‘ഇവളാണ് ഞങ്ങ പറഞ്ഞ സിങ്കപ്പെണ്ണ്’; ഫുട്ബോള്‍ ആരാധകരുടെ മനം കവര്‍ന്ന് ഒരു മലയാളി പെണ്‍കുട്ടി; വീഡിയോ കാണാം..

മലയാളികളുടെ ആവേശമാണ് ഫുട്ബോൾ. ആണ് പെണ് വ്യത്യാസമില്ലാതെ ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ. കാല്പന്തിനോടുള്ള ഇഷ്ടത്തില്‍ നിരവധി പെണ്‍കുട്ടികളും ഇന്ന് കളിക്കളത്തിൽ നിറഞ്ഞാടാറുണ്ട്. ഇപ്പോഴിതാ, അങ്ങനെയൊരു കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫുട്ബോളിലെ തന്റെ കഴിവുകൊണ്ട് ആരാധകരെ അമ്പരപ്പിച്ച് കോട്ടയത്തുനിന്നുള്ള ഒരു പെണ്‍കുട്ടി. ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചാണ് അവള് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.
നാട്ടിന്‍പുറത്തെ ഗ്രൗണ്ടില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുകയാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ ഫ്രീസ്റ്റൈല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. കൂടെ കളിക്കുന്ന ആണ്‍കുട്ടികളില്‍ നിന്ന് പന്ത് അനായാസം തട്ടിയെടുത്ത് അവള് മുന്നേറുന്ന കാഴ്ച്ച വീഡിയോയില്‍ കാണാം.നിമിഷനേരത്തിനുള്ളില്‍ ഇത് ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. ‘നിങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ച്ച’ എന്ന കുറിപ്പോടെയാണ് ഐഎസ്എല്‍ പേജ് വീഡിയോ പങ്കുവെച്ചത്.
ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയും ചെയ്തു. പെണ്സിംഹമെന്നും സിങ്കപ്പെണ്ണെന്നുമാണ് അവളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.