ശ്രീരാമ രാമ രാമ.. ശ്രീരാമചന്ദ്ര ജയ, ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ..; രാമപഥത്തിൽ ഇന്ന് ആരണ്യകാണ്ഡം അഞ്ചാം ഭാഗം; വീഡിയോ കാണാം..

രാമായണ ശീലുകളുടെ പുണ്യം പേറുന്ന കർക്കിടകമാസത്തിലെ 19-ാം ദിനം. വീടുകളില്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ രാമപഥത്തിൽ ഇന്ന് ആരണ്യകാണ്ഡമാണ് പാരായണം ചെയ്യുന്നത്. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണം മുന്നോട്ട് വെക്കിന്നത്.
ബ്രഹ്മാവിന്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.
രാമായണ പാരായണത്തിന്റെ ചിട്ടകള്‍
രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം രാമായണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. കേടുപാടുകളില്ലാത്ത രാമായണമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്.
പരിശുദ്ധമായ പീഠത്തിലോ, ഉയര്‍ന്ന സ്ഥലത്തോ ആയിരിക്കണം രാമായണം വയ്ക്കേണ്ടത് . തറയില്‍ വയ്ക്കാല്‍ പാടില്ല. ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ച് ശേഷമായിരിക്കണം പാരായണം ചെയ്യേണ്ടത്. വടക്കോട്ട് ഇരുന്നായിരിക്കണം രാമായണ പാരായണം നടത്തേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. ഈ സമയം മനസ് ഏകാഗ്രമാക്കണം.
”ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍”
ആരണ്യകാണ്ഡം അഞ്ചാം ഭാഗം
ഏതു വിധേനയും സീതയെ സ്വന്തമാക്കാൻ രാവണൻ തീർച്ചപ്പെടുത്തി. രാവണൻ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാൽ മരിക്കുന്നതിലും ശ്രേഷ്ഠം ധർമ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചൻ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു.
പഞ്ചവടിയിൽ എത്തിച്ചേർന്ന മാരീചൻ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാർന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. മായാമാനിൽ ലക്ഷ്മണൻ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാമൻ , ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാൻ രാമനെ പർണശാലയിൽ നിന്നു ദൂരെ അകറ്റി. ഒടുവിൽ രാമൻ, മാൻ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചൻ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തിൽ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു. അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടൻ തന്നെ പുറപ്പെടാൻ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണൻ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കുത്തുവാക്കുകൾ സീത പറയുന്നു. ഒടുവിൽ സീത ആത്മഹത്യ ഭീഷണി കൂടെ മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ രാമനെ തിരഞ്ഞു പോയി.
ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണൻ ഒരു മുനിയുടെ വേഷത്തിൽ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു . ഭിക്ഷ നല്‍കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താൻ ആരെന്നു രാവണൻ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി.