KERALANEWSTop News

സ്വർണ്ണ വ്യാപാരിയുടെ ഡ്രൈവറെയടക്കം കാർ തട്ടിക്കൊണ്ടുപോയ കേസ്; 15 ലക്ഷം രൂപ കൂടി പോലീസ് കണ്ടെടുത്തു

കാസർഗോഡ്: സ്വർണവ്യാപാരിയുടെ കാറിൽ നിന്നും 65 ലക്ഷം രൂപ കവർന്ന സംഭവത്തിൽ 15 ലക്ഷം രൂപ കൂടി പോലീസ് കണ്ടെടുത്തു. കേസിൽ അറസ്റ്റിൽ ആയ തൃശ്ശൂർ സ്വദേശി ബിനോയിയുടെ വീട്ടിൽ നിന്ന് അടക്കമാണ് പണം കണ്ടെത്തിയത്. നിലവിൽ ആകെ 21 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മൂന്നുപേരെയാണ് പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലാകാനുള്ള പ്രതി എഡ്വിന്‍റെ വീട്ടില്‍ നിന്ന് നേരത്തെ ഏഴര ലക്ഷം രൂപ പോലീസ് പിടികൂടിയിരുന്നു. ബാക്കി പണം ആരുടെയൊക്കെ കൈയിലുണ്ടെന്നുള്ള അന്വേഷണത്തിലാണിപ്പോള്‍. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ, സാന്‍ട്രോ എന്നീ കാറുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഒരു ടവേറ കാര്‍ പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം 22നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കൈലാസിന്‍റെ പണമാണ് സംഘം തട്ടിയെടുത്തത്. മൊഗ്രാല്‍പുത്തൂരില്‍ സ്വർണ്ണ വ്യാപാരിയുടെ ഇന്നോവ കാര്‍, ഡ്രൈവറയടക്കം തട്ടിക്കൊണ്ട് പോയി 65 ലക്ഷം രൂപ കവര്‍ന്നത്. 65 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയെങ്കിലും രണ്ടരക്കോടിയെങ്കിലും തട്ടിയെടുത്തെന്നാണ് പോലീസ് നിഗമനം. മംഗലാപുരത്ത് നിന്ന് തലശ്ശേരിലേക്ക് പണവുമായി പോകുന്ന വഴിയായിരുന്നു കവർച്ച. വയനാട് നടവയല്‍ സ്വദേശി അഖില്‍ ടോമി, പുല്‍പ്പള്ളി സ്വദേശി അനു ഷാജു, തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ് സി ബേബി എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ ബിനോയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പത്തുലക്ഷത്തോളം രൂപ കണ്ടെടുത്തത്.

പ്രതികളെ മൂന്നു പേരെയും തൃശ്ശൂരിൽ വെച്ചാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പയ്യന്നൂർ കാങ്കോലിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് തട്ടിക്കൊണ്ട് പോയ ഇന്നോവ കാറിൽ നിന്ന് പണമടങ്ങിയ ബാഗുകൾ മാറ്റുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷണസംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. ഇനിയും പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെല്ലാം സംസ്ഥാനം വിട്ടതായാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close