
കുമ്പളങ്ങി വീണ്ടും ആ പഴയ ഭംഗിയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. നഗരത്തിരക്കിൽ നിന്ന് മാറി ഗ്രാമീണ സൗന്ദര്യം ആഗ്രഹിക്കുന്നവരെയാണ് മാതൃകാ വിനോദ സഞ്ചാര ഗ്രാമമെന്ന വിളിപ്പേരു നേടിയ കുമ്പളങ്ങി മാടി വിളിക്കുന്നത്. കായലിനോടു ചേർന്നുള്ള കല്ലഞ്ചേരി ചാലിൽ പെഡൽ ബോട്ടുകൾ കൂടി എത്തിയതോടെ കുട്ടികൾക്കും ബോട്ടിങ് ആഗ്രഹിക്കുന്നവർക്കും സന്ദർശനത്തിനുള്ള മികച്ച കേന്ദ്രമായി മാറിയിരിക്കുകയാണ് കുമ്പളങ്ങി.

കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു കൂടുതൽ സംവിധാനങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. മനോഹരമായ കണ്ടൽ കാടുകളും വ്യക്തമായി ദർശിക്കാവുന്ന സൂര്യാസ്തമയവും ഒപ്പം ബോട്ടിങ്ങുമാണ് കുമ്പളങ്ങിയെ കൂടുതൽ ആകർഷകമാക്കുന്നത്. ചൂണ്ടയിടാന് താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികൾക്കാണ് വിനോദ സംവിധാനങ്ങൾക്കുള്ള പരിപാലന ചുമതല പഞ്ചായത്ത് ഏൽപിച്ചിരിക്കുന്നത്.

ബോട്ടു യാത്രയ്ക്കു മണിക്കൂറിൽ ഒരാൾക്ക് 50 രൂപയാണ് ഈടാക്കുന്ന നിരക്ക്. രണ്ടു പേർക്കു സഞ്ചരിക്കാവുന്നതും നാലു പേർക്കു സഞ്ചരിക്കാവുന്നതുമായ ബോട്ടുകളും ഉപയോഗിക്കുന്നുണ്ട്. 40 ഏക്കറോളം വിസ്താരമുള്ള ചാലിൽ അരികുകളിലായി സ്വാഭാവിക കണ്ടൽ മരങ്ങളുണ്ട്. വൈകുന്നേരങ്ങളെ മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർ ഇടയ്ക്കെങ്കിലും എത്തണമെന്നു ഇവിടം സന്ദർശിച്ചിട്ടുള്ളവരും പറയുന്നു.

രാവിലെ 11 മുതൽ വൈകീട്ട് ആറു വരെയാണ് ബോട്ടിങ് ഉണ്ടാകുക. കല്ലഞ്ചേരി ചാലിനോട് അനുബന്ധിച്ചുള്ള പ്രദേശത്തു കൂടുതൽ ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് പ്രാദേശിക ഭരണകൂടത്തിന്റെ ശ്രമം. ചുറ്റുമുള്ള പരിസരങ്ങളെ മനോഹരമാക്കാൻ പൂന്തോട്ടം ഉൾപ്പടെ നിർമിക്കുന്നതിനു പദ്ധതി തയാറാകുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ കല്ലഞ്ചേരി പ്രദേശത്തെ മാറ്റുക എന്നതാണ് ലക്ഷ്യം.

കുമ്പളങ്ങി ടൂറിസം മേഖലയിയുടെ വളർച്ചയ്ക്കായി വിവിധ പദ്ധതികളാണ് ഇതിനകം നടപ്പാക്കിയിട്ടുള്ളത്. ലഭ്യമായ വിഭവങ്ങളെ പൊതുജന പങ്കാളിത്തത്തോടു കൂടി വികസിപ്പിക്കുക വഴി പ്രദേശവാസികൾക്കും വരുമാന സാധ്യത സൃഷ്ടിക്കുന്നുണ്ട്. കുമ്പളങ്ങിയുടെ ഗ്രാമീണ ഭംഗി രാജ്യാന്തര തലത്തിൽ എത്തിക്കുന്നതിനായി ടൂറിസം വകുപ്പുമായി സഹകരിച്ചു കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം.
