
ന്യൂഡെൽഹി: ഇൻഡ്യൻ ചലചിത്രകാരി ലീന മണിമേഖലാ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പോസ്റ്റർ വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. പോസ്റ്ററിൽ കാളി ദേവിയെ മോശമായി ചിത്രീകരിച്ച് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതായാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

ലീന അടുത്തിടെ തന്റെ ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഡോക്യുമെന്ററിയുടെ പോസ്റ്റർ ‘കാനഡ ഫിലിം ഫെസ്റ്റിവലിൽ’ (റിഥംസ് ഓഫ് കാനഡ) പുറത്തിറക്കിയതിനാൽ താൻ വളരെ ആവേശത്തിലാണെന്നും അവർ പറഞ്ഞിരുന്നു. ഈ പോസ്റ്ററിൽ, കാളി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്നു, ഒപ്പം കാളിയുടെ വേഷത്തിലുള്ള അഭിനേതാവിന്റെ ഒരു കൈയിൽ ത്രിശൂലവും, ഒരു കൈയിൽ എൽജിബിടിക്യു സമൂഹത്തിന്റെ അഭിമാന പതാകയും കാണാം. ദേവിയെ മോശമായി ചിത്രീകരിച്ച് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ഉപയോക്താക്കൾ ആരോപിച്ചു. പോസ്റ്റർ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ‘അറസ്റ്റ് ലീനാമണിമേകലൈ’ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡായി.

‘എല്ലാ ദിവസവും ഹിന്ദുമതത്തിന്റെ വികാരങ്ങൾ വ്രണപ്പെടുന്നു. അവർ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നു’, ഒരു ഉപയോക്താവ് ട്വിറ്ററിൽ എഴുതി. അമിത് ഷായെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്ത് പോസ്റ്ററിനും സിനിമാ നിർമാതാവിനുമെതിരെ നടപടി വേണമെന്നും ഒരു ഉപയോക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മതങ്ങളിലെ ദൈവങ്ങളെ ഇങ്ങനെ പുകവലിക്കുന്നത് കാണിക്കാമോ എന്ന് ചില ഉപയോക്താക്കൾ കുറിച്ചു. അതിനിടെ ചിത്രത്തിനും പോസ്റ്ററിനുമെതിരെ ഗോ മഹാസഭ നേതാവ് അജയ് ഗൗതം ഡെൽഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി അയച്ചു.