INSIGHTNEWSTop NewsTrending

കാലത്തിനു മുമ്പേ നടന്ന കർമ്മയോഗി; വൈമാനികനാകാൻ കൊതിച്ച് ഒടുവിൽ സർവ്വസൈന്യാധിപനിലേക്ക്; ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ അഗ്നിചിറകുകളുടെ കഥ

അഗ്നിചിറകുകളിലേറി പറക്കാൻ ആത്മവിശ്വാസം തരുന്ന ജീവിതം. ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നമെന്ന് പഠിപ്പിച്ചുതന്ന മഹാ ശാസ്ത്രജ്ഞൻ..ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീർഘവീക്ഷണമുള്ള രാഷ്ട്രപതി.. ഡോ.എ.പി.ജെ അബ്ദുൽ കലാം..വിശേഷണങ്ങൾ അനവധിയാണ് അദ്ദേഹത്തിന്..ആ പ്രതിഭാ സമ്പന്നൻ ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം.ഇന്ത്യൻ ജനതയുടെ മനസ്സിൽ ഡോ.എ പി ജെ അബ്ദുൽ കലാം എന്നും ഒരുപടി മുമ്പിലാണ്. അദ്ദേഹം ഇന്ത്യയ്ക്ക് കേവലം ഒരു വ്യക്തിയല്ല,വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഊർജ്ജപ്രവാഹമാണ്. ആ ജീവിതം ഇന്ത്യൻ ജനതയ്ക്കുള്ള പാഠപുസ്തകവും.

1932 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹം ജനിക്കുന്നത്. ഇടത്തരം കുടുംബത്തിൽ ജെെനുലാബ്‌ദീൻ ആഷിയമ്മ ദമ്പതികളുടെ ഇളയ മകനായി പിറന്നു വീണു. കലാമിന്റെ കുടുംബം സാമ്പത്തികമായി പരാധീനതയിലായിരുന്നു. പക്ഷെ രാമേശ്വരം എന്ന ക്ഷേത്രനഗരം കലാം എന്ന കുട്ടിയെ വളർത്തിയെടുത്തതിൽ വലിയ പങ്ക് വഹിച്ചു. കലാമിന്റെ എഴുത്തിലും വാക്കിലുമെല്ലാം രാമേശ്വരവും മതമൈത്രിയും നിറഞ്ഞു നിന്നു. വീട്ടുകാരെ സഹായിക്കാൻ രാവിലെ പത്രവിതരണം നടത്തിയും മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തുമിരുന്ന് പഠിച്ചു വളർന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാമേശ്വരം ദ്വീപിന്റെ ചുറ്റുവട്ടം വിട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലലോകത്തേയ്ക്ക് കലാം കാലെടുത്തു വെച്ചു. തിരുചിറപ്പളളി സെന്റ് ജോസഫ് കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ കലാം പിന്നീട് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയ്ക്ക് ആണ് പോയത്.ആകാശത്തെ കീഴടക്കാൻ ഒള്ള കഴിവ് നേടാൻ എയറോനോറ്റിക്കൽ എഞ്ചിനീയറിംഗ് ആണ് കലാം തിരഞ്ഞെടുത്തത്. കഴിവുള്ള കുറെ അധ്യാപകർ കലാം എന്ന ശാസ്ത്രജ്ഞനെ അവിടെ വാർത്തെടുക്കുകയായിരുന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠനം പൂർത്തിയാക്കിയിറങ്ങിയ കലാമിന് ഒരെറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ഭാരതീയ വ്യോമസേനയുടെ ചിറകുകളിലേറി ആകാശത്തെ കീഴടക്കാൻ ആയിരുന്നു യുവ കലാമിന്റെ മോഹം.

വ്യോമസേനയുടെ പരീക്ഷയ്ക്കായി ഡെറാഡൂണിൽ കലാം എത്തിയത് ദില്ലി വഴിയായിരുന്നു.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻസിന്റെ അഭിമുഖ പരീക്ഷക്കായിട്ടാണ് കലാം ഡെറാഡൂൺ യാത്ര ദില്ലി വഴിയാക്കിയത്. ലക്ഷ്യം ഡെറാഡൂൺ ആയതിനാൽ ദില്ലി ഇടത്താവളം മാത്രമായി. ഡി. റ്റി .ഡി പി യിലെ ഇന്റർവ്യൂ കഴിഞ്ഞ് ഡെറാഡൂണിലെത്തിയ കലാമിനെ കാത്തിരുന്നത് വലിയ ദൗർഭാഗ്യമായിരുന്നു. എട്ട് പേരെ വൈമാനികരായി സേന തിരഞ്ഞെടുത്തപ്പോൾ ഒൻപതാമനായ കലാം പുറത്തായി. പറക്കാൻ കൊതിച്ച ചിറകുകൾ കരിഞ്ഞ് കലാം എന്ന യുവാവ് എടുത്തെറിയപ്പെട്ടത് ഗംഗ എന്ന തീരത്തേയ്ക്കാണ്. ഋഷികേശിൽ എത്തി ഗംഗയിൽ കുളിച്ചു കയറിയ കലാം നേരെ നടന്ന് ചെന്നത് സ്വാമി ശിവാനന്ദയുടെ ആശ്രമത്തിലേക്ക്. ഇന്ത്യ എന്ന ഭൂഖണ്ഡത്തെ ഗംഗ എന്ന മഹാനദി എങ്ങനെ ഉർവരയാക്കിയോ അങ്ങനെ ആയിരുന്നു കലാമിന് ആ കൂടിക്കാഴ്ച. കലാമിന് മുന്നിൽ ഗീതയിലെ വിശ്വരൂപ ദർശനം തുറന്നുവെച്ച സ്വാമി ശിവാനന്ദ കരിഞ്ഞുപോയ സ്വപ്നച്ചിറകുകളുടെ സ്ഥാനത്ത് വിത്ത് പാകി നൽകി. ലോകമിന്ന് അറിയപ്പെടുന്ന അബ്ദുൽ കലാം എന്ന മനുഷ്യൻ അവിടെ നിന്നാണ് യാത്ര തുടങ്ങിയത്.

തുമ്പയിലെ പള്ളിമുറ്റത്ത് നിന്ന് പിറന്നുവീണ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ

ആദ്യം പ്രതിരോധ ഗവേഷണ രംഗത്തേക്കായിരുന്നു അദ്ദേഹത്തിന്റെ ചുവടുവെപ്പ്. ​ഇന്ത്യ ബഹിരാകാശ രം​ഗത്ത് കാലെടുത്തു വെയ്ക്കാൻ തീരുമാനിച്ച അന്ന് മുതൽ ആ സംഘത്തിൽ അംഗമായി. വിക്രം സാരാഭായിയുടെ ശിക്ഷണത്തിൽ വളർന്ന സാങ്കേതിക വിദഗ്ധരിൽ ഒന്നാമൻ ആയിരുന്നു കലാം . അങ്ങനെ കേരളത്തിലെ മുക്കുവ ഗ്രാമമായ തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായപ്പോൾ കലാം അവിടേക്കെത്തി.ഇന്ത്യയിൽ റോക്കറ്റിന്റെ തുടക്കം കാളവണ്ടിയിലും സൈക്കിളിലുമായി. അവിടെ ഇരുമ്പുകഷങ്ങൾ അടിച്ചുപരത്തിയും കൂട്ടിച്ചേർത്തുമെല്ലാം പണിയെടുക്കുന്ന കുറെ പണിക്കാരായി ഇന്ത്യൻ ശാസ്ത്രജ്ഞർ.

തുമ്പയിലെ പള്ളിമുറ്റത്തിരുന്ന് അവർ പണിതെടുത്ത തറയിൽ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ പിറന്നുവീണു. കലാമിന്റെ നേതൃപാടവും വീക്ഷണവും പ്രകടമായി കണ്ടത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ വാഹനമായ എസ്‌.എൽ.വി മൂന്നിന്റെ പരീക്ഷണങ്ങളിൽ ആയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന സൗണ്ടിങ് റോക്കറ്റുകൾ പറത്തുന്നതിൽ നിന്ന് ഇന്ത്യ സ്വന്തം ബഹിരാകാശ വാഹനത്തിലേക്ക് കലാമിന്റെ നേതൃത്വത്തിൽ ചുവടുമാറ്റം നടത്തി. അങ്ങനെ ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ പദ്ധതികൾ ഉണ്ടായി. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പി.എസ്‌.എൽ വി യുടെ വികസനത്തിലും ആദ്യ ഉപഗ്രഹമായ രോഹിണിയുടെ വിക്ഷേപണത്തിലും കലാം പങ്കുവെച്ചു.

കലാം എന്ന മനുഷ്യൻ തിരുവനന്തപുരത്തിന്റെ തെരുവീഥികളിലൂടെ ഒരു സാധരണക്കാരനെ പോലെ ഒരുപാട് കാലം നടന്നു. കൂടെയുള്ളവരുടെ കഴിവ് മനസ്സിലാക്കി അവർക്ക് പ്രചോദനം നൽകി എന്നതാണ് ആ മനുഷ്യന്റെ പ്രത്യേകത. തന്റെ അറിവുകളെല്ലാം കൂടെയുള്ളവർക്കും പകുത്തുനൽകി.പരാജയങ്ങളെ സ്വന്തം അക്കൗണ്ടിൽ ചേർത്തു.വിക്രം സാരാഭായിയുടെ അതേ പാതയാണ് കലാമും പിന്തുടർന്നത്. ഇരുപത് വർഷത്തെ ഐ എസ്‌ ആർ ഒ യിലെ സേവനത്തിനു ശേഷം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ. ഡി. ഒ യിലേക്കുള്ള കലാമിന്റെ മാറ്റം രാജ്യത്തിന്റെ അനിവാര്യതയായിരുന്നു. ഇന്ത്യയുടെ ആത്‌മാഭിമാനം വാനോളം എത്തിയ നിമിഷങ്ങൾ ആയിരുന്നു തുടർന്നുള്ള കാലം. ബഹീരാകാശ ശാസ്ത്രജ്ഞൻ, ഇന്ത്യൻ മിസൈൽ മനുഷ്യൻ ഇന്ത്യൻ ശാസ്ത്ര രംഗത്തു ഒരു മൂന്നാം മുഖം കൂടി കലാം എന്ന ഈ ചെറിയ മനുഷ്യനുണ്ട്.

വൈമാനികനാവാൻ കൊതിച്ചു ഒടുവിൽ സർവ്വസൈനാധിപനിലേക്ക്

ഇന്ത്യ എന്നത് കേവലം ഒരു മൂന്നാം ലോകരാഷ്ട്രം അല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയത്തിൽ നിർണ്ണായകമായ ഒരു പങ്ക് കലാമും വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ഇന്ത്യ എല്ലാ അർത്ഥത്തിലും കരുത് നേടണം എന്നതായിരുന്നു ആ മനുഷ്യന്റെ വീക്ഷണം, അതിനു വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെ. യാതൊരു രാഷ്ട്രീയ ചരിത്രവും ഇല്ലാതിരുന്ന എ.പി.ജെ അബ്ദുൽ കലാം 2022 ലാണ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി. ഹിന്ദു ദേശീയതയെ അത്രയും തീവ്രമായി പുൽകിയവർക്ക് പോലും അബ്ദുൽ കലാം എന്ന മുസൽമാന്റെ രാജ്യസ്നേഹത്തിൽ തരിമ്പ് സംശയം ഉണ്ടായില്ല. ജനകീയനായ രാഷ്ട്രപതി എന്ന് ജനങ്ങൾ അദ്ദേഹത്തെ വാഴ്ത്തി. വൈമാനികനാവാൻ കൊതിച്ചു ഒടുവിൽ സർവ്വസൈനാധിപനായി മാറി.

കുഞ്ഞുങ്ങളോട് സംസാരിക്കുക എന്നതായിരുന്നു എന്നും കലാമിന്റെ ഇഷ്ടവിനോദം.രാഷ്ട്രപതി പദത്തിൽ ഇരുന്നപ്പോഴും അതിൽ നിന്ന് ഇറങ്ങിയപ്പോഴും അദ്ദേഹം അത് തുടർന്നു.ചെറിയ സ്വപ്‌നങ്ങൾ വലിയ തെറ്റ് ആണെന്ന് ആണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചത്.വലിയ സ്വപ്നങ്ങളുടെ വാതിൽ കടക്കാൻ അദ്ദേഹം കുട്ടികളെ പ്രേരിപ്പിച്ചു.അറിവ് സമ്പാദിക്കുക മാത്രമല്ല അടുത്ത തലമുറയിലേക്കും അത് പകർന്നു.തന്റെ ശ്വാസത്തിന്റെ അവസാന കണികയും അദ്ദേഹം പുതുതലമുറക്കായി സമർപ്പിച്ചിരിക്കുന്നു.’അഗ്നിച്ചിറക്’ വീശി അറിവിന്റെ ലോകത്തേയ്ക്ക് പറന്നുപോയ ആ മനുഷ്യൻ ഇനിയും കാലത്തിനും അപ്പുറത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close