ ആശുപത്രിയിൽ സ്വീകരിച്ചു വരുന്ന ചികിത്സാ രീതികളും മരണ നിരക്കും പ്രതിപാദിക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് അയച്ചതായും ഡോക്ടർമാർ അറിയിച്ചു.
കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. വളരെ അപൂർവമായി സംഭവിക്കാവുന്ന ദുരന്തമാണ് ശ്രീലക്ഷ്മിയുടെ കാര്യത്തിലുണ്ടായതെന്നു ഡോക്ടർമാർ പറയുന്നു. ചില മരുന്നുകൾ ചിലരിൽ ഫലിക്കാതെ വരാം. ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നതിനിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറും കുത്തിവയ്പെടുത്തു തുടങ്ങി.
എന്താണ് പേ വിഷബാധ അഥവാ റാബിസ് (rabies)?
റാബിസ് വൈറസ് ആണ് പ്രശ്നക്കാരൻ. മനുഷ്യനിൽ അസുഖം വരുന്നത് രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പൽ വഴി ആണ്. കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോഴോ രോഗം പകരാം. അസുഖം തലച്ചോറിനെ ആണ് ബാധിക്കുന്നത്. മുറിവിൽ നിന്ന് രോഗാണുക്കൾ നാഡികൾ വഴി തലച്ചോറിൽ എത്തുമ്പോഴാണ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ അസുഖം ചികിൽസിച്ചു ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകമാനം വളരെ കുറച്ചു ആളുകളെ അങ്ങനെ രക്ഷപെട്ടിട്ടുള്ളൂ.
ഏതൊക്കെ മൃഗങ്ങൾക്ക് റാബീസ് പരത്താൻ പറ്റും ?
പട്ടിയാണ് പ്രധാന വില്ലൻ, 90 ശതമാനം ആളുകൾക്കും അസുഖം പകരുന്നത് പട്ടിയിൽ നിന്നാണ്. പിന്നെ പൂച്ച, വളർത്തു മൃഗങ്ങൾ, വന്യ ജീവികൾ ഒക്കെ അസുഖം പരത്താൻ കഴിവുള്ളവരാണ്. വീട്ടിലെ എലി, അണ്ണാൻ തുടങ്ങിയവ സാധാരണ പ്രശ്നക്കാരല്ല. ചിലതരം വാവലുകൾ അസുഖം പരത്താറുണ്ട് .
അസുഖം എങ്ങനെയൊക്കെ പകരാം ?
പ്രധാനമായും കടിയിലൂടെ ആണ് പകരുന്നത്. പല്ലുകൊണ്ടു തൊലിയിൽ പോറൽ ഉണ്ടായാലും ശ്രദ്ധിക്കണം, മുറിവുള്ള തൊലിയിൽ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് തിയറിപരമായി അസുഖം പകരാം എങ്കിലും അങ്ങനെ സംഭവിച്ച അവസരങ്ങൾ വിരളം ആണ്. പൂച്ചയും പട്ടിയും ഒഴിച്ചുള്ള മറ്റേതു മൃഗത്തിന്റെ കടിയോ, നക്കലോ വളരെ പ്രാധാന്യത്തോടെ കാണണം .
കടിച്ചാൽ എന്തു ചെയ്യണം ?
വീണ്ടും കടി ഏൽക്കാതെ നോക്കണം, പറ്റുമെങ്കിൽ മൃഗത്തെ എവിടെയെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ, ഉണ്ടാവുന്ന മുറിവുകളെ, പ്രതിരോധ മരുന്നും മറ്റു ചികിത്സയും നൽകാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.
∙ കാറ്റഗറി 1: No exposure – മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റർജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട.
∙ കാറ്റഗറി 2: Minor exposure – തൊലിപ്പുറത്തു ഉള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവയ്പ്പ് വേണം
∙ കാറ്റഗറി 3: Severe exposure – മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക – മുറിവ് മുൻപറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവിൽ എടുക്കുന്ന Anti rabies immunoglobulin ഉം ഒപ്പം പ്രതിരോധ കുത്തിവയ്പ്പും ഉടൻ തുടങ്ങണം.
പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികിൽസിക്കാൻ. കരണ്ടുതിന്നുന്ന സസ്തനികൾ ആയ വീട്ടെലി, അണ്ണാൻ, മുയൽ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല . മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാൽ മാത്രം മതിയാകും.
മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകൾ വേഗം തലച്ചോറിലേക്ക് പകരാൻ സാധ്യത ഉള്ളതിനാൽ ആണിത്. അതുകൊണ്ടുതന്നെ കാലതാമസം ഇല്ലാതെ ചികിത്സ നല്കണം.